രചന : സുജിമോൾ മാരാരി ✍
പുലരി വിരിയുന്നത് കാണാൻ
ഒരു പ്രത്യേക ഭംഗിയുണ്ട്…
രാത്രിയുടെ അവസാന നക്ഷത്രം
മങ്ങിപ്പോകുന്നതും…
ആകാശം പതിയെ വെളുത്തുതുടങ്ങുന്നതും…
കാറ്റിൽ തണുപ്പ് അലിഞ്ഞു
പുതിയ ദിവസത്തിന്റെ മണം നിറയുന്നതും…
അതൊക്കെ എന്തോ
മനസ്സിനെ സമാധാനിപ്പിക്കുന്ന കാഴ്ചകളാണ്…!
പണ്ടൊക്കെ ഞാൻ
ഇരുട്ടിനെ ഒരുപാട് ഭയപ്പെട്ടിരുന്നു…
പുറത്തുള്ള ഇരുട്ടിനെയല്ല…
മനസ്സിലേക്കിറങ്ങി വന്നിരുന്ന
ആ ഭാരമുള്ള നിശ്ശബ്ദതയെ…
അന്നൊരിക്കൽ
മഴ പെയ്തുകൊണ്ടിരുന്നൊരു രാത്രി…
ലൈറ്റ് പോയ മുറിയിൽ
ജനലരികിൽ നിന്നു
പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന
ഒരു പെൺകുട്ടിയെ എനിക്കിപ്പോഴും ഓർമ്മയുണ്ട്…
കണ്ണുകളിൽ ഉറക്കം ഇല്ലായിരുന്നു…
ചുണ്ടുകളിൽ ചിരിയും ഇല്ല…
എന്തൊക്കെയോ നഷ്ടപ്പെട്ടവളുടെ പോലെ
കൈകളെ ചേർത്ത് പിടിച്ചു
ഒന്നും പറയാതെ നിന്നവൾ…
അവളത്ര പാവമായിരുന്നു…!
പക്ഷേ ഇന്ന്
അവളെ കുറിച്ചോർത്ത്
സങ്കടപ്പെടാൻ തോന്നുന്നില്ല…
കാരണം
അവൾ പഠിച്ചുപോയി…
ജീവിതം വലിയ അത്ഭുതങ്ങളിലല്ല,
ചെറുതായ സന്തോഷങ്ങളിലാണ്
മറഞ്ഞുകിടക്കുന്നതെന്ന്…
ഇപ്പോഴെനിക്ക് സന്തോഷം തോന്നാൻ
വലിയ കാരണങ്ങളൊന്നും വേണ്ട…
രാവിലെ ഉറക്കമുണരുമ്പോൾ
മഴയുടെ മണം വരുന്നത് മതി…
അടുക്കളയിൽ ചായ തിളക്കുന്ന ശബ്ദം കേൾക്കുന്നത് മതി…
ദൂരെയൊരിടത്ത്
ആരോ പാട്ട് വെച്ചിട്ടുണ്ടാവുക…
ആ പാട്ട് നമ്മളറിയുന്ന പഴയ ഓർമ്മകളെ
മെല്ലെ തൊടുക…
ബസിന്റെ ജനൽക്കരികിൽ ഇരുന്ന്
പുറത്തേക്ക് നോക്കുമ്പോൾ
മരങ്ങൾ പിന്നിലേക്ക് ഓടിപ്പോകുന്നത് കാണുക…
വഴിയരികിലെ പൂക്കച്ചവടക്കാരിയുടെ
കയ്യിലെ മുല്ലപ്പൂവിന്റെ മണം
കാറ്റിനൊപ്പം നമ്മളിലേക്കെത്തുക…
അത്രയും തിരക്കുള്ള ദിവസത്തിനിടയിൽ പോലും
“കഴിച്ചോ…?”
എന്ന് ചോദിക്കാൻ ഒരാളുണ്ടാവുക…
നമ്മൾ പറയാതെ പോയ വിഷമങ്ങൾ
മുഖം നോക്കി വായിച്ചെടുക്കുന്നൊരാൾ…
“നിനക്കിപ്പോ സന്തോഷമില്ലല്ലോ…”
എന്ന് മെല്ലെ ചോദിക്കുന്നൊരാൾ…
നമ്മളെ ചേർത്തുപിടിക്കുമ്പോൾ
എല്ലാ സങ്കടങ്ങളും കുറച്ചുനേരത്തേക്കെങ്കിലും
മറന്നുപോകുന്ന ഒരാൾ…
ഒരുപാട് ആളുകൾക്കിടയിൽ നിന്നാലും
ഒറ്റപ്പെടൽ തോന്നുന്ന നിമിഷങ്ങളിൽ
“ഞാനില്ലേ…”
എന്ന് പറയുന്ന ഒരാൾ…
രാത്രി ഏറെ വൈകിയിട്ടും
ഉറങ്ങാതെ ഇരുന്ന്
നമ്മളെ കുറിച്ച് സംസാരിക്കുന്ന ഒരാൾ…
ഒരു ദിവസം മുഴുവൻ മോശമായിരുന്നാലും
അവസാനം
പ്രിയപ്പെട്ടൊരാളുടെ ഒരു മെസേജ് വന്നു വീഴുക…
“ഇന്ന് നിനക്കെന്താ പറ്റിയത്…?”
എന്നൊരു ചോദ്യം മാത്രം മതിയാവുക
ഹൃദയം നിറയാൻ…
അങ്ങനെ ചില മനുഷ്യർ ഉണ്ട്…
അവർ വരുമ്പോൾ
ജീവിതം മുഴുവൻ മാറിപ്പോകുന്നില്ല…
പക്ഷേ…
ജീവിതം സഹിക്കാൻ കുറച്ചുകൂടി എളുപ്പമാകുന്നു…
ഇപ്പോൾ എനിക്ക് തോന്നാറുണ്ട്…
ജീവിതം എന്നത്
വലിയ വിജയങ്ങളുടെ കഥയല്ല…
അത്രമേൽ ഇഷ്ടമുള്ള പാട്ടുകൾ…
പെട്ടെന്നുള്ള യാത്രകൾ…
അപ്രതീക്ഷിതമായി കിട്ടുന്ന ചേർത്ത് പിടിത്തങ്ങൾ…
വായിച്ചാലും തീരാത്ത മെസേജുകൾ…
വിശന്നിരിക്കുമ്പോഴുള്ള നല്ല ഭക്ഷണം…
കരയാതിരിക്കാൻ ചിരിപ്പിക്കുന്ന മനുഷ്യർ…
പറയാതെ മനസ്സിലാക്കുന്ന കണ്ണുകൾ…
ഇതൊക്കെയാണ് ജീവിതം…!
ചിലപ്പോൾ
ഒരു മഴവില്ല് പോലെ…
ചിലപ്പോൾ
മഴ കഴിഞ്ഞുള്ള മണ്ണിന്റെ മണം പോലെ…
ചിലപ്പോൾ
ഇഷ്ടപ്പെട്ട ഒരാളുടെ ശബ്ദം പോലെ…
പക്ഷേ എപ്പോഴും…
ജീവിക്കാൻ തോന്നിക്കുന്ന
എന്തൊക്കെയോ ചെറിയ ചെറിയ സന്തോഷങ്ങൾ പോലെ…!
