വെറുപ്പിൻ്റെ രാഷ്ട്രീയതത്വത്തെ മണ്ണിൽ
വളർത്തുന്നു ഗീബത്സുമാരന്നുമിന്നും.
ജനത്തിന്റെ ഭഗ്നാശയങ്ങൾക്കു മേലേ
വിഷം ചേർത്ത തേൻ ലേപനം ചെയ്തിടുന്നു.
അകത്തേക്ക് മാത്രം തുറക്കുന്ന കാരാ-
ഗൃഹത്തിൻ്റെയുള്ളിൽ കിടക്കുന്നുസത്യം.
പുറത്തുള്ള നാമിന്നു കേൾക്കുന്നുവല്ലോ
വെറുപ്പിൻ്റെ ഗീതങ്ങൾ പാടുന്ന ഘോഷം.
ഒരിക്കൽ ജനം തണ്ടിലേറ്റുന്നൊരാളെ
ഭരിക്കാ,നവൻതീർത്ത നാവിൻ കരുത്തിൽ.
മരിയ്ക്കോളമേകാധിപത്യം പുലർത്താൻ
കരുക്കൾ നിരത്തുന്നു ‘ഗീബൽസ’വന്നായ്.
ജനങ്ങൾക്കു മുന്നിൽ വിളമ്പുന്നു കള്ളം
മെനഞ്ഞിട്ടു ചായം പിടിപ്പിച്ച വാർത്ത.
വെറുപ്പിൻ വിഷത്തുള്ളി മർത്ത്യന്റെയുള്ളിൽ
നിറക്കുന്നു നിർദ്ദോഷഭാവത്തിലെന്നും.
ജനങ്ങൾക്കു വേണ്ടിച്ചലിക്കേണ്ട ജിഹ്വ
പണത്തിൻ്റെ മുന്നിൽ മഹാമൗനമായി.
ബൃഹത്താം നെടുംതൂണുകൾ താങ്ങിടുന്ന
മഹത്താം ജനായത്തമാപത്തിലായി.
പണം വാരിനൽകുന്ന ഗീബൽസുമാർക്കായ്
ഗുണം നോക്കിടാതേതു കള്ളക്കഥയ്ക്കും
സ്ഥിരം പാഠകന്മാരിവർ, ലോകമാകെ
പരത്തുന്നു നട്ടാൽ കുരുക്കാത്ത കള്ളം.
കുരക്കുന്ന, ശൗര്യം വിടാത്തോരു ശ്വാവായ്
നിരത്തുന്നു നിർമ്മിച്ച വാർത്താവിശേഷം.
വിദൂരത്തുനിന്നും വിരൽ ചൂണ്ടിയാരോ
കൊടുക്കുന്നതീമാധ്യമങ്ങൾക്കു പഥ്യം.
വെറും വ്യക്തിയല്ലിന്നു “ഗീബൽസ്,” ലോകം
നിറഞ്ഞാടിടുന്നോരു പ്രസ്ഥാനമത്രേ.
ചെകുത്താൻ്റെ സാമ്രാജ്യമീമണ്ണിലെന്നും
വളർത്തുന്നതീദുഷ്ടശക്തികൾ തന്നെ!

മംഗളാനന്ദൻ

By ivayana