സുധ രാവിലെഎഴുന്നേറ്റു പൂമുഖവാതിൽ തുറന്നു .”ശ്ശോ മുറ്റംനിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റുംമഴയുമായിരുന്നല്ലോ”
അവൾ മുറ്റമടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടികേട്ടു. ചൂല് ഒരുഭാഗത്തുവെച്ചിട്ട് കൈകഴുകി പാൽവാങ്ങി അടുക്കളയിൽ കയറിയപ്പോഴാണ് മോഹനേട്ടന്റെ ഉച്ചത്തിലുള്ളവിളി.
“സുധേ …. നീ വേഗംവന്നേ…. ദാ നിന്റെയമ്മ കുളിക്കണമെന്നു പറഞ്ഞുകൊണ്ടു വെളിച്ചെണ്ണയാണെന്നുകരുതി മരുന്നെടുത്തു
തലയിൽതേക്കുന്നു.
അവൾ വേഗം അമ്മയുടെ മുറിയിലെത്തി.

“എന്താ അമ്മേയിത് ?”
” മോളെ ഞാൻ കുളിക്കട്ടെ. നിങ്ങളെല്ലാവരും കുളിച്ചുറെഡിയായില്ലേ. നമുക്ക് കല്യാണത്തിനു പോകേണ്ടതല്ലേ. അവരവിടെ കാത്തിരിക്കുന്നുണ്ടാകും.”
“ശരി വാ …. കുളിക്കാം.” അവൾ അമ്മയെ കുളിമുറിയിൽ കൊണ്ടുപോയി കുളിപ്പിച്ചുതോർത്തി. മുറിയിലേക്കുതന്നെ കൊണ്ടുവന്നിരുത്തി.
“അമ്മ ഇവിടെയിരിക്കൂ. ഞാൻ വേഗംചായതരാം .”
“ചായ കുടിച്ചല്ലോ. നമുക്കുപോകണ്ടേ . മോഹനൻഎവിടെ . മക്കളൊരുങ്ങിയോ ?”
” മോഹനേട്ടനും , കുട്ടികളും ഇവിടെയുണ്ട്. ഞാനെല്ലാവർക്കും ചായതരാം.”
അവൾ അടുക്കളയിലേക്കു വന്നു. ചായയുംപലഹാരവും ഡൈനിംഗ്ടേബിളിൽ വെച്ചിട്ട് അമ്മയ്ക്കുള്ള ചായയുമായി മുറിയിലെത്തി.
അവിടെ കണ്ടകാഴ്ച അവളെ അത്ഭുതപ്പെടുത്തി. അലമാരയിലുള്ള ഡ്രസ്സല്ലാം ബെഡ്ഢിൽ നിരത്തിയിട്ടിരിക്കുന്നു.

“എന്താ അമ്മേ … അമ്മയെന്താ കാണിക്കുന്നത്. ഇതൊക്കയിങ്ങനെ യിട്ടിട്ട് എന്താണ് തെരയുന്നത് ?”
” മോളെ എന്റെ പട്ടുസാരിയെവിടെ. എന്റെ കല്യാണസാരി . നിന്റെച്ഛൻ പറഞ്ഞു ആസാരിയുടുത്തിട്ടു വരാൻ . അച്ഛന്റെ ഡ്രസ്സും ഇതിൽ കാണുന്നില്ലല്ലോ. നീയതൊക്കെ എവിടെയാവെച്ചത് ? വേഗമെടുത്തുതാ ….നിന്റെയച്ഛനു ദേഷ്യംവരും വേഗം പുറപ്പെട്ടിട്ടില്ലെങ്കിൽ”
” ഞാനെടുത്തുതരാം. അമ്മ ഈചായ കഴിക്കൂ .” അവൾ അമ്മയെ അനുനയിപ്പിച്ചു കസേരയിലിരുത്തി. അടുത്തിരുന്നു. കൊച്ചുകുട്ടികൾക്കെന്നപോലെ ചായയുംപലഹാരവും കൊടുത്തു.
അവളുടെ മനസ്സിലൂടെ ആനല്ലകാലത്തിന്റെ ഓർമ്മകൾ കടന്നുപോയി.
“എത്ര സന്തോഷകരമായിരുന്നു ഞങ്ങളുടെജീവിതം. ഹെൽത്ത്ഇൻസ്പെക്ടർമാരായിരുന്ന അച്ഛനുമമ്മയും . ഒരേയൊരുമകളായ എന്നെയുമൊരു ജോലിക്കാരിയാക്കണമെന്നാഗ്രഹിച്ചു. നല്ലവിദ്യാഭ്യാസം നൽകി.

എം.ടെക് കഴിഞ്ഞതിനുശേഷം ഞാൻ പഠിച്ചകോളേജിൽ ലക്ച്ചറായി നിയമനം കിട്ടിയപ്പോൾ എല്ലാവരുമേറെ സന്തോഷിച്ചു.
അതേകോളേജിൽത്തന്നെ ലക്ചറായ മോഹനേട്ടന്റെ വിവാഹാലോചന വന്നപ്പോൾ അച്ഛന്റെ സന്തോഷത്തിനതിരില്ലായിരുന്നു.
” ഷീജേ… നമുക്കൊരേയൊരു മോളല്ലേ . മോളുടെ വിവാഹം ഗംഭീരമായി നടത്തണം.” അച്ഛൻ ഒരുമാസത്തെ അവധിയെടുത്തു. കല്യാണംപറയലും മറ്റുകാര്യങ്ങൾക്കു മായി ഓടിനടന്നു. വിശ്രമവുംഉറക്കവും കുറഞ്ഞു. അന്നുകാലത്ത് എഴുന്നേൽക്കുമ്പോൾ അമ്മപറഞ്ഞത് കേട്ടിരുന്നെങ്കിൽ !!

” ശേഖരേട്ടാ….. നിങ്ങൾക്കു
നല്ലക്ഷീണമുണ്ട്. ബി.പി. ഒന്ന് ചെക്ക് ചെയ്തുനോക്കൂ. ഇന്ന് എവിടേയുംപോകേണ്ട വിശ്രമിക്കൂ”
അമ്മയുടെവാക്കുകൾ ചെവിക്കൊള്ളാതെ അന്ന് ചായപോലും കഴിക്കാതെ വീട്ടിൽ നിന്നുമിറങ്ങുകയായിരുന്നല്ലോ.
“എനിക്ക് അത്യാവശ്യമായിട്ടൊരാളെ കാണാനുണ്ട്. ഇന്ന്തന്നെ കാണേണ്ടതാണ്. എനിക്കൊരു ബുദ്ധിമുട്ടുമില്ല. പോയിട്ടുവേഗംവരാം”
തിരക്കിട്ടിറങ്ങിപ്പോയ അച്ഛൻ ടൗണിലെത്തിയില്ല. ടൗണിലെത്തുന്നതിനുമുൻപായിട്ടുള്ള വളവിൽ ഹോണടിക്കാതെ ചീറിപ്പാഞ്ഞുവന്ന മോട്ടോർസൈക്കിൾ എന്റെയച്ഛന്റെ ഘാതകനായി മാറിയത് പെട്ടെന്നായിരുന്നല്ലോ. ഇടിയുടെ ആഘാതത്തിൽ അച്ഛന്റെബൈക്ക് കരണംമറിഞ്ഞു അടുത്തുള്ള ഇലക്ട്രിക്പോസ്റ്റിലിടിക്കുകയും, അച്ഛൻ റോഡിലേക്കു തെറിച്ചുവീണതും എതിരെവന്നലോറി…..
വയ്യാ! ആനടുക്കം വിട്ടുമാറുന്നില്ല. ചായയുമായി
അച്ഛനെകാത്തിരുന്ന അമ്മയ്ക്ക് ആവാർത്ത ഉൾക്കൊള്ളാനായില്ല.

അബോധാവസ്ഥയിലായിരുന്നുവല്ലോ മാസങ്ങളോളം.
ഒടുവിൽ നിരന്തരമായ ചികിത്സയുടേയും, പ്രാർത്ഥനയുടേയും ഫലമായി
ബോധംകിട്ടിയെങ്കിലും സ്ഥലകാലബോധമില്ലാത്ത അവസ്ഥയാണല്ലോ ഇപ്പോഴുമുള്ളത്.
“സുധേ … സുധേ” മോഹനേട്ടന്റെവിളി അവളെ ചിന്തയിൽനിന്നുമുണർത്തി.
“എന്താമോഹനേട്ടാ …”
“നീയെന്തു തീരുമാനമെടുത്തു .
നിന്റെലീവ്തീർന്നു. ഇന്ന് ജോയിന്റ്ചെയ്യുന്നോ ?
അതോ ലീവ് എക്സ്റ്റൻറ്ചെയ്യുന്നോ? അല്ലെങ്കിൽ ഞാൻ പറഞ്ഞതുപ്രകാരം ചെയ്യൂ . അല്ലാതെ എത്രകാലമെന്നുവെച്ചാണ്
നീ ലീവെടുക്കുന്നത് ? ഞാനൊന്നുംപറയുന്നില്ല. നിന്റെയിഷ്ടംപോലെ ചെയ്യാം. എനിക്കൊരു വിരോധവുമില്ല. ശരി ഞാൻ കോളേജിലേക്ക് പോകാൻനോക്കട്ടെ”
മോഹനേട്ടൻ പറയുന്നത് ശരിയാണ്. എത്രകാലമായി
ലീവ്തുടങ്ങിയിട്ട്. പക്ഷേ എന്റെ അമ്മയെക്കാൾ വലുതാണോ എനിക്കെന്റെജോലി. അല്ല ഒരിക്കലുമല്ല.

അമ്മയെഹോംനേഴ്സിന്റെ അടുത്തുനിർത്തിയിട്ട് പോകാനാവില്ല. ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടുപോയ അമ്മയെ ജീവിതകാലംമുഴുവൻ ശുശ്രൂഷിച്ച് സംരക്ഷിക്കേണ്ടകടമ എനിക്കുണ്ട്.
അച്ഛന്റെആത്മാവും ദുഃഖിക്കും. അത്രയേറെ
സ്നേഹവാത്സല്യവും കരുതലും നൽകിയവരാണവർ.
അവൾഉറച്ചതീരുമാനത്തോടെ അവിടെനിന്നും എഴുന്നേറ്റു .
ലീവ്ആപ്ലിക്കേഷൻ ഫില്ല്ചെയ്തു ഭർത്താവിന്റെ കൈയ്യിൽകൊടുത്തു
അവളുടെ നിറഞ്ഞൊഴുകുന്നകണ്ണുകൾ
തുടച്ചുകൊണ്ട് മോഹനനവളെ സമാധാനിപ്പിച്ചു
“സാരമില്ലെടോ…. താനിങ്ങനെ കൊച്ചുകുട്ടികളെപ്പോലെയാകല്ലേ. എല്ലാറ്റിനും
ഒരുപോംവഴിയുണ്ടാകും. നമുക്ക് അമ്മയെ വേറെനല്ലഡോക്ടർക്കു കാണിക്കാം. എന്റെസുഹൃത്ത് രാമചന്ദന്റെഅനിയൻ മെഡിക്കൽകോളേജിലെ ഡോക്ടറാണ്.

രണ്ടുദിവസംകഴിഞ്ഞുനമുക്കവരെയൊന്നു കാണിക്കാം. ഞാൻ രാമചന്ദ്രനുമായിട്ടൊന്നു സംസാരിക്കട്ടെ. താനൊന്നു ചിരിക്കടോ ഭാര്യേ ….”
അവളുടെ മുഖത്തുവിടർന്ന പുഞ്ചിരിക്കൊരു
മറുപുഞ്ചിരിനൽകി മോഹനൻ പടിയിറങ്ങി.
അവൾവീണ്ടും അമ്മയ്ക്കരിക്കിലേക്കുമടങ്ങി.

ഒ.കെ.ശൈലജ ടീച്ചർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *