രചന : റുക്‌സാന ഷമീർ ✍️
പ്ലാവിലക്കുമ്പിളിൽ
കഞ്ഞി കുടിച്ചൊരാ
പുരാതന യുഗത്തിൽ
വിവേകത്തിൻ വെട്ടം വീണു തുടങ്ങാത്ത
നാട്ടിൻ പുറത്തിൻ നെറുകെയിൽ
പണ്ടേക്കു പണ്ടേ പണിതുയർത്തിയ
സ്ത്രീ സങ്കൽപ്പം പെണ്ണേ നീ ഉടച്ചുവാർക്കുക …..!!
പറിച്ചു നട്ട മണ്ണിലെ പീഢനങ്ങൾ മുറുകുമ്പോൾ
നാലുചുവരുകൾ കേൾക്കാത്ത വിധത്തിൽ
തേങ്ങൽ വിഴുങ്ങണം പെണ്ണ് എന്ന നയത്തെ ….
സ്ത്രൈണതയുടെ ഭാരമേറിയ
ചുറ്റികയാൽ അടിച്ചു താഴ്ത്തുക ….!!
മാടിനെ പോലെ പണി ചെയ്ത്
അവശയായ് ദീനമായ് തളർന്നു വീണിട്ടും …
കണ്ണുതുറക്കാത്ത ഹൃദയമില്ലാത്തവരാണു ചുറ്റുമെങ്കിൽ ….
പെണ്ണേ …. അടുക്കളപ്പുറത്തു നിന്നെ ബന്ധിച്ച
ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയുക …..!!
നിന്നെ പറിച്ചുനട്ടതു മുതൽ ചുറ്റുമുള്ളവരുടെ കണ്ണിൽ
നീ എല്ലാം തികഞ്ഞൊരു സ്ത്രീയായിരിക്കുന്നു …
നേരും നെറിവും മുഖമുദ്രയാക്കിയിട്ടും ….
വാനോളം വളർന്നിട്ടും …..
പക്വതയെത്താത്ത തൊട്ടാവാടി ചെടിയാണു
നീയെന്ന് നിന്റെ നിഴലിനു മാത്രമാണറിവ്…..!!
അടിമത്വത്തിന്റെ ചങ്ങലയിൽ ബന്ധിക്കുന്ന നിമിഷങ്ങളിൽ ….
നിനക്കു സ്വന്തമായൊരു സ്വത്വമില്ലെന്ന തിരിച്ചറിവു
പൊള്ളിച്ചിടുമ്പോൾ ആ പൊള്ളലിൽ ചെറു
സാന്ത്വനമേകിടാൻ കഴിയാതെ നിന്റെ
നിഴലു പോലും മാറി നിൽക്കും ….!!
അതിനാൽ ….
പെണ്ണേ …..നീ …. പൊരുതുക …. പൊരുതി നേടുക
ഇന്നീ മണ്ണിൽ നീ മാത്രമാണു നിൻ സംരക്ഷക ….!!
വിഷം കലരാൻ തുടങ്ങുന്ന പ്രണയമെന്ന
ചായക്കൂട്ടിലേക്കു നീ കണ്ണും പൂട്ടി കൂപ്പുകുത്താതിരിക്കുക …!!
യാത്രയിൽ, വാഹനങ്ങളിൽ, വഴിവക്കിലെല്ലാം
നിന്റെ മേനിയഴകിലേക്ക് നീളുന്ന കറുത്ത കരങ്ങളെ
പ്രതിഷേധത്തിന്റെ ധ്വനികളാൽ ഭസ്മമാക്കുക…..!!
അനീതിയുടെ ജയിലറകളിൽ നിന്നും
പുറത്തുകടക്കാനാവാതെ വരുമ്പോൾ ….
പെണ്ണേ …..
ഉയരട്ടെ നിൻ സ്ത്രീത്വത്തിൻ മുദ്രാവാക്യങ്ങൾ ….!!
നാലുദിക്കും മുഴങ്ങട്ടെ നിൻ മോചനത്തിൻ കരുത്തുറ്റ ശബ്ദവീചികൾ ….!!

