ചവിട്ടി മെതിച്ചുപോയ
ചെമ്മണ്ണുടുത്ത നാട്ടുവഴികൾ
പരിചിതമായ വഴികളിലെ
കുശലം പറയുന്ന വേലിച്ചെടികൾ
കൗമാരത്തിൻ്റെ കല്ലുകളേറ്റ്
ചതഞ്ഞു ചത്തു മണ്ണിൽ വീണ നാട്ടുമാങ്ങകൾ
മുളകുപൊടിയും കല്ലുപ്പും കൂട്ടി
ചവച്ചിറക്കിയ ഉച്ചവിശപ്പുകൾ
പകൽവെയിലുകളുടെ ദാഹം
അകറ്റിയ പതിനെട്ടാംപട്ടകൾ
കൊയ്ത്ത് കഴിഞ്ഞ പാടത്തെ
വരണ്ട മണ്ണിൽ
റബ്ബർ പന്താൽ എറിഞ്ഞിട്ട മരക്കുറ്റികൾ
പല തരം കളികൾ
ക്രിക്കറ്റ്
ഫുട്ബോൾ
കോട്ട
അമ്മാറൈറ്റ്
പത്താംകല്ല്
രാശിക്കല്ല്
സ്റ്റോൺ
ത്രീ ടു
കള്ളനും പോലീസും
എഴുതി നിറച്ച പുസ്തകത്താളുകളിൽ
എവിടെയോ
മറവിയിൽ കുടുങ്ങി പോയ
മയിൽപ്പീലി ആലില
പേര് മറന്നുപോയ ചുരുണ്ട മുടിയുള്ള പെണ്ണ്
ഉച്ചക്കഞ്ഞി ചെറുപയർ പച്ചവെള്ളം
ചുവന്ന നക്ഷത്രം നെറ്റിയിൽ തൊട്ട
വെളുത്ത കൊടിയുടെ കീഴെ
മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു
വായിച്ച് തീർത്ത പുസ്തകങ്ങൾ
ലൈബ്രറിയുടെ ഇരുണ്ട ചില്ലലമാരകളിൽ
അടുത്ത ആളെ കാത്തിരിക്കുന്നു
മഞ്ഞവാകയുടെ ചോട്ടിൽ
നാവുകൾ പിന്നെയും കുരിശുയുദ്ധങ്ങൾ ചെയ്യുന്നു
പാർട്ടി ഓഫീസിലെ ലഘുലേഖനങ്ങളിൽ
തനിച്ചൊരാൾ വിപ്ലവം തിരയുന്നു
വിശപ്പ് വിപ്ലവം വിശപ്പ് വിപ്ലവം
പല വട്ടം ചെയ്തു തോറ്റ പല തരം പണികൾ
ട്രെയിനി കുക്ക്
പിസ്സാ ഷെഫ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സെയിൽസ് ഓഫീസർ
കസ്റ്റമർ കെയർ അസോസിയേറ്റ്
ഏരിയാ സെയിൽസ് മാനേജർ
വെയർഹൗസ് റിസീവർ
പിസ്സാലിയോ
പല തരം കൂലിപ്പണികൾ
തോറ്റ് മടുത്ത പണിയിടങ്ങൾ
വെയിൽ മഴ മഞ്ഞ്
ഇടയിലെവിടെയോ വഴി തെറ്റിയല്ലോ
ബുദ്ധൻ കരയുന്നു ചിരിക്കുന്നു ജപിക്കുന്നു
ഇടയിൽ എവിടെയോ വെച്ച്
ഇടവക പള്ളിയിൽ വെച്ച് മിന്ന് കെട്ടിയ പെണ്ണ്
അതിൽ ഉണ്ടായ ഒരു കൊച്ച്
വിസ്കി സിഗരറ്റ് കുബേർ
വെളുത്തവർക്കൊപ്പം പാർക്കാൻ
കൊതി കുത്തിയ ആണിൻ്റെ നിരാശ
മഞ്ഞുടുത്തൊരാൾ തീ കായുന്നു
ജീവിതം നമ്മെ പഠിപ്പിക്കുന്നത്
ജീവിച്ചിരിക്കുക എന്നത് മാത്രമാണ്.

ജോബിൻ പാറക്കൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *