രചന : തോമസ് വർഗീസ്, കുറത്തികാട്. ✍
1.
പെരുമഴ തിമിർത്തു പെയ്യുന്നൊരന്തിയിൽ
ഈശ്വരനാമം ജപിച്ചു പതിവുപോൽ,
കൂടെയുള്ളൊരു നായ്ക്കും കൊടുത്തു തൻ
അത്താഴവുമൊന്നായി കഴിച്ചു ഭയമില്ലാതെ.
2.
വാതിലടച്ചു വിളക്കുമണച്ചു താൻ
സ്വസ്ഥമായി കിടന്നുറങ്ങിയ രാത്രിയിൽ
പാതിരാനേരത്തു നായുടെ കൂവലിൽ
ഞെട്ടിയുണർന്നു നടുങ്ങി കുടുംബവും.
3.
കടലിരമ്പുന്നപോലുള്ളൊരാധിയിൽ
ആകെത്തകർന്നുപോയി ഉള്ളകം,
പെരുമഴയത്തലർച്ചപോൽ ഇരുമ്പലും
അന്ധകാരത്തിൽ പാറ പിളർപ്പതും.
4.
എന്തു ചെയ്യേണമെന്നറിയാതെ താൻ
എങ്ങോട്ടോടണമെന്നറിയാതെയും,
ആധിപൂണ്ടു മരവിച്ചു ശബ്ദവും
ഫോണില്ല വൈദ്യുതിയുമില്ലാതായി
5.
പുലരുവാനായി കാത്തു കണ്ണീർ വാർക്കവെ
പാഞ്ഞടിച്ചു കയറി പ്രളയജലം,
മരണഭയം തുളച്ചുള്ളിൽ കയറിയേ
ജീവശവംപോൽ തറഞ്ഞു നിന്നുപോയി.
6.
നേരം പുലർന്നു നോക്കുമ്പോൾ ചുറ്റിലും
കണ്ണെത്താ ദൂരത്തോളം പ്രളയജലം,
നേടിയ സമ്പാദ്യവും മാടുമൊഴുകിപ്പോയ്
അഭയം ഇനി വീടിൻ മേൽക്കൂര മാത്രം!

