രാഘവ പട്ടാഭിഷേകം
മുടങ്ങിയ നേരം തന്നിൽ
രാജമന്ദിരമാകവെ
കണ്ണീരിൽ മുങ്ങി
രാജമല്ലിപ്പൂഞ്ചൊടിയിൽ
രാജീവം വിരിഞ്ഞ പോലെ
രാജതല്പത്തിൽ ശയിച്ച
ജാനകിതാനും
രാമനോടൊത്തിന്നു പോണു
കാനനവാസത്തിനായി
മന്ത്രകോടി മാറിവന്ന
മരവുരി പോൽ
കാർമുകിൽക്കൂട്ടങ്ങൾക്കുള്ളിൽ
വാർമഴവില്ലെന്ന പോലെ
കൊടുംഭീതിയുണർത്തുന്ന
വനത്തിലേയ്ക്ക്
മൈഥിലി, ശ്രീരാമചന്ദ്ര
ദേവനെയനുഗമിച്ചു
ലക്‌ഷ്മണകുമാരനവർ
ക്കകമ്പടിയായ്.
ഈശ്വരനും മനുഷ്യനും
മധ്യേ യോഗമായ പോലെ
അനുഗ്രഹവർഷിണിയാം
പ്രകൃതിപോലെ
രാമലക്ഷ്മണൻമാർ മധ്യേ
ദേവിസീത നടകൊണ്ടു
മാനവരും വാനവരും
നമിച്ചു നിന്നു .

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *