രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാനായി വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്ന് കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി.

ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി.
വാരികയായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും – തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന അനുഭവപാഠങ്ങൾ ഓരോ കൃതികളിലും വളരെ തന്മയത്വത്തോടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും വിവിധ ഭാവങ്ങൾ ജീവിതഗന്ധിയായി പകർത്താൻ ബഷീർ എന്ന എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ലളിതമായ നർമ്മരസം തുളുമ്പുന്ന സവിശേഷമായ ഒരു രചനാശൈലി അദ്ദേഹത്തിന്റെ കൃതികളിൽ ഉടനീളം ദർശിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ശക്തമായ ആക്ഷേപഹാസ്യവും രൂക്ഷമായ പരിഹാസവും വരികളിൽ ചേർത്തുവച്ച് കേവല നർമ്മത്തിനപ്പുറം സാമൂഹിക വ്യവഹാരത്തെപ്പറ്റി ഗഹനമായി ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കാറുണ്ട് ഓരോ ബഷീർ കൃതികളും .സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.

ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം
നായകന്മാരാകുക, പിന്നോക്കം നിൽക്കുന്ന മനുഷ്യരെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ദൈനംദിന ജീവിതത്തിൽ നാം നിസ്സാരവൽക്കരിക്കുന്ന പലതിനെയും അനിർവചനീയമായ രചനാശൈലി കൊണ്ട് വായനക്കാരന്റെ ബോധമണ്ഡലത്തിൽ ചിരിയും ചിന്തയും ഉണർത്താൻ ബഷീറിന് സാധിച്ചിരുന്നു എന്ന് പറയാതെ വയ്യ. പ്രണയം, ദാരിദ്ര്യം, പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾ, കുടുംബ പശ്ചാത്തലങ്ങൾ എന്ന് വേണ്ട ഒരു മനുഷ്യായുസ്സിലെ സകലതിനെപ്പറ്റിയും അദ്ദേഹം എഴുതി…. മലയാളികളെ ചിന്തിപ്പിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *