മിന്നുന്നച്ചന്ദ്രനുദിക്കുന്നല്ലിലായി
മാനത്താരക തിളങ്ങി നിൽക്കുന്നു
മഹീതലമാകെ നിലാവ് പരന്നങ്ങു
മാലോകരെല്ലാമാശ്ചര്യഭരിതരായി.

മായത്തിരിയ്ക്കും മായികകാഴ്ചകൾ
മനംകുളിർക്കുന്നമഞ്ജുളരാഗങ്ങൾ
മാറ്റമില്ലാത്തയവസ്ഥയിലായെന്നുമേ
മേലേക്കൂടങ്ങിങ്ങുകത്തിനിൽക്കുന്നു.

മായാക്ഷിപ്തമാം ഭൂപ്രപഞ്ചത്തിൽ
മത്തനായി മാറുന്നൊരാപത്തിലായി
മരണാസന്നരാമുന്മാദച്ചിത്തത്താൽ
മൃദംഗധ്വനിയടി ഹൃത്തിൽ തരികിട .

മൺമറയാത്ത ദീപാങ്കുരങ്ങളായി
മനസ്സിലാനന്ദഭാവമുണർത്തുമ്പോൾ
മേലേ പടവേറിയേറി ചെന്നൊന്നങ്ങു
മുത്തുവാനായുളേളാരാശയേറുന്നു.

മായാജാലമെയ്യാലങ്കാരഭൂഷണൻ
മൂകമായുള്ള ചെയ് വിനയാലെന്നും
മോഹമേറിയ ; നശ്വരയാകാരത്തിലും
മോഹമില്ലാത്തനശ്വരകാന്തിയിലും.

മമതയേറെയുണ്ടെന്നാലുമിച്ഛയാൽ
മല്ലനായിട്ടും മനോമണ്ഡലത്തിലായി
മൃത്യുദണ്ഡുമായുലാത്തുന്നമദിരാലയേ
മഞ്ഞളിക്കാതെ കണ്ണു തുറിക്കേണം.

മൺമറഞ്ഞോരുജീവനാമാകാരങ്ങൾ
മടങ്ങുവാനായിട്ടുള്ള നിശ്ചയത്താലെ
മേൽഗതിയില്ലാതെ ഉഴറുന്നിടത്തിലേ
മൂഢതയേറിയ അല്പപ്രാണികളാകുന്നു.

മൈലുകളോളം മദം പൂണ്ടഴലാലയ്യോ
മാനാഭിമാനം ഇല്ലാത്ത വിചാരത്തിൽ
മുഖമാകെ മാറ്റാനായുള്ളോട്ടത്തിൽ
മുഖമില്ലാതെ ആയതോ കഷ്ടമായി.

മേൽമേലണയുന്ന ദുർഗതിയാലെ
മഥിക്കുന്നോരു മനോരഥവുമായി
മോഹിച്ചിടുന്നൊരാ ദുർമേധയാലും
മണ്ടി മണ്ടി മായയിൽ അലിയുവാൻ.

മാംസളമായ മത്തേഭങ്ങളായെങ്ങും
മാർഗ്ഗമേറി കരേറുന്ന അഹന്തകൾ
മുന്നേ നടക്കാനുറച്ച കാലുകളാൽ
മൂക്കും കുത്തി വീണിതാ കിടക്കുന്നു.

മുത്തുപോലെ പൊഴിയുന്ന ഭാഷണം
മൂർഖതയേറിയ അന്തരംഗത്താലെ
മിത്രമാണെന്നു തോന്നിച്ചാലുമന്ത്യം
മിന്നൽ പോലെതിരിടും ശത്രുവായി.

മുന്നിലാവിലുണർന്നതാം ചിന്തകൾ
മുതുമയായീടുന്നോരപൂർണ്ണതയാൽ
മുന്നിലോടിയോടിയുരഞ്ഞുതീരവേ
മുന്നിലാഞ്ഞു വീണിതാ മരിക്കുന്നു.

മുറ്റുവാനൊന്നില്ലാ ; അല്പമാരിലായി
മാറ്റമില്ലാത്തതായതിലെല്ലാമെന്നും
മാറ്റേറിയ കജ്ജ്വലദീപജ്ജ്വാലകൾ
മാനമാകെ തിളങ്ങി നിൽക്കുവാൻ.

മോഹക്കൂടാരമേറിയ മർത്യരെല്ലാം
മണ്ഡപമാകെ മഥിച്ചു നടക്കുമ്പോൾ
മേൽക്കോയ്മയുള്ള ദുരയേറിയേറി
മേലുകീഴ് ഒന്നുമേ നോക്കാതെയായി.

മോദത്തിനായുള്ളസുഖേച്‌ഛയാൽ
മത്സരാത്ഥികളായി അടരാടുമ്പോൾ
മനസ്സറിഞ്ഞന്ത്യത്തിലൊന്നോർക്കണം
മണ്ണിലലിയാനുള്ളതീദേഹകാന്തികൾ.

അഡ്വ : അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *