രചന : പ്രസീദ.എം.എൻ ദേവു ✍️
കവിത വായിക്കുമ്പോൾ
നിങ്ങളെന്തിനാണ്
കവിയുടെ ചരിത്രമന്വേഷിക്കുന്നത് ?
കവിത വായിക്കുമ്പോൾ
നിങ്ങളെന്തിനാണ്
അയാളുടെ ഭൂമിശാസ്ത്രമളക്കുന്നത് ?
കവിത വായിക്കുമ്പോൾ
നിങ്ങളെന്തിനാണ്
അയാളെ ജൈവീകമായുഴിയുന്നത് ?
നിങ്ങൾ ഡോക്ടറായിരുന്നെങ്കിൽ
നിങ്ങൾ കവിയെ
ആത്മ പരിശോധനയ്ക്ക്
വിധേയമാക്കുമോ ?
നിങ്ങളൊരു വക്കീലാണെങ്കിൽ
അയാളുടെ ചുരുളഴിയാത്ത
രഹസ്യങ്ങളിലേക്ക്
നൂണു പോവുമോ?
നിങ്ങൾ അദ്ധ്യാപകനാണെങ്കിൽ
നിങ്ങൾ അയാളെ
ഇരുത്തി പഠിപ്പിക്കുമോ ?
നിങ്ങൾ തൂപ്പുക്കാരനോ,
തുന്നൽക്കാരനോ
ആണെങ്കിൽ
അയാളെ നിങ്ങൾക്ക്
തൂത്തു കളയാനോ
തുന്നി പിടിപ്പിക്കാനോ
ആവുമോ ?
ഞാനും അയ്യപ്പനും
പ്രണയത്തിലാണെന്ന്
പറഞ്ഞാൽ
നിങ്ങളിലെ വായനക്കാരൻ
വിശ്വസിക്കുമോ ?
മരിച്ച ഒരാളുടെ ശവത്തിൽ
കയറിയിരുന്ന്
ഒരുവൾ പറയുന്നു.
കവി ചീത്തയെന്ന് ,
കവികൾ വരികളിലൂടെ
തൊട്ടെന്നും,
ഉമ്മ വെച്ചെന്നും,
കെട്ടിപിടിച്ചെന്നുമിരിക്കെ,
മരിച്ചയാളുടെ
ചാരിത്ര്യമെഴുതി
ഒരുവൾ വിശുദ്ധയാവുന്നു ,
ലക്ഷ്മിക്കുട്ടികൾ
കുലസ്ത്രീയാവട്ടെ,
അയ്യപ്പൻമാർ
ആഭാസമാവരട്ടെ,
ഞാൻ പെൺവിരുദ്ധയുമാവട്ടെ,
നിങ്ങളെന്നെ ചൂണ്ടുന്ന
ഒരു വിരലിൽ
നാലു മടക്കു വിരൽ
കൊഞ്ഞനം കുത്തട്ടെ …

