രചന : ബിജു ബദ്രീസ് ✍
നിങ്ങൾ,
നിങ്ങളുടെ ചിന്തകൊണ്ട്
ആവർത്തി കുറുക്കിയ
ധന്വന്തരമിട്ടുഴിഞ്ഞിട്ടും
അയൽക്കാരനെ സ്നേഹിക്കാൻ
മനസ്സിന് കഴിയുന്നില്ലെങ്കിൽ
അയൽക്കാരനെ കൊല്ലുക.
അവന്റെ ശരീരം
ചിതയേറ്റി ദഹിപ്പിക്കുക.
അവന്റെ തർപ്പണം കൊണ്ട്
അവന് മോക്ഷം നൽകുക.
ഒരിക്കലും നിങ്ങടെ ചിന്തയെ
തെറ്റിദ്ധരിക്കരുത്, പഴിക്കരുത്.
നിങ്ങടെ ചിന്തകൾ ഉദാത്തവും
ഉൽകൃഷ്ടവും സചേതനവുമാണെന്ന്
ആരെക്കാളും മുൻപ് നിങ്ങൾ തിരിച്ചറിയുക.
പിറവിയെപ്പഴിച്ചു മരിച്ചവന് കഴലുണ്ടാവട്ടെ,
കൊടിയ പാപജന്മ തിമില കൊട്ടട്ടെ
പ്രാണ സങ്കടപ്പിറവിക്കുറവുണ്ടാവട്ടെ.
ഇനിയും,
മെതിച്ചു കൊല്ലാനൊരു കാൽ പിറക്കട്ടെ.
അതിന്മീതേ പാഞ്ഞടുക്കട്ടെ,
നിങ്ങടെ യാഗാശ്വത്തീ
പതിച്ചവന്റെ കുടിലു കത്തട്ടെ.
ശാന്തത വിട്ടുയരുമാ ജ്യോതിയേ
അൻപോട് പേരുരുതിയെന്ന് കാണുക.
അതിന്, ഉയരങ്ങളിൽ പറക്കാനൊരു
ചിറകു നൽകുക.
തപ്ത മാനസങ്ങൾക്കുറവു തീർക്കുക.
ചുടു ചോരകൊണ്ട് ദാഹം തീർക്കുക.
ഉരിയ മണ്ണിന്റെ പേറ്റു നോവാറ്റുക.
പുതുയുഗത്തിന്നു തീയേറ്റുവാൻ
അനുതപത്തിന്നു ചമത തേടുക.
