രചന : എ. ജെ. നിസാർ ✍️
കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. വൈദ്യുതിയുടെ ആവശ്യകത ഓരോ വർഷവും വർധിക്കുമ്പോൾ, പുറത്തുനിന്ന് വൈദ്യുതി വാങ്ങി മാത്രം മുന്നോട്ടുപോകുന്നത് എത്രകാലം സാധ്യമാകും?
പുതിയ വൈദ്യുതിനിലയങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് മുമ്പ് നമുക്ക് ചുറ്റുമുള്ള ഒരു വലിയ സാധ്യത ഉപയോഗപ്പെടുത്തിക്കൂടേ?
നമ്മുടെ സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകൾ.
സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, പഞ്ചായത്ത്–മുനിസിപ്പൽ ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി ആയിരക്കണക്കിന് സർക്കാർ കെട്ടിടങ്ങൾ കേരളത്തിലുണ്ട്. ഇവയുടെ മേൽക്കൂരകളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ച് ഓരോ സ്ഥാപനത്തെയും ഭാഗികമായെങ്കിലും സ്വന്തം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനമാക്കാൻ കഴിയില്ലേ?
ഇത് പുതിയൊരു സാങ്കേതിക ആശയമല്ല. കേരളത്തിൽ പല സർക്കാർ സ്ഥാപനങ്ങളിലും ഇതിനകം rooftop solar പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 514 പൊതുകെട്ടിടങ്ങളിൽ 17.1 MW സൗരോർജ ശേഷിയും കേരള കാർഷിക സർവകലാശാലയിലെ നാല് സ്ഥാപനങ്ങളിൽ 600 kW RESCO പദ്ധതിയും നടപ്പാക്കിയതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. അതായത്, ആശയം പ്രായോഗികമാണെന്ന് കേരളം ഇതിനകം തെളിയിച്ചുകഴിഞ്ഞു.
അപ്പോൾ ഇനി വേണ്ടത് ഓരോ സ്ഥാപനവും ഒറ്റപ്പെട്ട രീതിയിൽ സോളാർ സ്ഥാപിക്കുന്നതല്ല; ഈ ശ്രമങ്ങളെല്ലാം ഒരു സംസ്ഥാനതല ഊർജ ദൗത്യമായി മാറ്റുകയാണ്.
അതിനായി കേരള സർക്കാർ “ഓപ്പറേഷൻ ഊർജകേരളം” എന്ന പേരിൽ പ്രത്യേക മിഷൻ പ്രഖ്യാപിക്കണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത ഒന്ന് വ്യക്തമായിരിക്കണം: ഇത് KSEBയുടെ പദ്ധതിയാകരുത്; പൂർണമായും കേരള സർക്കാരിന്റെ പദ്ധതിയായിരിക്കണം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ANERT തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു പ്രത്യേക മിഷൻ സംവിധാനം രൂപീകരിക്കാം. ഓരോ വകുപ്പിനും ഓരോ ജില്ലയ്ക്കും സമയബന്ധിതമായ ലക്ഷ്യങ്ങൾ നിശ്ചയിക്കണം.
സൗരോർജം സ്ഥാപിക്കാൻ കഴിയുന്ന എല്ലാ സർക്കാർ കെട്ടിടങ്ങളുടെയും സമഗ്ര സർവേ ആദ്യം നടത്തണം. ഓരോ കെട്ടിടത്തിന്റെയും വൈദ്യുതി ഉപഭോഗം, മേൽക്കൂരയുടെ ശേഷി, സ്ഥാപിക്കാവുന്ന സോളാർ ശേഷി, പ്രതീക്ഷിക്കുന്ന ഉൽപ്പാദനം, ചെലവ്, ലാഭം എന്നിവ വിലയിരുത്തി പ്രത്യേക പദ്ധതി തയ്യാറാക്കണം.
സ്ഥാപനങ്ങൾക്ക് സ്വന്തം ഫണ്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാം. ഫണ്ട് അപര്യാപ്തമായിടത്ത് സർക്കാർ പ്രത്യേക ധനസഹായം നൽകാം. RESCO പോലുള്ള മാതൃകകളും ഉപയോഗിക്കാം. വലിയ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം Solar + Battery Storage സംവിധാനവും ഉൾപ്പെടുത്താം.
പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി അതത് സ്ഥാപനത്തിന് ഉപയോഗിക്കാം. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി KSEBയുടെ വൈദ്യുതി ശൃംഖലയിലേക്ക് നൽകാം. ആവശ്യമുള്ളപ്പോൾ അതേ ശൃംഖലയിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം.
ഇവിടെ KSEBയുടെ പങ്ക് നിർണായകമാണെങ്കിലും നേതൃത്വപരമല്ല. KSEB പ്രസരണ–വിതരണ സംവിധാനത്തിന്റെ പ്രധാന സ്ഥാപനമായി തുടരും. എന്നാൽ പദ്ധതിയുടെ ആസൂത്രണം, ധനസമാഹരണം, ലക്ഷ്യനിർണ്ണയം, സ്ഥാപനങ്ങളുടെ ഏകോപനം, നടപ്പാക്കലിന്റെ മേൽനോട്ടം എന്നിവ കേരള സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമായിരിക്കണം.
അങ്ങനെ ഇന്ന് വൈദ്യുതി വാങ്ങുന്ന സർക്കാർ സ്ഥാപനങ്ങളെ നാളെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റാം.
ഇത് സോളാറിൽ മാത്രം അവസാനിക്കേണ്ട പദ്ധതിയുമല്ല.
ഭാവിയിൽ സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാകുന്നിടത്ത് കാറ്റിൽനിന്നുള്ള വൈദ്യുതി, കടൽതിരമാലകളിൽ നിന്നുള്ള ഊർജം, മറ്റ് പുനരുപയോഗ ഊർജസ്രോതസ്സുകൾ എന്നിവയിലേക്കും “ഓപ്പറേഷൻ ഊർജകേരളം” വികസിപ്പിക്കാം. അങ്ങനെ ഇത് ഒരു സോളാർ പദ്ധതി എന്ന പരിധി വിട്ട് കേരളത്തിന്റെ ദീർഘകാല ഊർജസുരക്ഷാ മിഷനായി മാറും.
ഇന്ന് വൈദ്യുതി വാങ്ങാൻ ചെലവഴിക്കുന്ന പണത്തിന്റെ ഒരു ഭാഗം നാളെയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥിരം ആസ്തി സൃഷ്ടിക്കാൻ ഉപയോഗിക്കുകയാണ് വേണ്ടത്.
സർക്കാർ കെട്ടിടങ്ങൾക്ക് ഭൂമി വാങ്ങേണ്ടതില്ല. ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടതില്ല. പുതിയ വലിയ അണക്കെട്ടുകൾ നിർമിക്കേണ്ടതില്ല.
നമ്മുടെ കൈയിലുള്ള മേൽക്കൂരകളെ മാത്രം കാര്യക്ഷമമായി ഉപയോഗിച്ചാൽ മതി.
നിയമസഭാ മന്ദിരം മുതൽ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസ് വരെ, മെഡിക്കൽ കോളേജ് മുതൽ ഒരു സർക്കാർ സ്കൂൾ വരെ, സൗരോർജം സ്ഥാപിക്കാൻ കഴിയുന്ന ഓരോ സർക്കാർ കെട്ടിടവും ഒരു ചെറിയ വൈദ്യുത നിലയമാകട്ടെ.
ഇത് വെറും വൈദ്യുതി ലാഭിക്കുന്ന പദ്ധതിയല്ല.
കേരളത്തെ വൈദ്യുതി ഉപഭോക്താവിൽ നിന്ന് വൈദ്യുതി ഉൽപ്പാദകനാക്കാനുള്ള ഒരു തുടക്കമാകട്ടെ .
സൂര്യൻ ദിവസവും കേരളത്തിന് സൗജന്യമായി നൽകുന്ന ഊർജം നമുക്ക് ഉപയോഗപ്പെടുത്താം.
1.നെടുമ്പാശ്ശേരി CIAL തന്നെയാണ് ഏറ്റവും ശക്തമായ കേരളീയ ഉദാഹരണം. അത് ഒരു സാധാരണ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സോളാർ സ്ഥാപിച്ചതിൽ ഒതുങ്ങുന്നില്ല; ഇപ്പോൾ CIAL-ന്റെ മൊത്തം സോളാർ ശേഷി 50 MWp ആണ്. വിമാനത്താവളത്തിന്റെ സ്വന്തം ഉപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നു.
2.മൊറോക്കോയിലെ parabolic mirror ഉപയോഗിച്ചുള്ള CSP പദ്ധതിയും പഠന വിധേയമാക്കണം. See less
