രചന : സുരേന്ദ്രൻ കണ്ണൂർ ✍️
അസ്‌തമിക്കാത്തൊരീയാഘോഷരാവുകൾ
ആടിത്തിമർക്കുന്നുലഹരിയിലാഴ്ന്നവർ
ആഴക്കടലിലുലയുന്ന വഞ്ചിപോൽ
അലയുന്നു വഴിമാറിത്തുഴയുന്ന ജീവിതം!
മത്തുപിടിപ്പിക്കാനൊരുമ്പെട്ടുനിൽപ്പുണ്ട്
കശ്മലൻമാർ തിരശ്ശീലയ്ക്ക് പിന്നിലായ്
അപരൻ്റെ രക്തം കുടിച്ച് വീർക്കുന്നവർ
അന്ധമീനീതിയിൽ നെഞ്ചുവിരിക്കുന്നു!
നഷ്ടമാകുന്നുവോനാളെയീനാടിൻ്റെ
നൻമകൾനെഞ്ചേറ്റി മുന്നേറാനുള്ളവർ
കെട്ടുവിട്ടകലുന്നു ബന്ധങ്ങൾ നിത്യവും
വൈകൃതം പൂക്കുന്ന ലഹരിയിടങ്ങളിൽ!
അവിശുദ്ധബന്ധങ്ങൾ അവിഹിതനേട്ടങ്ങൾ
ലഹരികളൊഴുകുന്നു മലയാളമണ്ണിതിൽ
അനുദിനമഭിവൃദ്ധിവന്നുഭവിക്കുമ്പോൾ
അധികാരകേന്ദ്രങ്ങൾ കൈമലർത്തിടുന്നു!
ആരാണിരുട്ടിൻമറവിൽ കറുപ്പിൻ്റെ
കാളകൂടംകലർത്തുന്നനരാധമർ!
ഇനിയേതുദൈവം തുണയ്ക്കെത്തുമീമൂല്യ-
ച്ച്യുതിയൊന്നുതടയുവാൻസമയമിതേറെയായ്!

