രചന : ഡി കെ കുരിയാപ്പിള ✍️
ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…
യേശുവിനോടുള്ള എന്റെ 47-ാമത്തെ ചോദ്യം ഇതായിരുന്നു…
“ഗുരുവേ…
സങ്കീര്‍ത്തനം 1-ല്‍ നീതിമാനെ ജലധാരകളരികില്‍ നട്ട വൃക്ഷത്തോട് ഉപമിക്കുന്നുവല്ലോ…
പക്ഷേ ജീവിതത്തില്‍ ഞാന്‍ പലപ്പോഴും കാണുന്നത് മറ്റൊന്നാണ്.
വഞ്ചിക്കുന്നവര്‍ മുന്നേറുന്നു…
അഹങ്കാരികള്‍ പ്രശസ്തരാകുന്നു…
ദൈവത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍
പോലും സുഖമായി ജീവിക്കുന്നതുപോലെ തോന്നുന്നു.
അപ്പോള്‍ സങ്കീര്‍ത്തനം 73 എന്താണ്
പറയുന്നത്?”
അവന്‍ ഒന്ന് പുഞ്ചിരിച്ചു.
പിന്നെ ചോദിച്ചു:
“ആ സങ്കീര്‍ത്തനം എഴുതിയത്
ആരാണെന്ന് അറിയാമോ?”
“ദാവീദ് അല്ലേ ?”
ഞാന്‍ ചോദിച്ചു.
“അല്ല…
ആസാഫ്.”
ആസാഫ് വെറും ഒരു ഗായകന്‍ മാത്രമായിരുന്നില്ല.
ദാവീദ് രാജാവ് ആലയാരാധനയ്ക്കായി
നിയമിച്ച പ്രധാന സംഗീതശുശ്രൂഷകരില്‍ ഒരാളായിരുന്നു.
ബൈബിളിലെ പന്ത്രണ്ട്
സങ്കീര്‍ത്തനങ്ങള്‍ ആസാഫിന്റെ
പേരിലാണ്.
അവന്‍ കുറച്ച് നിമിഷം നിശ്ശബ്ദനായി.
പിന്നെ പതുക്കെ പറഞ്ഞു…
ദിവസവും ദൈവത്തെ പാടുന്ന ഒരാള്‍ക്കും
വിശ്വാസപ്രതിസന്ധി വരാം.
കാരണം സങ്കീര്‍ത്തനം 73-ല്‍ ആസാഫ് സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.
“എന്റെ കാലുകള്‍ ഏതാണ്ട് വഴുതിപ്പോയിരുന്നു…”
ദൈവത്തെക്കുറിച്ച് അറിയാത്ത ഒരാളല്ല അത് പറയുന്നത്.
ദൈവത്തെ പാടിയിരുന്ന ഒരു മനുഷ്യനാണ്.
അവന്റെ പ്രശ്നം ദൈവത്തില്‍ വിശ്വാസമില്ലായിരുന്നു എന്നതല്ല…
അവന്‍ കണ്ട കാഴ്ചയാണ്.
ദുഷ്ടരുടെ സമ്പത്ത് കണ്ടു.
അവരുടെ ആരോഗ്യം കണ്ടു.
അവരുടെ ജനപ്രീതി കണ്ടു.
പ്രശ്‌നങ്ങളില്ലാത്തതുപോലെ തോന്നുന്ന അവരുടെ ജീവിതം കണ്ടു.
പിന്നെ…
സ്വന്തം ജീവിതത്തിലേക്ക് നോക്കി.
അവിടെയാണ് അവന്റെ പോരാട്ടം തുടങ്ങിയത്.
“അപ്പോള്‍ അവന്റെ തെറ്റ്
ദുഷ്ടരെ നോക്കിയതാണോ?”
ഞാന്‍ ചോദിച്ചു.
അല്ല എന്ന അര്‍ത്ഥത്തില്‍ അവൻ തലകുലുക്കി.
“അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം കണ്ടതാണ് അവന്റെ തെറ്റ്.”
ഞാന്‍ മിണ്ടാതെ നിന്നു.
കാരണം…
ആ വാക്കുകള്‍ എനിക്ക് പൂര്‍ണ്ണമായി മനസ്സിലായില്ല.
അത് മനസ്സിലാക്കിയിട്ടെന്നവണ്ണം
അവന്‍ തുടര്‍ന്നു.
സങ്കീര്‍ത്തനം 73-ന്റെ നടുവില്‍
ഒരു വലിയ തിരിവുണ്ട്.
ആസാഫ് പറയുന്നു:
“ഞാന്‍ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ചപ്പോള്‍…”
അവിടെയാണ് അവന്റെ
കാഴ്ചപ്പാട് മാറിയത്.
പ്രശ്‌നങ്ങള്‍ മാറിയതുകൊണ്ടല്ല…
കാഴ്ച മാറിയതുകൊണ്ട്.
അവന്‍ അവരുടെ ഇപ്പോഴത്തെ
അവസ്ഥയില്‍ നിന്ന്
അവരുടെ അവസാന ദിശയിലേക്ക്
നോക്കാന്‍ തുടങ്ങി.
നിനക്കറിയാമോ?
“സങ്കീര്‍ത്തനം 73-ന്റെ ഹൃദയം
ഹീബ്രു ഭാഷയിലെ ഒരു ആശയമാണ്.”
ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.
അവന്‍ തുടര്‍ന്നു:
“Acharit…”
“അവസാനം” എന്ന് പല ബൈബിളുകളിലും പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക്.
പക്ഷേ അതിന്റെ അര്‍ത്ഥം വെറും
ഒരു കഥയുടെ അവസാന പേജ് എന്നല്ല.
ഒരു ജീവിതം
ഒടുവില്‍ എത്തിച്ചേരുന്ന ദിശ.
ആസാഫ് ആദ്യം കണ്ടത്
അവരുടെ സമൃദ്ധിയായിരുന്നു.
പിന്നീട് കണ്ടത്
അവരുടെ Acharit ആയിരുന്നു.
അവന്‍ എന്നെ നോക്കി ചോദിച്ചു:
“ഒരു പുസ്തകത്തിന്റെ നടുവിലെ ഒരു പേജ് മാത്രം വായിച്ച്
ആ പുസ്തകം എങ്ങനെ അവസാനിക്കും എന്ന് പറയാന്‍ കഴിയുമോ?”
“ഇല്ല…”
ഞാന്‍ പെട്ടന്ന് പറഞ്ഞു.
അവന്‍ ചിരിച്ചു.
അതാണ് ആസാഫ് മനസ്സിലാക്കിയത്.
അവന്‍ മനുഷ്യരുടെ ജീവിതത്തിലെ
ഒരു പേജ് മാത്രം കണ്ടിരുന്നു.
മുഴുവന്‍ കഥ കണ്ടിരുന്നില്ല.
പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു:
സങ്കീര്‍ത്തനം 73,
ദുഷ്ടര്‍ക്ക് സമൃദ്ധിയില്ല എന്നോ ,
നീതിമാന്മാര്‍ക്ക് കഷ്ടപ്പാടുകളില്ല എന്നോ പറയുന്നില്ല.
പക്ഷേ അത് ഒരു ചോദ്യം ചോദിക്കുന്നു.
നീ മനുഷ്യരെ വിലയിരുത്തുന്നത്
അവരുടെ ഇന്നത്തെ അവസ്ഥ കണ്ടാണോ…
അതോ
അവര്‍ പോകുന്ന ദിശ കണ്ടാണോ?
ഞാന്‍ മിണ്ടാതെ നിന്നു.
കാരണം…
ഞാന്‍ പലപ്പോഴും മനുഷ്യരുടെ നേട്ടങ്ങള്‍ കണ്ടിട്ടുണ്ട്.
പക്ഷേ അവരുടെ ദിശ നോക്കിയിട്ടില്ല.
അപ്പോള്‍ യേശു അവസാനമായി പറഞ്ഞു:
സങ്കീര്‍ത്തനം 1 നിന്നോട് ചോദിച്ചത്
വേര് എവിടെയാണ് നട്ടിരിക്കുന്നത് എന്നാണ്.
എന്നാൽ
സങ്കീര്‍ത്തനം 73 ചോദിക്കുന്നത്
ആ വഴി എവിടേക്കാണ് പോകുന്നത് എന്നാണ്.
ഞാന്‍ എന്നോട് തന്നെ ചോദിച്ചു…
ഞാന്‍ കാണുന്നത്
മറ്റുള്ളവരുടെ നേട്ടങ്ങളോ…
അതോ
അവര്‍ പോകുന്ന ദിശയോ…?
കാരണം…
എല്ലാ വിജയങ്ങളും ഒരുപോലെ കാണപ്പെടാം.
പക്ഷേ
എല്ലാ വിജയങ്ങളും
ഒരേ ലക്ഷ്യസ്ഥാനത്തേക്കല്ല നയിക്കുന്നത്.

