പച്ചയും,, മഞ്ഞയും ,,
നീലയും കലർന്ന
ഞാൻ
ആസിഡിലാണ്
കുളിച്ച് ഒരുങ്ങിയത്..
എൻ്റെ അരക്കെട്ടിൽ
ക്ലാവു പിടിച്ച ഒരു വെള്ളിയരഞ്ഞാണമുണ്ടായിരുന്നു.
നമ്പറടിച്ച് എന്നെയവർ
കെട്ടുകളാക്കി മുറുക്കി,,
എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു,
കാവിലെ ഭണ്ഡാരങ്ങളെന്നെ
നോക്കി പല്ലിളിച്ചു,,
ഇരുട്ടറയിലെ ദൈവശാസ്ത്രത്തിൽ
നിന്ന്
ചന്തയിലെ മീൻകാരിയുടെ
വായ്തോരാത്ത
വർത്തമാനത്തിനു
കാതോർത്തു ഞാൻ,
ഓരോ കൈയിലും
ഞാൻ മാറി മാറി കിടന്നു,
ചായപ്പീടികയിലൊരാളെന്നെ
ചുരുട്ടിയൊരേറ്
മേശമേൽ തട്ടി ഞാൻ വീണു,
കടുപ്പം കൂടിയ ചായ മേലുള്ള പ്രതികാരത്തിന്
ഞാനന്ന് ആദ്യം പിഴച്ചു..
വലിച്ചു തള്ളിയ സിഗരറ്റ് കുറ്റിയുടെ ആളലിന്
എൻ്റെ മേനിയെ
കുത്തി പൊള്ളിക്കണമെന്നായി,
നീറുന്നുണ്ടായിരുന്നു
ഞാൻ കരയാതെ കിടന്നു,
കള്ള് ഷാപ്പിലെ മീൻകറി പാത്രത്തിലെ
മുള്ളിൽ കുടുങ്ങിയ
എന്നെ
ചിരട്ട കൈയിട്ടാരോ
കുടഞ്ഞ് നിവർത്തി,
ഞാൻ ചെന്നു വീണത്
കശാപ്പുകാരൻ്റെ
ചോര തെറിച്ച മരപ്പെട്ടിയിലേയ്ക്കായിരുന്നു,
അയാളെന്നെ കൊഴുത്തു തടിച്ച
ഒരു കൊമ്പൻ മീശക്കാരന്
വെച്ചു നീട്ടി,,
ആലസ്യമാണ്ട
പെൺശരീരത്തിൻ്റെ
കൂലി കൊടുപ്പിന് ഞാൻ സാക്ഷിയായി ,,
ചെറിയൊരു അരി കടയിൽ
എന്നെ അവൾ സമർപ്പിച്ചു,
വയറു നിറഞ്ഞ അവളുടെ മക്കൾ
തുള്ളി ചാടണത്
ഞാനിപ്പുറത്തിരുന്ന് കണ്ടു,
വായ്പ അടക്കാനെന്നെ
കടയിലുള്ളയാള്
സ്വരുക്കൂട്ടി,,
ബാങ്കിലെ യന്ത്രമെന്നെ
വിറപ്പിച്ചു വിട്ടു,,
വീണ്ടും ഞാൻ
ബന്ധനക്കെട്ടിലായി,,
ബാറിൻ്റെ ഒഴിയാത്ത വരാന്തയിൽ
ലഹരി മണമേറ്റ്
ഞാൻ മയങ്ങി,,
ഉണർന്നപ്പോൾ
തേച്ച്,വെളുത്ത
കുപ്പായക്കാരൻ്റെ
തലയിണക്കീഴിലായിരുന്നു
ഞാൻ..
എന്നെ പലരും
പലവട്ടം മുറുക്കി പിടിച്ചു,
രാഷ്ട്രീയം
ഒരുമിച്ചൊരു മേശമേൽ
ഉച്ചയൂണിന് എന്നെ ക്ഷണിച്ചു,,,
ജനങ്ങൾ കോമാളിയാവുന്നത്
ഓർത്ത് ഞാൻ ചിരിച്ചു,,
മതം വിളമ്പിയ അന്നത്തിൽ
വിഷം വേവുന്നത്‌ ഞാൻ നോക്കി നിന്നു,
കരൾ മുറിച്ച് കൊടുത്ത
ഒരാളോടൊപ്പം എന്നെ തനിച്ചു വിട്ടു,
പത്ത് ദിവസം കൊണ്ട്
ഇരിക്കപ്പൊറുതിയില്ലാതെ
ഞാൻ ഇറങ്ങിയോടി,
എന്നെയാരൊക്കൊയോ
പിടിച്ചു വലിച്ചു,,
ശരീരമാകെ മുഷിഞ്ഞ്,
ഞാൻ ചന്തമില്ലാത്തവളായി,
ഞാൻ കള്ളി പെണ്ണെന്ന്
ചിലർ പറഞ്ഞു,
രാഷ്ട്രീയ തന്ത്രങ്ങളിൽ
ഞാൻ പുതിയ ഉടുപ്പിട്ടവളായി,,
വ്യാജനും, ഞാനും
മാറി മാറി നടന്നു,,
കൂട്ടി വെച്ച എന്നെയവർ
കൂസലില്ലാതെ
കത്തിച്ചു,
ഞാനെത്താത്ത കൈകളില്ല,,
ചിലരെന്നെ മണത്തു നോക്കും,,
ചിലര് പൂക്കാൻ വെയ്ക്കും,,
ചിലപ്പോൾ തീണ്ടൽ ചെക്കൻ
തൊട്ട ഞാൻ
അമ്പലത്തില് നിന്ന് തുള്ളിയുറയും,,
കഞ്ഞിക്ക് വകയില്ലാത്തൊരെന്നെ
കാണാൻ തിടുക്കം കൂട്ടും,,
കണ്ണില്ലാത്തോനെൻ്റെ
മേനിയിൽ പരതും,,
ഞാനില്ലാതെ
ആർക്കും
ജീവിക്കാൻ വയ്യെന്നായി,,
പിണമായൊരുത്തനെ
പ്രണയിക്കണമെന്നാണിപ്പോൾ,.
പണമായ എന്നിൽ നിന്നാരും
പിടി വിടുന്നുമില്ല….

പ്രസീദ.എം.എൻ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *