പുലരി പിറന്നൂ സ്വാതന്ത്ര്യത്തിൻ
ചിറകടിയിന്നു മുയരുന്നൂ
ഭാരത ഹൃദയൈക്യത്തിൻ സ്പന്ദന-
മൊന്നാണെന്നുമുണർത്തുന്നൂ.
നവനവ ചിന്തകൾ പൂത്തുതളിർക്കാ-
നുദയത്തേൻമധുരം നുകരാൻ
സദയമുണർന്നൂ സ്മരണകൾ ഭാരത-
ഹൃദയം തുടികൊട്ടീടുന്നു.
വീര ചരിതമറിഞ്ഞു വളർന്നോർ
ധീരസ്മരണകൾ കൈമാറാൻ
കാരുണ്യാമൃത ജീവിതമധുരം
നുകരുന്നൂർജ്ജംപകരുന്നൂ.
ഗാന്ധിജി തൻപ്രിയ നാടിന്നേകിയ
സ്വാതന്ത്ര്യത്തിൻ ദീപങ്ങൾ
തെളിച്ചുയർത്തുക നാടേയിനിയും
തിളങ്ങിടട്ടേ ഹൃദയങ്ങൾ.
ബാലമനസ്സുകളാഹ്ലാദത്തിൻ
പുലർവെളിച്ചം നുകരുമ്പോൾ
ഉണർന്നിടട്ടേ ദീപ്ത സ്മരണകൾ
നിറഞ്ഞിടട്ടേ, നിന്നുള്ളിൽ.
ജവഹരിലാലിൻ പനിനീർപ്പോലൊരു
പുലരിപിറന്നൂ ഹൃദയത്തിൽ
സ്വാതന്ത്ര്യാമൃത മേകുക തമ്മിൽ
സമത്വ,സ്നേഹത്തളികകളിൽ.
മനുഷ്യർ നമ്മൾ മാനസവനികകൾ
തളിർത്തുയർത്തുക ഗ്രാമത്തിൽ
തിളക്കമുള്ള മലർസ്മിതമേകാൻ
തിരുഹൃദയത്തെയറിഞ്ഞീടാൻ.
കൈകോർത്തണിചേർന്നീടുക സദയം
വന്ദിക്കുകയീ മാതാവിൻ
ഹൃദയവിശുദ്ധിയറിഞ്ഞുദയത്തിൻ
വീഥികളിൽനാമൊന്നിക്കിൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *