രചന : ബദറുദീൻ പികെ ✍️
തുലാവർഷത്തിന്റെ രാവായിരുന്നു.
മഴ വീഴാതെ പെയ്യുന്നൊരു രാവ്…
ആകാശം ഭൂമിയോട് ഏതോ പുരാതന രഹസ്യം മന്ത്രിക്കുകയായിരുന്നു…..
നനഞ്ഞ ഇലത്തുമ്പുകളിൽ വിരൽതൊട്ട് തണുപ്പ് നിശ്ശബ്ദമായി നിന്നു. ആകാശത്തിന്റെ അറ്റത്ത്, സ്വന്തം ജീവിതത്തിന്റെ പൊരുൾ തിരയുന്ന മനുഷ്യരെപ്പോലെ മേഘങ്ങൾ അലഞ്ഞുനടന്നു..
താരകങ്ങൾക്കിടയിൽ മൗനത്തിന്റെ കൂട്ടായ്മകൾ പൂത്തു. പൗർണമിച്ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു, തന്റെ പ്രകാശത്തിന്റെ അവസാന കിരണവും രാത്രിയുടെ നീലിമയിലേക്ക് അലിയിപ്പിച്ചു.
അപ്പോഴാണ്, പ്രണയത്തിന്റെ എല്ലാ തടവറകളും ഭേദിച്ച് ആ രണ്ടു ആത്മാക്കൾ മുകളിലേക്ക് ചിറകടിച്ചുയർന്നത്.
ഭൂമിയിൽ പറയാനാകാതെ പോയ വാക്കുകളെല്ലാം ആകാശം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റെടുത്തു. പരസ്പരം തൊടാൻ കൊതിച്ച് വിതുമ്പിയ അവരുടെ വിരലുകൾ, രണ്ടു നക്ഷത്രങ്ങളായി അടുത്തടുത്ത് മിന്നിത്തുടങ്ങി…
എത്രയോ രാവുകളുടെ ഏകാന്തത ഒരൊറ്റ നിമിഷംകൊണ്ട് പ്രകാശപ്രവാഹമായി മാറി!
പക്ഷേ, ഒരേ ആകാശത്ത് മാറ്റമില്ലാതെ തുടരാൻ ആ നിർവൃതിക്കായില്ല…
അവർ ഉൽക്കകളായി പുനർജനിച്ചു.
വിശാലമായ ആകാശത്തിന്റെ നെഞ്ചിലൂടെ തീപ്പൊരികളായി അവർ പാഞ്ഞുപോയി. താഴെ ഭൂമിയിലുള്ളവർ അതിനെ ശുഭലക്ഷണമായി കരുതി കണ്ണടച്ച് ആഗ്രഹങ്ങൾ നേർന്നു. എന്നാൽ, ആ രണ്ടു ആത്മാക്കൾ തങ്ങൾക്കിടയിലെ അവസാനത്തെ അകലവും കത്തിച്ചു ചാമ്പലാക്കുകയാണെന്ന് ആരും അറിഞ്ഞില്ല…
പിന്നെ, അവർ പൂർണ്ണനിലാവായി ഉരുകി കടലിന്റെ ആഴങ്ങളിലേക്ക് ഇറ്റുവീണു.
തിരമാലകൾ അവരെ രണ്ടുപേരെയും ഒരേ ഹൃദയത്തോടെ സ്വീകരിച്ചു. അവിടെ പേരുകളോ പദവികളോ അതിരുകളോ ഉണ്ടായിരുന്നില്ല. പരസ്പരം നഷ്ടപ്പെട്ട രണ്ടു മനുഷ്യരുടെ ഓർമ്മച്ചെപ്പുകൾ മാത്രം ബാക്കിയായി.
ആ തിരകൾ അവരെ അമർത്തിപ്പുണർന്നു.
എന്നിട്ടും, പ്രണയമെന്ന ദാഹത്തിന് ശമനമുണ്ടായില്ല…
അത് വീണ്ടും രൂപം മാറി… കിനാവള്ളികളായി പുറംകടലിന്റെ ഇരുണ്ട നെഞ്ചിൽ പടർന്നുകയറി; തിരകളുടെ മുടിയിഴകളിൽ ചുറ്റിപ്പിണഞ്ഞു. ദൂരെയെവിടെയോ കടന്നുപോകുന്ന കപ്പലിന്റെ പ്രകാശധാരയിൽ അവർ വീണ്ടും പരസ്പരം ദർശിച്ചു..
ആരും കാണാത്തൊരു പൂർണ്ണത…
പറയാൻ മറന്നൊരു പ്രണയകാവ്യം!
ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ മനുഷ്യർക്ക് സ്വന്തമാക്കാൻ കഴിയാതെ പോകുന്ന ചില ബന്ധങ്ങളുണ്ട്. മരണത്തിന്റെ ഇരുട്ടിനുപോലും അവയെ വേർപെടുത്താനാവില്ല. കാരണം, ചില പ്രണയങ്ങൾ ഹൃദയത്തിന്റെ അതിരുകളിൽ അവസാനിക്കുന്നില്ല; അവ പ്രപഞ്ചത്തിന്റെ ഏതോ കോണിൽ പുതിയൊരു ഭാവം തേടിക്കൊണ്ടേയിരിക്കും…
അന്നും തുലാവർഷം പെയ്തൊഴിഞ്ഞു.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചുകൊണ്ടേയിരുന്നു.
പക്ഷേ, പുറംകടലിന്റെ ശാന്തതയിൽ ആ രണ്ടു കിനാവള്ളികൾ വീണ്ടും പരസ്പരം പുണർന്നു കിടന്നു.
അവർക്കിട..
യിൽ ഒരു കടലുണ്ടായിരുന്നു,
അവർക്കു മുകളിൽ ഒരു ആകാശവും!
എങ്കിലും അവർ അകന്നിരുന്നില്ല…
കാരണം, മരണം അതിരു വരച്ചിടത്ത്
അവരുടെ പ്രണയം മറ്റൊരു പ്രപഞ്ചത്തിന്റെ
ആദ്യ നക്ഷത്രമായി ജനിച്ചുകഴിഞ്ഞിരുന്നു….

