ഇന്ന് ” സ്വാതന്ത്ര്യദിനമാണ്
രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ത്രിവർണ്ണ പതാകകൾ ഉയർന്നു വാദ്യഘോഷങ്ങളോടെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ഹരിതാഭയാർന്ന എന്റെ ദേശം ഉത്സവത്തിമിർപ്പിലായിരുന്നു.
ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
കൈകാലുകൾ നഷ്ടമായിട്ടും ഇനിയും മരിക്കാത്ത ശരീരത്തിനുള്ളിൽ അതിർത്തിയിലെ ഓർമ്മകൾ നൊമ്പരങ്ങളായും , അഭിമാനമായും അലയടിക്കുന്നു.
ആ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് അവളാണ്.
ത്രിവർണ്ണ പതാക പോലൊരു സുന്ദരി.

അതിൽ കൂടുതലവളെ വർണ്ണിക്കുവാൻ എനിക്കാവില്ല.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരമായ പതാക നമ്മുടെ രാജ്യത്തിന്റെതാണ്.
ആരെയുമാകർഷിക്കുന്ന മൂന്നുനിറങ്ങൾ.
നടുവിൽ അശോക ചക്രം.മഞ്ഞുപുതഞ്ഞ മലമുകളിൽ അത് പാറിപ്പറക്കുമ്പോൾ
മനസ്സിനുണ്ടാകുന്ന സന്തോഷം ഒരു സൈനീകനു വിവരിക്കാനാവില്ല. അതേപോലെയായിരുന്നു അവളും.
അവൾ സുന്ദരിയായിരുന്നു
വൃത്തിയുള്ള നഖങ്ങൾ ,
കല്ലിൽ എന്നും ഉരച്ചു കഴുകുന്ന കാൽ പാദങ്ങൾ.
കാറ്റിൽ പറക്കാതെ ഒതുക്കിക്കെട്ടിയ തലമുടി…
എന്നെ നോക്കി അവൾ പുഞ്ചിരിക്കും. ആ ചിരി കാണുമ്പോൾ എന്റെ മനസ്സിൽ ആയിരം ആശകൾ മഞ്ഞു തുള്ളിപ്പോലെ പെയ്യും.

ആ കുളിരിൽ അവളെയും സ്വപ്നം കണ്ടു ഞാൻ ഉറങ്ങും. അവളെ കാണുമ്പോഴെല്ലാം കാറ്റിൽ പറക്കുന്ന പതാകയാണെന്ന് തോന്നും. നാടിന്റെ അഭിമാനവും ,യശസ്സുമാണെന്ന് വിചാരിക്കും.
എന്നും അവളുടെ സ്പർശനമേറ്റായിരിക്കും ഞാൻ ഉണരുന്നത്.
ബാല്യത്തിൽ കൈ വെള്ളയിലും കണ്ണുകളിലും വെച്ചു രസിച്ച
ആലിപ്പഴംപ്പോലെ തണുത്ത കൈകളായിരുന്നു അവളുടേത്.
ഓരോ സ്പർശനത്തിലും ഓരോ സന്ദേശങ്ങൾ ഉള്ളത് പോലെ.
അവൾക്കെന്നോട് സ്നേഹമാണെന്നെനിക്കു തോന്നി.
മാലാഖയെന്ന് ഞാൻ കേട്ടിട്ടേ ഉള്ളു. എന്നാൽ അവളിലൂടെയാണ് ഞാൻ ജീവനുള്ള മാലാഖയെ കണ്ടതു.

മൃദുവായ അവളുടെ സ്വരവും.
ദയയുള്ള നോട്ടവും എന്റെ ഹൃദയത്തിൽ അവളോടുള്ള സ്നേഹം വർദ്ധിപ്പിച്ചു.
ആരുമരികിൽ ഇല്ലാതിരുന്നപ്പോൾ ഞാനവളോട് ചോദിച്ചു
എനിക്കൊരു ചുംബനം തരുമോ?
അവൾ അലിവോടെന്നെ നോക്കി.
ആ കണ്ണുകളിൽ സ്വാതന്ത്ര്യത്തിന്റെ ദേശീയ പതാക പാറിപ്പറക്കുന്നത് ഞാൻ കണ്ടു.
അരികിലാരോ” വന്ദേ മാതരം ” പാടുന്നത്പ്പോലെ, ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിൽ പീലിവിടർത്തി നൃത്തം ചെയ്യുന്നത്പ്പോലെ തോന്നി.

അവളെന്റെ കിടക്കയോട് ചേർന്നു നിന്നു. പിന്നെ മെല്ലെ പറഞ്ഞു
നിങ്ങളെ ഇവിടെ കണ്ട നാൾ മുതൽ ഒന്നു ചുംബിക്കുവാൻ ഞാൻ കൊതിക്കുകയാണ്. നിങ്ങളെയല്ലാതെ ഞാൻ ആരെയാണ് ചുംബിക്കേണ്ടത്.
പക്ഷേ എവിടെ ചുംബിക്കണമെന്നറിയാതെ ഞാൻ വിഷമിക്കുകയാണ്.
അതിർത്തിയിലെ ബോംബ് സ്ഫോടനത്തിൽ നിങ്ങളുടെ കൈകാലുകൾ ചിതറി പോയി. തലമുതൽ ശരീരം മൊത്തം വെന്തു വികൃതമായി .
അങ്ങനെ നാടിനു വേണ്ടി പോരാടിയ ധീര പടയാളിയായ താങ്കളുടെ ശരീരത്തിൽ ഒരു സ്നേഹചുംബനം തരുവാൻ മുറിവുകളില്ലാത്ത ഒരിടം തിരയുകയാണ് ഞാൻ.
എന്റെ നാടിനു വേണ്ടി സ്വന്തം ജീവൻ ബലിയാക്കിയ അങ്ങേയ്ക്ക് ഒരായിരം ചുംബനങ്ങൾ തരാൻ എനിക്കാശയുണ്ട്
കൊന്നു തൊലിയുരിഞ്ഞ മൃഗത്തെപ്പോലെ കിടക്കുന്ന ഒരു സൈനീകനെ ശ്രുശുഷിപ്പാൻ ലഭിച്ചതു ഏറ്റവും വലിയ ഭാഗ്യമായി ഈ റിപ്പബ്ലിക് ദിനത്തിൽ കരുതുന്നു.

ഹാപ്പി ഇൻഡിപ്പെൻഡൻസ് ഡേ
അതു പറഞ്ഞിട്ട് അവൾ മരുന്നുകളുമായി അടുത്ത ബെഡിനരികിലേക്ക് നടന്നു. അവളുടെ വാക്കുകളിൽ ഓരോ ഭാരതീയന്റെയും ദേശസ്നേഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അകലെ ഏതോ സ്കൂളിൽ നിന്നും ദേശീയ ഗാനം കുട്ടികൾപ്പാടുന്നു. എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുവാൻ കൈ കാലുകളില്ല.
പഴകിയ വീൽചെയറിലിരുന്ന്
സർജറി ചെയ്ത തന്റെ ശരീരത്തിലേക്കയാൾ നോക്കി. സ്മൃതി നൊമ്പരങ്ങളുടെ വേലിയേറ്റത്തിലും
ത്രിവർണ്ണ പതാക പാറിപ്പറക്കുന്നത് അഭിമാനത്തോടെ ഞാൻ കാണുകയാണ്.
ജയ് ഹിന്ദ്, ജയ് ഭാരത്.
🌹🌹🌹🌹🌹🌹🌹

ബിനോ പ്രകാശ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *