ശൗരിതൻനയന,മതേ ഗാത്ര-
മത്രമേൽസൗമ്യം ശുഭസ്മിതരൂപം തേജോമയം
ആരിതെൻ മുന്നിൽനിൽക്കുന്നതാ,
മീ- മഹാതേജസ്വി കൈകൂപ്പിനിൽപ്പിതേൻ സാദരം.
ഹേമവർണ്ണംപോൽ നിറഞ്ഞൂ പ്രഭ-യതിൻ
മീതെയായേനറിഞ്ഞിന്നു തിരുഹിതം
വീണുപോയ് ചരണാംബുരൂഹ യുഗ്മത്തിലേൻ
അറിയാതെ തൽക്ഷണം മന്ദം വിടർന്നകം.
വിധിശാസനാൽ വന്നരികിലായ് നിന്നതോ,
മമ മുക്ത സംഭ്രമ മന:ചഞ്ചലത്തിനോ
തത്ര തവചാരെ ചിരിതൂകിയെത്രപേർ
കൃത്യമായർത്ഥിച്ചിതേൻ പരിപാഹിമാം.
അനന്തരം മൃദുമന്ദഹാസം വിടർന്നുടൻ
തൃക്കൈകൾ മൂർദ്ധാവിൽവച്ചൂ ഗദാഗ്രജൻ
ഹൃദയ പരിതാപവു,മൊന്നായ് ശമിച്ചുടൻ
ഗുരുചരണപത്മേ നമിച്ച പ്രതീതിയിൽ.
ധർമ്മപരമാനസ സന്നിധിയിൽ നിൽക്കവേ,
ഖിന്നതയെല്ലാമലിഞ്ഞുപോയ് : ധന്യനായ്
പിന്നാലെവന്നൂ ചിതാനന്ദ,മതിശക്ത-
തുല്യമായ് ത്തീർന്നുടൽ നീങ്ങിയെന്നാധികൾ.
മുഖാംബുജംകണ്ടു ലയിച്ചു നിൽക്കുന്നയെൻ
ലംബിതഹാരമല്പം താഴ്ന്നു പിന്നെയും
ജഗന്നാഥ ഭാവമില്ലതി,കരുണമാംനയന-
മാവോളമേൻ നോക്കി നിന്നുവത്യാദരം.
പ്രപഞ്ചയ്ക കർത്താ, തിരുമുമ്പിലടിയന്നു-
മിത്ഥം നമിക്കുവാനായതേയത്ഭുതം
ഏനരുണപങ്കജം കണ്ടു മതിയായതി-
ല്ലറിയാതുണർന്നുപോയ് ഭൂതലേയീവിധം ..

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *