അവൻ ഒടുവിൽ പോസ്റ്റ്
ചെയ്ത ഫോട്ടോയിൽ ചിരി
തിങ്ങിനിറഞ്ഞു
നിൽപ്പുണ്ടായിരുന്നു.
ക്യാപ്ഷനിൽ വലിയൊരു
തത്ത്വചിന്തയും:
“മനുഷ്യർ മരിച്ചുപോകുന്നത്
ശ്വാസം നിലയ്ക്കുമ്പോഴല്ല,
മറ്റുള്ളവരുടെ ഓർമ്മകളിൽ നിന്ന്
മാഞ്ഞുപോകുമ്പോഴാണെന്ന്.”
പക്ഷേ, ആ പ്രൊഫൈൽ
ചിത്രത്തിന് പിന്നിൽ
അവൻ ഒളിപ്പിച്ചു വെച്ച
നിശബ്ദമായ കണ്ണീര്
അന്ന് ആരും ആ കമന്റ്
ബോക്സിൽ കണ്ടില്ല.
അവന്റെ ഓരോ വരികൾക്കും
നൂറുകണക്കിന് ലൈക്കുകൾ
വാരിക്കോരി നൽകിയവർ,
ഓരോ തമാശകൾക്കും
ചിരിക്കുന്ന
ഇമോജികൾ കൊണ്ട്
മതിൽ കെട്ടിയവർ…
അവൻ ഉള്ളുകൊണ്ട്
ഒറ്റപ്പെട്ടുപോയ
ആ അർദ്ധരാത്രികളിൽ
ഒരു മെസ്സേജ് അയച്ചു
ചോദിക്കാൻ
ആരുമുണ്ടായിരുന്നില്ല,
​”ഡാ, നിനക്കെന്താ പറ്റിയത്?”
അവൻ കടം വാങ്ങിയ
സന്തോഷങ്ങളൊക്കെ
മറ്റുള്ളവർക്ക് വീതിച്ചു
നൽകുകയായിരുന്നു.
തന്റെ ഉള്ളിലെ കടലിന്റെ
ഇരമ്പൽ മറ്റാരും
കേൾക്കാതിരിക്കാൻ
അവൻ ഉറക്കമില്ലാത്ത
രാവുകളിൽ കവിതകൾ
കൊണ്ടൊരു കോട്ടകെട്ടി.
ഒടുവിലൊരു നേരം,
ലോകം മുഴുവൻ
ഉറങ്ങിക്കിടക്കുമ്പോൾ,
ബഹളമില്ലാത്ത
ഏതോ ഒരു ശാന്തമായ
വഴിയിലൂടെ അവൻ ആരോടും
പറയാതെ ഇറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ അവന്റെ
ഫേസ്ബുക്ക് ഭിത്തിയിൽ
ആദരാഞ്ജലികളുടെ
പ്രവാഹമായിരുന്നു.
“പ്രിയ സുഹൃത്തേ,
വിശ്വസിക്കാനാവുന്നില്ല”,
“നീ ഞങ്ങളെ വിട്ടുപോയോ?”,
കൂടെ ചുവന്ന പൂക്കളുടെയും
കരയുന്ന ഇമോജികളുടെയും
പെരുമഴ.
ജീവച്ചിരുന്നപ്പോൾ
അവൻ അയച്ച മെസ്സേജുകൾ
കണ്ടില്ലെന്ന് നടിച്ചവർ
ഇന്നവന്റെ പഴയ പോസ്റ്റുകൾ
തിരഞ്ഞുപിടിച്ച്
ഷെയർ ചെയ്യുന്നു.
ഇല്ല,നമ്മളാരും അവനെ
സ്നേഹിച്ചിരുന്നില്ല,
നമ്മൾ സ്നേഹിച്ചത്
അവന്റെ അക്കൗണ്ടിലെ
അക്ഷരങ്ങളെ മാത്രമായിരുന്നു.
ഇന്നവന്റെ പ്രൊഫൈൽ ഒരു
ഓർമ്മപ്പുസ്തകമാണ്.
അവൻ ഇനി ഒരിക്കലും പോസ്റ്റ്
ചെയ്യില്ലെന്ന് ഉറപ്പുള്ള
ആ ഡിജിറ്റൽ ലോകത്ത്,
അവന്റെ പേരിന് നേരെ ഇപ്പോഴും
ഞാൻ വെറുതെ കുറിക്കാറുണ്ട്:
​”ചെറിയൊരു വിഷമം
തോന്നുമ്പോൾ അതൊന്ന്
തുറന്നു പറയാൻ
ഒരു സുഹൃത്തുപോലും
നിനക്കീ ആയിരക്കണക്കിന്
ഫ്രണ്ട്സുകൾക്കിടയിൽ
ഉണ്ടായിരുന്നില്ലേടാ മച്ചാനേ…?”

By ivayana

Leave a Reply

Your email address will not be published. Required fields are marked *