രചന : കണ്ണൻ തലവടി ✍️
ചിക്കിചികഞ്ഞമ്മ കൊത്തിപ്പെറുക്കുന്നു
മക്കൾതൻ പശിയൊന്നടക്കിടുവാൻ
റാകിപറക്കുന്ന ചെമ്പരുന്തിൻ ചുണ്ടിൽ
തീറ്റയായ് മാറാതെ നോക്കിടുന്നു,
തൻ്റെ കുഞ്ഞുങ്ങൾക്കൊപ്പം നടന്നിടുന്നു
റാകിപറന്ന പരുന്തുകളൊക്കയും
ശൂന്യത തേടി മറഞ്ഞിരിക്കും,
കുഞ്ഞു ജന്മങ്ങൾക്കായെന്നും കാത്തിരിക്കും,
സ്വപ്നമാളിക തല്ലി തകർത്തിടുവാൻ
ഇടി വെട്ടിമഴയൊന്ന് പെയ്തിടുമ്പോൾ
മക്കൾ അമ്മതൻ ചിറകിൽ ഒളിച്ചിരിക്കും,_
സ്നേഹ മഴയിൽ കുതിർന്നു രസിച്ചിരിക്കും
കാലം ചിറകുവിരിച്ചിടുമ്പോൾ
തൻ്റെ കുഞ്ഞുങ്ങൾ താനേയകന്നു പോകും.
തൻ്റെ ദു:ഖങ്ങൾ ആരോട് പങ്ക് വെക്കും,
തൻ്റെ സ്വപ്നങ്ങളില്ലാത്ത ജീവകഥ
കൂട്ടിലെ തൂവലിൽ ഓരോന്നിലും അവൾ
ഓർമ്മയായ് മക്കളെ കണ്ടിടുന്നു,
പ്രാണനേകിയ മക്കളെ ഓർത്തിടുന്നു
മാതൃത്വമേകിയ നാളുകളെ
ജന്മഭാഗ്യമായ് എന്നും സ്മരിച്ചിടുന്നു,
കുളിർ തെന്നലായെന്നും നിറഞ്ഞിടുന്നു
ചുറ്റും തിരഞ്ഞവൾ നോക്കിടുന്നു
തൻ്റെ കുഞ്ഞുങ്ങളേയോന്ന് കണ്ടിടുവാൻ,
മാതൃ സ്നേഹത്തെയൊന്നു പകർന്നിടുവാൻ,
സ്നേഹ ചിറകിനാൽ നെഞ്ചോട് ചേർത്തിടുവാൻ
സ്നേഹ ചിറകിനാൽ നെഞ്ചോട് ചേർത്തിടുവാൻ

