ആഞ്ഞുതുഴയുന്നുണ്ടായിരുന്നു
പക്ഷെ സ്വപ്നം
അവളുടെ മഷിയെഴുതിയ കണ്ണിൻ്റെ
ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി
ശ്വാസം കിട്ടാതെ
കൈകാലിട്ടടിച്ച്
മലകയറിവന്ന കാറ്റ്
തകരവാതിലിലടിച്ച്
ശബ്ദമുണ്ടാക്കിയുണർത്തി
പലകക്കട്ടിലിൽ എണ്ണീച്ചിരുന്ന്
തലക്കൽനിന്നും ഒരുബീഡിയെടുത്ത്
തീപ്പിടിപ്പിച്ചു
മുറിയിലാകെ
ചാക്കിൽ കെട്ടിവച്ച
ഉണങ്ങിയ കോലിഞ്ചിമണം
ചെറിയ റാന്തൽ കത്തിച്ചു,
ഭിത്തിയിൽ നിറംമങ്ങിയ
തൊപ്പിയിലെ നക്ഷത്രത്തിനൊപ്പം
തടിച്ചൊരു ചുരുട്ടുമെരിഞ്ഞു
തണുപ്പ്,
ഈറ്റപ്പാളികൾക്കിടയിലൂടെ
അരിച്ചുകയറി
അടുത്തമുറിയിലെ അടുപ്പിൽ
തീപ്പറ്റിച്ച് കാപ്പിക്കു വെള്ളംവച്ചു
കൈ അടുപ്പിലേക്കു നീട്ടിപ്പിടിച്ച്
കൂട്ടിയുരച്ച് ചൂടാക്കി
വെളിയിൽ
മുറ്റത്തിനുതാഴെ നിൽക്കുന്ന
വെണ്ടേക്കിനു മുകളിലിരുന്ന്
ഒരു പാറാൻ നീട്ടിവിളിച്ചു
ഉലുവപൊടിച്ചുചേർത്ത കടുംകാപ്പിയിൽ
ഏറെ മധുരം ചേർത്തിളക്കി
ഒരിറക്കു കുടിച്ച്
ഓർമ്മയിലൊന്നു പുഞ്ചിരിച്ച്
വീണ്ടും ആഞ്ഞു തുഴഞ്ഞു
നേരം വെളുക്കാൻ ഇനിയും
സമയമുണ്ട്….

By ivayana

Leave a Reply

Your email address will not be published. Required fields are marked *