രചന : പ്രസീദ.എം.എൻ ദേവു✍️
മഴ മണ്ണിൻ്റെ നാഭിയിൽ
തൊടുന്ന പോലെ,
വണ്ട് പൂവിൻ്റെ
ചുണ്ടിൽ മുത്തുന്ന പോലെ,
മീനുകൾ
ജലാശയത്തിലേയ്ക്ക്
തെറിച്ചു വീഴാനൊരുങ്ങും പോലെ,
ഇവിടെയാകെ
രതിയുടെ ഭാഷകൾ,
പെണ്ണുടൽ ഭാഷയ്ക്ക്
എത്ര വിവർത്തനങ്ങൾ,
ആണുടൽ ഭാഷയ്ക്ക്
എത്ര ചമൽക്കാരങ്ങൾ,
സ്വയം ഭാഷയെ
സംഭോഗിക്കുന്നവരിൽ
ദീർഘാക്ഷരങ്ങൾ
വാഴില്ലെന്ന്,
പിടിച്ചു പറിച്ച ഭാഷയുമായ്
സംഭോഗിക്കുന്നവരിൽ
സുഖാക്ഷരങ്ങൾ
നിലനിൽക്കില്ലെന്ന്,
ഒത്തൊരുമിച്ച
ഭാഷയുമായ്
സംഭോഗിക്കുന്നവരിൽ
സകലാക്ഷരങ്ങളും
പള്ളി കൊള്ളുമെന്ന്,
കട്ടെടുത്ത ഭാഷയുമായ്
സംഭോഗിക്കുന്നവരിൽ
ഒരക്ഷരവും
നീണ്ടു നിൽക്കില്ലെന്ന്,
നീയെൻ്റെ
വല്ലാത്ത ഭാഷ തന്നെ,
സ്വരാക്ഷരങ്ങൾ കൂട്ടി
നീയെന്നെ
ആദ്യമായി സംഭോഗിച്ചത്
വിരലിലായിരുന്നു,
അ മുതൽ അം വരെ
പതിനഞ്ചു നാഴിക നേരം,
വ്യഞ്ജനങ്ങളിലമർന്ന്
കണ്ണും, കാതും, മൂക്കും,
കവിളും, ചുണ്ടും,
അഞ്ച് മറി ഇരട്ടിച്ചു സംഭോഗിച്ചു
സ്പർശങ്ങളുടെ
ഏറെ വിനാഴിക നേരങ്ങൾ,
കഴുത്തിൽ,
കവിതയെന്ന്
ചുണ്ടാലുരച്ച്,
മുലയിൽ
പെണ്ണേയെന്ന്
പല്ലാൽ കടിച്ച്,
നാഭിയിൽ,
ദേവിയെന്ന്
നാവാൽ പിറുത്ത്,
യോനിയിൽ,
മധ്യമ, ഊഷ്മാവ്
ഘോഷികൾ
തീർത്ത
രതിയെന്നുരച്ച്,
തുടയിൽ
ദ്രാവിഡ മധ്യമ
സംഗമം പണിത്,
കാൽനഖം വരെ
നാസിക വിസർഗ്ഗത്തിലലിഞ്ഞ്,
സംഭോഗിച്ച്,
സ്പർശിച്ച്,
ചുംബിച്ച്,
തലോടി,
തഴുകി,
സ്ത്രീ ഭാഷയെ
അറിഞ്ഞു നീ,
പുരുഷ ഭാഷ
പഠിച്ചു ഞാൻ,
ഇവിടെയാകെ
ശുക്ല ബീജങ്ങൾ
ഭാഷയായ്
തെറിച്ചു പായുന്നു,
നിങ്ങളും
പഠിക്കണം
സംഭോഗ ഭാഷകൾ,
നിങ്ങളും
പഠിപ്പിക്കണം
സംതുലന ഭാഷകൾ,
എൻ്റെ കവിതയിൽ
നിന്ന്
നിങ്ങളെന്തു
പഠിച്ചു എന്നത്
വെറുമൊരു ചോദ്യം മാത്രമാണ്,
എൻ്റെ കവിത
നിങ്ങൾക്കൊരു
ഉത്തരം തന്നുവെങ്കിൽ
നിങ്ങൾ ഭാഷയുമായി
സംഭോഗത്തിലേർപ്പെട്ടുവെന്നുമാണ്,

