രചന : നൗഷാദ് അറക്കൽ ✍️
മനസ്സിൽ ഒട്ടനവധി സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും, ബാഹ്യസൗന്ദര്യമില്ലെന്ന ഒരൊറ്റ കാരണത്താൽ ജലജയെ തേടി വിവാഹാലോചനകളൊന്നും വന്നില്ല. ഒടുവിൽ, അവളുടെ കോടികളുടെ സ്വത്തും ബാങ്ക് ബാലൻസും മാത്രം ലക്ഷ്യം വെച്ച് പറമ്പ് ബ്രോക്കറായ രമേശൻ അവളെ വിവാഹം കഴിച്ചു. പക്ഷേ, വിവാഹം കഴിഞ്ഞിട്ടും ജലജയുടെ ജീവിതം ശൂന്യമായ ഒരു മരുഭൂമി പോലെയായിരുന്നു. ഒരു ദിവസം പോലും അയാൾ അവളെയൊന്ന് സ്നേഹത്തോടെ നോക്കുകയോ, ഒരു ഭർത്താവിന്റെ അവകാശത്തോടെ അവളുടെ ശരീരത്തെ സ്പർശിക്കുകയോ ചെയ്തില്ല.
ജലജയുടെ പണവും സ്വത്തുക്കളും കൈക്കലാക്കി അത് പുറത്തുപോയി ധൂർത്തടിക്കാനും, അവളുടെ പൈസ ഉപയോഗിച്ച് മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാനുമായിരുന്നു രമേശന് താല്പര്യം. തനിക്കൊരു ഭാര്യ വീട്ടിലുണ്ടെന്ന കാര്യം പോലും അയാൾ മറന്നു.
ഒരു ദിവസം സങ്കടങ്ങൾ മറക്കാൻ ഷോപ്പിങ്ങിനിറങ്ങിയ ജലജ, തന്റെ പഴയ കൂട്ടുകാരിയായ ബിന്ദുവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഏറെ നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ അവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.
ബിന്ദു തന്റെ കയ്പേറിയ ഭൂതകാലം തുറന്നുപറഞ്ഞു: “അച്ഛനും അമ്മയും അനുജത്തിയുമടങ്ങുന്നതായിരുന്നു എന്റെ കുടുംബം. ഒരുപാട് ആലോചനകൾ വന്നെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ വന്ന ഒരു ബന്ധം, ചോദിച്ച അത്രയും സ്വർണ്ണമില്ലെന്ന് പറഞ്ഞ് അവർ മുടക്കി. ആ സങ്കടത്തിൽ അച്ഛൻ ഹൃദയം തകർന്നു മരിച്ചു. അതോടെ കുടുംബം പട്ടിണിയിലായി. അമ്മയ്ക്കും അനുജത്തിക്കും വേണ്ടി, ആ വരന് വേണ്ടത്ര സ്വർണ്ണം നൽകാൻ ഞാൻ എന്റെ ശരീരം മറ്റുള്ളവർക്ക് കാഴ്ചവെച്ച് പണമുണ്ടാക്കി.”
“ആ പണവും സ്വർണ്ണവും കണ്ട് അയാൾ എന്നെ കല്യാണവും കഴിച്ചു. അവർക്ക് വേണ്ടത് എന്നെയായിരുന്നില്ല, സ്വർണ്ണമായിരുന്നു. പക്ഷേ, ദൈവം എന്നെ ശിക്ഷിച്ചു… മൂന്ന് മാസം മാത്രം നീണ്ടുനിന്ന ആ ദാമ്പത്യം ഒടുവിൽ ഭർത്താവിന്റെ ആക്സിഡന്റ് മരണത്തോടെ അവസാനിച്ചു. ഇപ്പോൾ ഞാൻ ജീവിക്കാൻ വേണ്ടി ഒരു വേശ്യാലയം നടത്തുകയാണ്.” ബിന്ദു പറഞ്ഞു നിർത്തി.
അവർ സംസാരിച്ചുകൊണ്ടിരിക്കെ, ആ വഴി രമേശൻ നടന്നുപോകുന്നത് ജലജ കണ്ടു. ജലജയുടെ ഭാവമാറ്റം കണ്ട് ബിന്ദു ചോദിച്ചു: “ആ പോയ ആളാണോ നിന്റെ ഭർത്താവ്?”
ജലജ കണ്ണീരോടെ അതെ എന്ന് തലയാട്ടി.
ബിന്ദു ഞെട്ടലോടെ പറഞ്ഞു: “അയാൾ മിക്ക ദിവസങ്ങളിലും അന്തിയുറങ്ങാറ് ഞാൻ നടത്തുന്ന വേശ്യാലയത്തിലാണ്!”
തന്റെ ജീവിതത്തിൽ ഒരു ആദ്യരാത്രി പോലും ഉണ്ടായിട്ടില്ലെന്ന കാര്യം ജലജ ബിന്ദുവിനോട് തുറന്നുപറഞ്ഞു. അപ്പോൾ ബിന്ദുവിന്റെ മനസ്സിൽ ഒരു ബുദ്ധി തെളിഞ്ഞു: “നീ ഒരു കാര്യം ചെയ്യ്. അയാൾ നിന്റെ കോടിക്കണക്കിന് വരുന്ന പൈസയെല്ലാം കൊണ്ട് കൊടുക്കുന്നത് അന്യപെണ്ണുങ്ങൾക്കാണ്. ആ പൈസ നിനക്ക് തന്നെ തിരിച്ചു വാങ്ങാം, കൂടെ നിന്റെ ഭർത്താവിനെയും. കാര്യം കുറച്ച് അപകടം പിടിച്ചതാണ്. എങ്കിലും വരുന്നത് നിന്റെ ഭർത്താവാണെന്ന് നമുക്കറിയാമല്ലോ. രാത്രി 9 മണിക്ക് അയാൾ അവിടെ വരും. ആ സമയത്ത് നീ ആ റൂമിൽ കയറി ലൈറ്റ് അണച്ചിരുന്നാൽ മതി. ലൈറ്റ് ഇടാൻ അയാൾക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞോളാം.”
ബിന്ദു പറഞ്ഞതുപോലെ ജലജ തയ്യാറായി. രാത്രി കൃത്യസമയത്ത് രമേശൻ വന്നു, ഇരുട്ടുമുറിയിൽ കയറി കഥകടച്ചു. തന്റെ മുന്നിൽ ഇരിക്കുന്നത് സ്വന്തം ഭാര്യയാണെന്നറിയാതെ അയാൾ ആ ശരീരത്തെ പുൽകി. ദിവസങ്ങളോളം ഈ രഹസ്യബന്ധം തുടർന്നു. ഇരുട്ടിൽ ജലജ നൽകിയ സ്നേഹവും സുഖവും രമേശൻ ഭ്രാന്തമായി ഇഷ്ടപ്പെടാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം ജലജയ്ക്ക് അസുഖം ബാധിച്ചു. അവൾക്ക് വരാൻ കഴിയാത്തതുകൊണ്ട് ബിന്ദു രമേശന് വേണ്ടി മറ്റൊരു പെണ്ണിനെ റൂമിൽ അറേഞ്ച് ചെയ്തു കൊടുത്തു.
അന്നും പതിവുപോലെ ഇരുട്ടുമുറിയിൽ വെച്ച് രമേശൻ ആ സ്ത്രീയെ സമീപിച്ചു. പക്ഷേ, ലൈറ്റില്ലെങ്കിലും ആ പെണ്ണിന്റെ സ്പർശനവും ഗന്ധവും മുൻപത്തെ പെണ്ണിന്റേതല്ലെന്ന് രമേശന് പെട്ടെന്ന് മനസ്സിലായി. മുൻപ് തന്നോടൊപ്പമുണ്ടായിരുന്ന പെണ്ണിന്റെ ശരീരത്തിന്റെ ഏതോ ഒരു ഭാഗത്ത് പൊള്ളലേറ്റതുപോലെയുള്ള ഒരു പാടുണ്ടായിരുന്നു. അത് അയാളുടെ വിരലുകൾക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ ഈ പുതിയ പെണ്ണിന് അങ്ങനെ ഒന്നുമില്ലായിരുന്നു. മാത്രമല്ല, അവളുടെ ശരീരഗന്ധവും മറ്റൊന്നായിരുന്നു. ആകുലനായ രമേശൻ നേരെ ബിന്ദുവിന്റെ അടുത്തെത്തി ചോദിച്ചു: “ഇത് ഇവിടെ സ്ഥിരം വരാറുള്ള പെണ്ണല്ല, ആരാണ് അവൾ?”
ബിന്ദു ഒന്നും പറയാതെ, നിസ്സഹായതയോടെ ഒരു അഡ്രസ്സ് എഴുതി രമേശന്റെ കൈയിൽ കൊടുത്തു.
തന്റെ സ്വന്തം വീടിന്റെ അഡ്രസ്സ് കണ്ട് രമേശൻ സ്തംഭിച്ചുപോയി! അയാൾ വണ്ടി തിരിച്ച് വേഗം വീട്ടിലേക്ക് പാഞ്ഞു.
വീട്ടിലെത്തിയ അയാൾ കണ്ടത് കട്ടിലിൽ ആഴത്തിലുള്ള ഉറക്കത്തിലായിരുന്ന ജലജയെയാണ്. ഫാനിന്റെ കാറ്റിൽ അവളുടെ നൈറ്റി അല്പം നീങ്ങിയപ്പോൾ, കഴുത്തിന്റെ ഭാഗത്തുള്ള ആ പഴയ പൊള്ളലിന്റെ പാട് രമേശൻ കണ്ടു!
അയാൾ തരിച്ചുനിന്നുപോയി… ‘ഇത്രയും നാൾ ഞാൻ ഇരുട്ടിൽ ആസ്വദിച്ചതും പ്രണയിച്ചതും എന്റെ സ്വന്തം ഭാര്യയെയായിരുന്നോ?!’ ആ വല്ലാത്ത തിരിച്ചറിവിൽ രമേശന്റെ കണ്ണ് നിറഞ്ഞു.
പെട്ടെന്ന് ജലജ ഉണർന്നു. പേടിയോടെ നോക്കിയ അവളോട് രമേശൻ വളരെ ശാന്തമായി പറഞ്ഞു: “സാരമില്ല, നീ കിടന്നോളൂ…”
വിവാഹശേഷം ആദ്യമായിട്ടായിരുന്നു രമേശന്റെ നാവിൽ നിന്ന് ജലജ അങ്ങനെയൊരു നല്ല വാക്ക് കേൾക്കുന്നത്.
പക്ഷേ, പെട്ടെന്ന് ജലജയ്ക്ക് അസ്വസ്ഥത തോന്നി അവൾ എഴുന്നേറ്റ് ഛർദ്ദിച്ചു. പരിഭ്രാന്തനായ രമേശൻ അവളെ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ പുഞ്ചിരിയോടെ ആ സന്തോഷവാർത്ത അറിയിച്ചു: “അഭിനന്ദനങ്ങൾ, ജലജ ഗർഭിണിയാണെന്ന്.”
ആ കുഞ്ഞ് തന്റെ ഭർത്താവിന്റേതാണെന്ന് ജലജയ്ക്ക് അറിയാമായിരുന്നെങ്കിലും, രമേശൻ ഇത് കേട്ട് എന്ത് വിചാരിക്കും എന്ന് അവൾ ഭയന്നു. പക്ഷേ, ജലജയെ അത്ഭുതപ്പെടുത്തിക്കൊണ്ട് രമേശൻ അതീവ സന്തോഷവാനായി. തന്റെ മുറ്റത്തെ മുല്ലയ്ക്ക് എത്രമാത്രം സുഗന്ധമുണ്ടായിരുന്നു എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.
അന്ന് രാത്രി, രമേശൻ പുറത്തുപോയി മുല്ലപ്പൂ വാങ്ങിച്ച് അവരുടെ യഥാർത്ഥമായ ആദ്യരാത്രി ആഘോഷമാക്കി.
