രചന : റാഷി നാസ് ✍️
മണ്ണ് മൗനമായ് ഞാനാകും,
വിത്തിനെ മാറിലുറക്കി.
ഞരമ്പിൽ വെള്ളവും വളവും പകർന്നു..
സൂര്യകിരണങ്ങളേറ്റു കഴിഞ്ഞു ഞാൻ…
മെല്ലെയെൻ മിഴികൾ
കൗതുകത്താൽതുറന്നു
കുഞ്ഞുചെടിയായെ ന്നെ കുഞ്ഞിളംകാറ്റ് തലോടി,
കാലക്കൊഴിച്ചിലിൽ
മാമരമായ് മാറവേ…
മറന്നില്ല ഞാനെന്നെ
മാറോടണച്ചകരങ്ങളെ!
മുറുകെ പുണർന്നു വേരുകളെൻതനുവിനെ…
തരാനെന്നിലൊന്നു മില്ലേലും തണലും,
താങ്ങാൻ താഴുന്നചില്ലയും,
ജീവവായുവും പകരട്ടെ ഞാൻ!
കൂടുവെയ്ക്കാൻ
പൈങ്കിളികളെൻ
ചില്ലയിലെത്തി, പറക്കമുറ്റെ പറന്നുപോവുന്നു..
അനന്തമാം നീലവാനം
അവരെകാത്തിരിയ് ക്കവെ,ഞാനെന്തിനൊരു വിലങ്ങാവണം!
മഴത്തുള്ളികൾവന്നെന്നിൽ നിമിഷ നേരമുറങ്ങവേ
ഇളങ്കാറ്റു വന്നവയെ അടർത്തിമാറ്റി.
പുഴപോലൊഴുകുമീ ജീവയാത്രയിലേറ്റം
കൈപ്പും മധുരവു മാവോളം നുകർന്നു ഞാൻ.
കൊഴിഞ്ഞുവീണോരോ നിമിഷത്തിനും
നന്ദിയുണ്ടേറേ സംതൃപ്തിയും.
വേനൽചൂടേൽക്കുമെന്നിൽകുളിരുപകരാൻ
വൈകിയൊരു പൂന്തെന്നലായണഞ്ഞില്ല.

