ആകാശത്തങ്ങനെ,യർക്കനുദിക്കവേ
ആലിൻചുവട്ടിലുമെത്തി ദ്യുതി
ആയിരം പക്ഷിക, ളാരവമോടെത്തി
ആ ദിനം തൂമ നിറഞ്ഞതാക്കി.
ഒത്തിരി മോഹത്തോടിത്തിരി നേരം ഞാൻ
ചിത്തിരക്കായലിലേക്കു നോക്കി
കാത്തിരുന്നന്നു ഞാൻ മുത്താകുമച്ഛനെ-
യെത്തിയിരുന്നെങ്കിലൊന്നു കാണാൻ
സുന്ദരിയാകിലും കായലിന്നോളങ്ങൾ
വൃന്ദാവനത്തിലെ കണ്ണനെപ്പോൽ
കട്ടെടുത്തച്ഛനെ കൂട്ടത്തിൽ കൂട്ടുവാൻ
വിട്ടുതന്നില്ലെന്റെ കൂട്ടിനായി.
“സുന്ദരീ! നിന്നുടെ,യന്തകരണത്തിൽ
സന്ധ്യയെ,യെന്തിനൊളിപ്പിക്കുന്നു .
അന്തിയിൽ പോകുന്ന പോക്കിനെന്നച്ഛനെ
എന്തേ കവർന്നു നീ പോയിടുന്നു?
ആകൂലചിത്തയായ് ഏകയായ് ഞാനന്ന്
ആവണിത്തെന്നലും കൊണ്ടിരിക്കെ
ആരാമമുറ്റത്താ, യാറിന്റെ തീരത്ത്
അച്ഛ,നന്നെത്തി ആതപം പോൽ.
സ്വപ്നമാണെന്നു ഞാൻ ചിന്തിച്ചിരിക്കവേ
സഹർഷമോടവനെത്തി ചാരേ
ഇത്തിരിനേരംകൊണ്ടൊത്തിരിശങ്കത-
ന്നത്താഴമൂണിനായെത്തിയച്ഛൻ.
ചന്ദനം ചാലിച്ചൊഴുകിയ സാരണി
ശാന്തത കൈവിടാതെത്തി ചാരെ
ചിന്തയിലങ്ങനെ ഞാൻ മുഴുകീടവേ
സുന്ദരമായെന്റെ ജീവിതവും.

തോമസ് കാവാലം

By ivayana