ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

ആകാശങ്ങളാണ്
ആദ്യം തുറന്നുതന്നത് –
അകലങ്ങളിലെ മനുഷ്യരുടെ
അതിരുകളില്ലാത്ത ആത്മാനുഭവങ്ങൾ,
ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ
ചിന്തയുടെ സമത്വസ്വപ്നങ്ങൾ,
കാറ്റും വെളിച്ചവും കടന്നുപോകുന്ന
വിശാലമായ സ്വകാര്യ മുറികൾ.
സമയമാപിനികൾക്കപ്പുറം
രാവും പകലുമില്ലാതെ
ഉണർന്നിരിക്കുന്ന ഭൂമണ്ഡലങ്ങൾ.
ഏത് ഉറക്കത്തിനിടയിലും
വിരുന്നുവന്നൊരു സ്വപ്‌നത്തെ
വിസ്മൃതിയിലേക്ക് ചിറകുവിരിക്കും മുമ്പ്
സ്വയം കുറിച്ചിടാൻ
ആകാശച്ചുവരുകൾ.
ആരെയും കാത്തുനിൽക്കാതെ
സ്വയം തെളിയുന്ന
വഴിവിളക്കുകൾ.
ചന്ദ്രനെ മറന്ന്
സൂര്യനാവാൻ ക്ഷണിക്കുന്ന
അൽഗോരിതങ്ങൾ.
പുണർന്നൊടുങ്ങിയ
കിതപ്പിന്റെ ശൂന്യക്കിടക്കയിലേക്ക്
ചിലിയിലെ വരണ്ട മരുഭൂമിയിൽ നിന്നെവിടെ നിന്നോ
ലോറയുടെ സന്ദേശം:
😴slpt?
😘no…uu?
😁jst hitting evng here dr…
🙂Oh…
😚u smell good…
അനാദിയായ ആസക്തികൾ,
അവസാനമില്ലാത്ത ആത്മരതികൾ.
അടിച്ചമർത്തപ്പെട്ട അബോധങ്ങളുടെ
തടവറകൾ തുറന്നെത്തിയ
നിഗൂഢ യാഥാർത്ഥ്യങ്ങൾ!
തേൻ പുരട്ടിയ കെണികൾ.
ആഴവ്യാജമായി പണിത
ജീവൽ രംഗങ്ങൾ.
ഒരു രാത്രി പുലർന്നപ്പോഴേക്കും
വൈറസിനേക്കാൾ വേഗത്തിൽ
പടരുന്നവർ…
എവിടെയാണ്
ഈ സ്വാതന്ത്ര്യത്തിന്റെ അറ്റം?
ഞാൻ ലോറയോട് ചോദിച്ചു.
അൽപനേരം
ഞങ്ങൾക്കിടയിൽ
നിശ്ശബ്ദത മാത്രം.
🏃‍♀️gone?
പച്ചവെളിച്ചം അണഞ്ഞു.
അവൾക്ക് ബോറടിച്ചു കാണണം.
ചില അന്തിമ യാഥാർത്ഥ്യങ്ങൾ
പരമ ബോറാണ്.
ചെമ്പ്രയിൽ സൂര്യനുദിക്കുമ്പോൾ
സാൻ പെഡ്രോയിൽ അസ്തമിച്ചിട്ട്
ഏതാനും മണിക്കൂറുകൾ മാത്രം!
മരുഭൂമിയിലെ
നിശാനൃത്തത്തിലെപ്പോഴോ
ലോറ അപ്രത്യക്ഷയായി.
കുഴിയിലാണ്ട കണ്ണുകളുമായി
നീല വെളിച്ചം പരത്തുന്ന
ഭൂപടത്തിന്റെ മുക്കിലും മൂലയിലും
ചിലി പുലരും വരെ
ഞാനവളെ തിരഞ്ഞു.
അസംതൃപ്തിയുടെ ഭൂഖണ്ഡങ്ങൾ
അനന്തമായി
തോണ്ടിക്കൊണ്ടിരുന്നു.

By ivayana

One thought on “ഡോപമിൻ ലൂപിൽഞാനും നീയും”
  1. ഒരു പക്ഷേ ലോറയെ നിങ്ങളും തിരയുന്നുണ്ടാവാം. എവിടെയെങ്കിലും കണ്ടെത്തിയാൽ അറിയിക്കണേ

Leave a Reply

Your email address will not be published. Required fields are marked *