എന്തൊരു വിരസമാണിവിടെ പ്രഭാതങ്ങൾ!
വൈകിയെപ്പോഴോ
ഉറങ്ങിപ്പോയവന്റെ
കിനാവുകളിൽ നിറയെ
ഓർമ്മകളിലുറച്ചു നിൽക്കാത്ത
നിഴൽചിത്രങ്ങൾ,
പണ്ടെങ്ങോ നടന്നു പോയ സഞ്ചാരപാതകൾ.
പെട്ടെന്നായിരിക്കും അലറാം ശബ്ദം,
അടുത്ത ദിവസം തുടങ്ങാനുള്ള കാഹളം.
ഞെട്ടിയുണർന്നൊന്നു തോണ്ടി, വീണ്ടും നിശബ്ദം.
സഹതാമസനുണരാതിരിക്കാനതേ,
മൊബൈൽ വെളിച്ചത്തിൽ
പ്രഭാതകർമ്മങ്ങളിലേക്കിഴയട്ടെ.
കുളിമുറിയുടെ ജാലകക്കാഴ്ച്ചയിൽ
കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു,
ഖത്തറിന്റെ ഹരിതപദ്ധതിയിൽ
ചുടുപാതയോരങ്ങൾ നീളെ പുഷ്പലതാതികൾ,
തണൽമരങ്ങൾ,
നട്ടു നനച്ചു പരിപാലിച്ചിടാൻ
പച്ചയുടയാടണിഞ്ഞ
കൂലിത്തൊഴിലാളികൾ.
ഷവറിന്നു കീഴിൽ
ചൂടുമഴ നനഞ്ഞ സുഖം…
കാഴ്ചകൾ മറിഞ്ഞു മനസ്സങ്ങു പറക്കുന്നു,
കടൽകാതങ്ങൾക്കുമകലെ,
ചെറുമാന്തോപ്പിലായ്,
എന്റെ സ്വപ്നഭവനം !
തലയുയർത്തിയതാ,
തനിയെ…
ചുറ്റും മൂവാണ്ടനും
മുട്ടിക്കുടിയൻ മൂച്ചിയും
കിളിച്ചുണ്ടൻ ഓളോർ മാവും,
കടുമാങ്ങാപുളിയനും
പിന്നെ മധുരമൂറുമാത്തച്ചക്കയും
മുരിങ്ങയും മെലിഞ്ഞു നിൽക്കുന്നൊരു
കാട്ടുഞാവൽതൈയ്യും
പേരറിയാത്ത മൂന്നു പേരയും
കായ്ച്ചു തുടങ്ങിയൊരു ചിക്കൂട്ടയും
പ്രണയവർണങ്ങളിൽ
കായ്ച്ചു നിൽക്കും ചാമ്പയും
തേങ്ങോലമടൽ വീണ്
ഞെരിഞ്ഞമ്മർന്നിട്ടും
കൊറ്റനാടു കടിച്ചു കുറ്റിയാക്കിയിട്ടും
ബാക്കിയിൽ പൊടിച്ചു തളിർത്തു വളർന്നൊരു
നെല്ലിക്കുട്ടനും
ഒരുമിച്ചു നോക്കുന്നുണ്ടെന്നെ,
നിറഞ്ഞ പരിഭവം,
ഞങ്ങളിവിടെയനാഥരാണു ഹേ…,
ഖത്തറിലെ ഹരിതഭംഗിയാണത്രേ…
നിസ്സഹായനായ് മുഖം തിരിച്ചു,
അല്ലാതെ ഞാനെന്തു ചെയ്‌വാൻ?
സ്ക്രീൻകോണുകളിൽ
ചിന്തകൾ ചികഞ്ഞൊട്ടിച്ചു,
കണ്ണുകൾക്കു കുഴിയൊരുക്കി
അങ്ങിങ്ങു ചീറിപ്പാഞ്ഞു
ബാക്കി ജീവിതം കൂടി
കൊരുത്തൊരുക്കട്ടെ ഞാൻ,
വരാം ഒരിത്തിരി കൂടി
തുഴഞ്ഞെത്താനുണ്ടക്കരേക്ക്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *