രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ഭാർഗ്ഗവക്ഷേത്രംകണക്കേകമാം സർഗ്ഗ-
ഭാസുരാനന്ദയെന്നുള്ളിൽ വിളങ്ങയാൽ
ഭാഗീരഥിപോലൊഴുകുന്നതാ മെത്ര-
ഭാവനാ നദികളെൻ നാദമായ്, കാവ്യമായ്.
ഭാഷിതംപോലെൻ സ്വധർമ്മവുമനുദിനം
ഭാവഭേദങ്ങളില്ലാതേ തുടർന്നിടാൻ
ഭക്തവത്സലയാം ദേവീ, തുണയ്ക്കയേൻ
ഭിക്ഷാർത്ഥിപോലപേക്ഷിക്കുന്നു സാദരം.
ഭിന്നതയില്ലാതിരിക്കുകിൽ മാത്രമേ,
ഭാഷതൻ ശ്രീദേവിയുള്ളിൽ വിളങ്ങിടൂ;
ഭൂനാഥസാമ്യം തുണയ്ക്കട്ടെയാരിലും
ഭക്തഹൃദയങ്ങൾക്കനുഗ്രഹമാദരം.
ഭൂമീന്ദ്രനെപ്പോലെയാകില്ലയെങ്കിലും
ഭർതൃഹരിയെന്നപോലെന്നും തുടർന്നിടാൻ
ഭക്തിയോടേവമേൻ തേടുന്നു ശ്രീലകം
ഭഗനീയമായിത്തെളിക്കയെൻ ചിന്തകം.
ഭക്താഭിലാഷമായ് നിൽപ്പെന്റെയുള്ളിലായ്
ഭദ്രശ്രീയ്ക്കെന്ന പോലേകും മഹത്വവും
ഭഗീരഥയത്നം തുടരുമെന്നാർദ്രകം
ഭഗ്നാശയമാക്കിടാതെയും കാക്കണം.
ഭവഭൂതിയെന്ന പോലിന്നുമെൻ കാവ്യകം
ഭവനകാന്തംപോൽ കൊതിക്കുന്നനുഗ്രഹം
ഭാഷാ പരിജ്ഞാനമേകുവാൻ സാദരം
ഭാവിതാത്മാവായി നിൽപ്പിതേ,നീവിധം.
ഭാസ്വരമോരോന്നകലുന്നു; പിന്നെയും
ഭാവനാനന്ദമേകുന്നുദയ ജീവിതം
ഭാവാനുബന്ധം തുടരുന്നു കവിതയിൽ
ഭക്തനായ്; ഭാഷാജനകന്റെ സ്മരണയിൽ.
ഭാഷിതോന്മേഷയാം ദായികേ, ചിന്തകം
ഭഗനീയ മനന സ്മിതത്തിന്നനുഗ്രഹം
ഭാസ്ക്കരദ്യുതി പോലുണർത്തുകെൻ കാവ്യകം;
ഭക്തിയോടറിയട്ടെയെൻ കാവ്യജീവിതം..

