ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുമക്കൾക്കും സ്നേഹാശംസകളോടെ…💖

കലാഹൃദയ ദായിനീ, പ്രസന്നാർദ്ര രൂപിണീ
വിദ്യാവിലാസിനീ,യുദയ വരദായികേ,
അൻപാർന്ന കൈവിരൽത്തുമ്പാലനുഗ്രഹം
പകരുകിന്നോരോ ഹൃദയമുകുളത്തിലും
ജ്ഞാനാർദ്ര തൂലികയൊന്നെന്റെ കൈകളിൽ
നൽകിയനുഗ്രഹം സദയം ചൊരിയുകിൽ
പുലരിയായുണരുമെൻ കാവ്യഹൃദയാംബരം
മഹിതമായുണരുമെൻ കലാരമ്യ ജീവിതം.
സുസ്മിതാനന്ദമേ, നൽക ഹൃദയസ്മിതം
ഹർഷമായ് ചൊരിയുകാനന്ദമാം ദർശനം
അക്ഷരാത്മീയമാം തിരുവരം തേടുന്നു
പുലരിപോലുള്ളതാം ബാല്യമലർസ്മിതം.
വാഗ് വൈഭവംകാത്തിരിക്കുന്നു രമ്യമാം
നവബാല്യസ്നേഹകംപ്രസന്നാർദ്ര സുസ്മിതം
ജപസന്ധ്യപോൽ നിറഞ്ഞീടുന്നു പ്രാർത്ഥകം
സ്വാർത്ഥതയല്ലഭയ ഹൃദയമേ, സാദരം.
ആദ്യാക്ഷരം കുറിക്കുന്നാർദ്ര മനസ്സുകൾ
ആശംസയോടെ നേരുന്നുദയ നന്മകൾ
വെളിച്ചമേകു,ന്നഭയമേകുന്നൊരക്ഷരം;
ഉണർച്ചയേകുന്നതിൻ മഹിമയാൽ തത്ക്ഷണം.
വിദ്യയാലുയരാൻ കൊതിക്കുന്നു തായ്മനം
താതപ്രദീപമാം കനിവാർന്ന സ്നേഹകം
തിളങ്ങി നിൽക്കുന്നുദയ സാമ്യമായ് ബാല്യകം
തിങ്കൾ സ്മിതമോടുണരുന്നു ഗുരുമുഖം.
പുലരിത്തിളക്കം പകരുന്നു ഗ്രാമ്യകം
ആരമ്യഹൃദയം നുകരുന്നു ജീവിതം
അർത്ഥമേകുന്നതാം സ്നേഹകാരുണ്യമേ,
പ്രാർത്ഥനയോടെ നമിക്കുന്നു സാദരം.
ആഹ്ലാദനിമിഷമായുണരും വസന്തമേ,
അലിവിൻ പ്രകാശമായ് നിറയുന്ന ബാല്യമേ,
ആദ്യാക്ഷരം കുറിക്കുന്നതാമീദിനം
നുകരുനീ ഹൃദയമേ- യുണരുന്നനുഗ്രഹം….

By ivayana

Leave a Reply

Your email address will not be published. Required fields are marked *