ജനന മരണങ്ങളായ് ജനനിതൻ സ്മരണയായ്
ജാതകത്താളുപോൽ മറിയുന്നു ജീവിതം
ജനകജ സ്മരണാഴിപോൽ നിത്യനിർമ്മലം
ജനപദം നെഞ്ചേറ്റിടുന്നഭയ തായ്മനം.
ജനയിത്രിതൻ ഹൃദയമന്ത്രങ്ങളെന്നുമെൻ
ജീവിതാനന്ദമാം ഹർഷമായ് പെയ്കയാൽ
ജതിസ്വരംപോലോർത്തുണരുന്നു ഗ്രാമ്യകം
ജന്മവർഷത്താലുണരുന്നു ഹൃത്തടം.
ജനപ്രിയ കാവ്യ മാകുന്നതിൻ ഹേതുവാം
ജന്മനക്ഷത്രമേ, യോർക്കുന്നു സന്തതം
ജനഹൃദയമലിയുന്നതിൻ പ്രേരണാമൃതം
ജനനിതൻ നന്മ്രാർദ്രമാം സ്നേഹ ശിക്ഷണം.
ജഗന്നിയന്താവിന്നനുഗ്രഹ വർഷമായ്
ജനയിതാവിൻ മഹാ കാരുണ്യ ഹർഷമായ്
ജന്മരമ്യം നുകർന്നീടുന്നു യൗവ്വനം
ജീവിതമേകുന്നിതാ, പുലർത്താലവും
ജന്മ ദാതാവുമെൻ സ്നേഹ മാതാവുമീ,
ജലജാർദ്രമാം ദളങ്ങൾപ്പോലുണരവേ,
ജാലമായലിയുന്നിന്നതില്ലേ മലർസ്മിതം
ജാലകമൊന്നായ്ത്തുറന്നില്ലെ ഗ്രാമ്യകം ?
ജലതരംഗംപോൽ നിറയുന്നു നിർണ്ണയം
ജീവിതാനന്ദമായ് മാറുന്നു മൽപ്രിയം
ജപവർണ്ണ ഹൃദയമേ,യറിയുന്നു നിൻവരം
ജയനന്മ,യമ്മയെൻ മാതൃകാ ദർശനം.
ജന്മപത്രം പവിത്രം നമുക്കെന്നപോൽ
ജന്മദാതൃത്വം മഹോന്നതമെത്രയും
ജന്മാർദ്ര ചിത്രസ്മരണയാ,ഹൃത്തിലായ്
ജീവിതാർദ്ര സ്പന്ദമേകുന്നു ദയമായ്..

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *