രചന : കെ.ആർ.സുരേന്ദ്രൻ ✍
ദീർഘദൂര ട്രെയിനാണ്.
ട്രെയിൻ കൂകിപ്പറക്കുന്നു.
കമ്പാർട്ട്മെന്റിൽ
അവരിരുവരും മാത്രം.
കാമുകനും കാമുകിയും.
ഇരുവരും പരസ്പരം
ഒട്ടിയിരിക്കുന്നു.
അയാളുടെ കൈ
അവളുടെ കൈകളിൽ
ചിത്രം വരക്കുന്നു.
ഇടക്കിടെ പരസ്പരം ചുംബിക്കുന്നു.
കമ്പാർട്ട്മെന്റിൽ
അവരിരുവരും മാത്രം.
കാമുകനും,കാമുകിയും.
ട്രെയിൻ ഓരോ
സ്റ്റേഷനിലും നിർത്തി കടന്നു പോകുന്നു.
അവരിരുവരും ജാലകത്തിലൂടെ
പുറത്തേക്ക് നോക്കിയിരിക്കുന്നു.
വശങ്ങളിൽ സൂര്യകാന്തിപ്പാടങ്ങൾ.
സൂരൃകാന്തിപ്പൂക്കൾ.
പീലി വിടർത്തിയാടുന്ന മയൂരങ്ങൾ.
ദൂരങ്ങളിൽ പച്ചക്കുന്നുകൾ.
പച്ചക്കാർപ്പറ്റണിഞ്ഞ താഴ്വാരങ്ങൾ.
വയലുകളുടെ അപാരത.
കത്തുന്ന സൂര്യന് താഴെ
കാലികളെ മേയ്ക്കുന്ന
കർഷകർ.
അവിടവിടെ നീലത്തതടാകങ്ങൾ. കമ്പാർട്ട്മെന്റിൽ
അവരിരുവരും മാത്രം.
കാമുകിയും കാമുകനും.
കാമുകൻ അവളുടെ
മുടിയിലൂടെ വിരലുകളോടിക്കുന്നു.
അവളുടെ കഴുത്തിൽ
ചുംബിക്കുന്നു.
അവളുടെ മടിയിൽ ചായുന്നു.
എന്നും എപ്പോഴും
ജീവിതം ഇതുപോലെ
മനോഹരമായിരുന്നെങ്കിലെന്ന്
പരസ്പരം
ആഹ്ലാദം പങ്കിടുന്നു.
കമ്പാർട്ട്മെന്റിൽ
അവരിരുവരും മാത്രം.
കാമുകിയും കാമുകനും.
ട്രെയിൻ കൂകിപ്പറക്കുന്നു.
ആരോരുമറിയാതെ
സമയത്തിന്റെ
ട്രെയിൻ പായുന്നു.
നേരം സായാഹ്‌നമാകുന്നു.
സന്ധ്യയാകുന്നു.
ഇരുളുന്നു.
കമ്പാർട്ട്മെന്റിൽ
അവരിവരും മാത്രം.
കാമുകിയും,കാമുകനും.
ഏതോ സ്റ്റേഷനിലെത്തി
ട്രെയിൻ നിൽക്കുന്നു.
ഒരു സംഘം
സാമൂഹ്യദ്രോഹികൾ
കമ്പാർട്ട്മെന്റിൽ കയറുന്നു.
കാമുകി കാമുകനെ
നോക്കി.
അവൾ അവന്റെ കണ്ണിലെ ഉത്കണ്ഠ വായിക്കുന്നു.
അവൻ അവളുടെ
കണ്ണുകളിലെ ഭയം
വായിക്കുന്നു.
അവർ നമ്മളെ ദ്രോഹിക്കുമോ?
അവൾ ഒരു വിറയലായി മാറുന്നു.
ദ്രോഹിക്കാനെന്തിരിക്കുന്നു.?
നാം നിസ്വരല്ലെ?
അവൾ പറയുന്നു
എനിക്ക് നഷ്ടപ്പെടാൻ ഞാനുണ്ട്. നീയുണ്ട്.
നിനക്ക് നഷ്ടപ്പെടാൻ
ഞാനില്ലെ.?
ട്രെയിൻ കൂകിപ്പറക്കുന്നു…..

