ഒരു വിളിപ്പാടകലേ പിണങ്ങി പിരിഞ്ഞകന്നിരിപ്പമുണ്ടേലും,
കാമനനുഗ്രഹിച്ച മനസിൽ ശങ്കരധ്യാനത്തിൻ്റേ കഠിനതയും സിദ്ധിച്ചു പിണക്കം നടിച്ചോടുന്ന നിൻ്റേ പന്തയ കുതിരയേ പിന്തുടരാൻ കഴിയാതേ ഏകനായി ഞാൻ ഇവിടെ ഇപ്പോഴുമുണ്ട്-
നിനക്ക് വരമായി തന്ന വാതിലുകൾ ഇപ്പോഴും തുറന്ന് ഇട്ട് തന്നേ…
വാശിയുടേ ഭൂതഗണങ്ങളേ ഊട്ടി പെരുപ്പിച്ച് അകലങ്ങളിലേ മാനസസരസ്സിൽ നീ മറ്റാർക്കും കൊടുക്കാതേ സൂക്ഷിക്കുന്ന പ്രണയം എനിക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച് നീ മുങ്ങി നിവരുന്നതും അരക്കച്ച ബലപ്പിക്കുന്നതും കണങ്കാൽ പൊക്കി രാമച്ചമുരയ്ക്കുന്നതും ചേലയുരിയുന്നതും മുടിയഴിച്ചിട്ട് തോർത്തുന്നതും ഞാൻ കാണാൻ വേണ്ടി മാത്രമാണെന്ന് ഹിമഗിരി ശൃംഗങ്ങളുടേ കള്ളച്ചിരിയിലൂടേ ഞാനറിയുന്നുണ്ട്..

ഇടംകണ്ണ് ഇമവെട്ടി തുടിപ്പിക്കുന്ന നിൻ്റേ ഓരോ പരിഭവ ഭ്രാന്തിലും
ശൂന്യമായ അകതാരിൻ്റേ ഉമ്മറപ്പടവിലേക്ക് നീയറിയാതേ
വിരണ്ടൊരു പേടമാൻ പോലേ ഓടിയൊളിക്കാറുണ്ടേലും..
മനസിൻ്റേ മധുവൂറും ചന്ദ്രലേഖയായി
നീ മാത്രമേ ഉദിക്കാറുള്ളൂ…ഇന്നും
മറഞ്ഞ് ഇരിക്കുമ്പോളും മൗനം ഭജിക്കുമ്പോളും നിൻ്റേ മുഖം കറുത്ത് മന്ത്രിക്കുന്നതെല്ലാം എൻ്റേ കർണപടങ്ങളിൽ ശകാരത്തിൻ്റേ അശരീരിയായി വന്ന് പതിക്കാറുണ്ടേലും..
കള്ളക്കുറുമ്പിൻ്റേ പഞ്ചാരകിണ്ണത്തിലേ മഞ്ചാടിക്കുരുവായി ഓരോന്നും ഞാൻ നുള്ളിപെറുക്കാറുണ്ട്…ഇന്നും.

കൊഞ്ചിപ്പറയുന്ന മർമ്മരങ്ങൾക്കിടയിൽ വരി തെറ്റി വന്ന വാക്കുകളുടേ ഏടുകൾ തിരഞ്ഞതിൽ പതിരും പണ്ടാര മോഷണവും കണ്ടെത്തി എന്നേ ഒരു ‘സാധന’വുമാക്കി സ്മാർത്തവിചാരത്തിൻ്റേ അഞ്ചാം പുരയിലേ കതകിന് പിന്നിൽ കൊണ്ട് നിർത്തി പട്ടശ്ശഭാവം ആടി തീർത്തതൊക്കേയും
നിനക്ക് ഭ്രഷ്ട് കൽപിക്കാത്ത എൻ്റേ ഓർമ്മയുടേയും മനസിൻ്റേയും ചിരിയുണർത്തുന്ന ദളമർമ്മരങ്ങളാണ്..ഇന്നും.

എൻ്റേ ഇംഗിതങ്ങളുടേ
വഞ്ചിയിൽ മെല്ലെ കാൽ വെച്ചു കയറി നിന്ന് കൊതിപ്പിച്ചിട്ട്,
ഓർമ്മയുടേ ഏടുകൾ ചികഞ്ഞ് വിലപേശി അറിയാത്ത അർത്ഥതലങ്ങളിലേക്ക് നിന്നിലേ പ്രണയകുശുമ്പുകളുടേ രഥം ഓടിച്ചു കയറ്റി ചോദ്യ ശരങ്ങളിൽ പരവശനാക്കിയ നിമിഷങ്ങളെല്ലാം യുദ്ധമവസാനിച്ച അടർക്കളത്തിലേ പാർത്ഥൻ്റേ ഉത്തരമില്ലാത്ത ചോദ്യങ്ങളായി തെളിയാറുണ്ട്…ഇന്നും

ശീഘ്രമാ പാദങ്ങളിൽ ചുംബിച്ചു തീർക്കാൻ മുന്നോട്ടായുന്നൊരെൻ്റേ കർണദളങ്ങളിൽ നിൻ്റേ വിരൽ ഞെരിച്ചകറ്റുന്ന സുഖമുള്ളൊരോർമയിൽ വേദനിക്കുന്നൊരു ഹൃദയവും അനാഥമാകുന്നൊരു പ്രണയ വിഹായസ്സും കാമനില്ലാ കാലത്തേ ശിവാനിയുടേ വിധിനൊമ്പരങ്ങൾ ശങ്കരന് കാലം തിരികേ നൽകിയപോലേ,
നീ വേദനിപ്പിക്കുന്ന ക്രൂരവിനോദമായി ഈ രുദ്രതീരങ്ങളേ മരുഭൂമിയാക്കുന്നുണ്ട് ….ഇന്നും
കളി പറഞ്ഞിരുന്നതും കഥമെനഞ്ഞിരുന്നതും വേദമോതിയതും നന്തിയുടേ കള്ളക്കണ്ണേറു കണ്ട് പിടിച്ച പോലേ എന്നിലേ കള്ളനേ ചികഞ്ഞെടുത്തതും ഏത്തമിടീച്ചതും മാപ്പപേഷിച്ചതിന് പകരം മാറ് തുറന്ന് തന്നതും സുരത രസങ്ങളിൽ കണ്ണടച്ച് ചിരിച്ചതും തട്ടിയകറ്റിയതും വീണ്ടും ക്ഷണിച്ചതും ഇരുട്ടാവാൻ വേണ്ടി കാത്തിരുന്നതും മൗലിയിലേ ചന്ദ്രനേ അമാവാസിയ്ക്കയച്ചതും ഒക്കേ ഒരു ഋതു ഭേദങ്ങളിൽ വീണ്ടും വസന്തം വരുമെന്ന് പോലേ കാത്തിരിക്കുന്നു നിനക്കായി…ഇന്നും

സ്വയം അനാഥത്വം വരിച്ച് എവിടെ ഒളിച്ചാലും നീ എന്ന ആത്മാവിനേ തേടിയലയുന്ന ഭ്രാന്തനായി ഞാൻ കൈലാസത്തിലേ ഓരോ മലമേടും ചവിട്ടിയുടയ്ക്കും നിനക്കായി…
ഞാൻ നിന്നേ പ്രണയിച്ചിരുന്നു എന്നത് സൂര്യനേ പോലേ സത്യവും നിൻ്റേ മനസിൽ ഉറഞ്ഞമഞ്ഞുമലകൾ ഉരുക്കാൻ ആ സൂര്യതാപം പ്രാപ്തമാണെന്നും
നിൻ്റേ അഭയം ഇവിടെ തന്നേയാണെന്നും എന്നേ തന്നേ ഓർമിപ്പിച്ച് ഞാൻ ഇവിടെ ഉണ്ടാവും…എന്നും..

By ivayana

Leave a Reply

Your email address will not be published. Required fields are marked *