രചന : ബിന്ദു കുറ്റിപ്പാല ✍️
നീലാകാശത്താഴ്‌വരയിൽ
കരിമുകിൽക്കൂടാരത്തിന്നുള്ളിൽ
നീരാട്ടും കഴിഞ്ഞൊരുത്തിയീറൻ
മുടി വീശിക്കുടഞ്ഞിറങ്ങുന്നേ
ആ വഴിവന്നൊരു
കുറുമ്പൻ കാറ്റങ്ങാ
നീർത്തുള്ളി തട്ടിയെറിഞ്ഞേ
കതിരോൻ മുങ്ങിയ
കടലിൻ്റെ വക്കത്ത്
നീർമണി വീണുപൊലിഞ്ഞേ
തിരമാലക്കയ്യോണ്ടങ്ങമ്മാനമാടീട്ട്
മാമലമേലേയ്ക്കെറിഞ്ഞേ
തുള്ളിയ്ക്കൊരുകുടം
പേമാരിയായിട്ട്
താഴ്‌വാരത്തിൽ ചൊരിഞ്ഞേ
ചേറു ചെകഞ്ഞവൾ
ഊരു പകുത്തവൾ
കാടുമേടു കുലുക്കിവരുന്നേ
തോരാക്കണ്ണീരും
തീരാനോവും തന്ന്
തുള്ളിത്തെറിച്ചു തിമിർത്തേ
എന്നിട്ടുമെന്തൊരു
ചന്തമിപ്പെണ്ണിന്
ചങ്കുകലങ്ങുന്ന് കണ്ണേ
നിൻ കുളിർ കുറുകലിലെല്ലാമൊതുക്കീട്ട്
കൊഞ്ചുന്ന താളത്തിലെല്ലാം മറന്നിട്ട്
നിന്നെയും കാത്തിരിപ്പുണ്ടേ
നിന്നോളം മണ്ണിന്നുയിരേറ്റി
പോറ്റുവാൻ
ഇല്ലൊരാൾ മറ്റാരും പൊന്നേ….

