അങ്ങാടിയിൽ ഒരു ഒറ്റമുറിയിൽ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് നടത്തുകയാണ് രതീഷ് ..
ഫിറ്ററും വെൽഡറും എല്ലാം അവൻ തന്നെ. വല്ലപ്പോഴും മാത്രമാണ് സഹായത്തിന് ആരെയെങ്കിലും വിളിച്ചിരുന്നത്..
35, 36 വയസ്സുള്ള ഒരു യുവാവ്. വിവാഹിതനായി ആറേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഒന്നും ആയിട്ടില്ല..
ദിവസത്തിൽ ചുരുങ്ങിയത് ഒരു നേരമെങ്കിലും അവൻ കടയിൽ വരും..
പല ദിവസങ്ങളിലായുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ ഞാൻ അവന്റെ ഒരു ചിത്രം മനസ്സിൽ വരച്ചു..
അച്ഛൻ നേരത്തെ മരിച്ചു. അമ്മ രണ്ടാമതും വിവാഹം കഴിച്ചു. പെങ്ങൾ ഭർത്താവുമായി തെറ്റി അയാളെ ഒഴിവാക്കി മറ്റൊരാളുമായി താമസം തുടങ്ങി..
രണ്ടാനച്ഛന്റെ കൂടെയുള്ള ജീവിതവും പെങ്ങളുടെ ലിവിങ് ടുഗതറും കാരണം അവൻ കൗമാരം വിടുന്നതിന് മുമ്പ് തന്നെ അവന്റെ നാട്ടിൽ നിന്ന് മാറി പലയിടത്തും പോയി പല ജോലികളും ചെയ്തു..
ആലപ്പുഴ ആറ് വർഷത്തോളം ഒരിടത്ത് ജോലി ചെയ്തു..
അവിടെ അവന്റെ കൂടെ ജോലി ചെയ്തിരുന്ന, അവനെ പൂർണ്ണമായും മനസ്സിലാക്കിയിരുന്ന ഒരാളുടെ മകളെയാണ് അവൻ വിവാഹം കഴിച്ചത്..

വർക്ക് ഷോപ്പിൽ ജോലി അവൻ പ്രതീക്ഷിച്ച പോലെ ഒന്നും കിട്ടിയില്ല..
കടയുടെ വാടക കുടിശ്ശികയായി..
ജോലി ആവശ്യങ്ങൾക്കായി വാങ്ങിയ ഇരുമ്പിന്റെയും കമ്പിയുടെയും പൈസ ഹാർഡ്‌വെയർ കടയിൽ സമയത്തിന് കൊടുക്കാൻ കഴിഞ്ഞില്ല..
ഒരു അമ്പതിനായിരം രൂപയോളം മതിയായിരുന്നു അവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ..
അമ്മയും സഹോദരിയും വീട്ടിലുണ്ടെന്നും മുക്കാൽ ഏക്കറോളം റബ്ബർ ഉണ്ടെന്നും അമ്മയാണ് റബ്ബർ വെട്ടി ഷീറ്റ് ആക്കുന്നത് എന്നും അവൻ എന്നോട് പറഞ്ഞിട്ടുണ്ട്..
അഞ്ചട്ടു വർഷമായിട്ട് ഓരോ നിമിഷവും ലക്ഷങ്ങളുടെ കടബാധ്യത തലയിൽ പേറിയിരുന്ന എനിക്ക് അവന്റെ ആ അമ്പതിനായിരം രൂപ വളരെ നിസ്സാരമായിട്ടാണ് തോന്നിയത്..
ഒന്ന് രണ്ട് ദിവസം അവനെ കടയിലേക്ക് കണ്ടില്ല..
മൂന്നാം ദിവസം കടയിൽ വന്ന് പണം സംഘടിപ്പിക്കാൻ പോയതായിരുന്നുവെന്നും ഒന്നും ശരിയായിട്ടില്ലായെന്നും അവൻ സങ്കടം പറഞ്ഞു..
അവനെ ആശ്വസിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക എന്നതല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല..

അടുത്തദിവസം അവനും അവന്റെ ഭാര്യയും കടയിൽ വന്നു. ആദ്യമായിട്ടാണ് ഞാൻ അവന്റെ ഭാര്യയെ കാണുന്നത്..
അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അവരുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി..
കട നിർത്തി ഭാര്യയുടെ കൂടെ ആലപ്പുഴ അവളുടെ വീട്ടിലേക്ക് പോകുകയാണ് എന്നും രണ്ടുമൂന്ന് പേർക്കായി 15,000 രൂപയോളം കൊടുക്കാനുണ്ട് അത് പോയി വന്നിട്ട് കൊടുക്കാം എന്നും അവൻ എന്നോട് പറഞ്ഞു..
കടയിൽ തിരക്കായിരുന്നതുകൊണ്ട് എനിക്ക് അവനോട് കൂടുതലായി എന്തെങ്കിലും ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല..
“ഞാൻ വിളിക്കാം” എന്നും പറഞ്ഞ് അവൻ അവളെയും കൂട്ടി ബസ് സ്റ്റാൻഡിലേക്ക് നടന്നു..
പിറ്റേദിവസം രാത്രി കടയടച്ച് വീട്ടിലെത്തി മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് രതീഷിന്റെ കോൾ വരുന്നത്..
അവനും അവന്റെ ഭാര്യ മാളവികയും ഒന്നേക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു..
എന്ത് പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാത്തതുകൊണ്ട് കൂടുതൽ നേരവും ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരുന്നു..
എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം ഒരു നെടുവീർപ്പോടെ ഞാൻ ചിന്തിച്ചത് “ഒരു മകനും ഇതുപോലെ ഒരു അവസ്ഥ കൊടുക്കല്ലേ ദൈവമേ” എന്നാണ്..
രതീഷിന്റെ മുത്തച്ഛനും മുത്തശ്ശിക്കും ആണായും പെണ്ണായും ഉള്ള ഏക മകളാണ് രതീഷിന്റെ അമ്മ ദേവകി..

രക്ഷിതാക്കളുടെ അമിതലാളനയിൽ ദേവകി ആരെയും കുസാതെ ആരെയും വകവെക്കാതെ തന്നിഷ്ടപ്രകാരം ജീവിച്ചു..
അവൾ വളർന്ന് വിവാഹപ്രായമെത്തി..
സുന്ദരിയായ അവൾക്ക് അനുയോജ്യനായ ഒരുത്തനുമായി വിവാഹം നടത്തി..
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പ് ദേവകിക്ക് ഒരു പെൺകുഞ്ഞ് പിറന്നു..
ഒന്നര വയസ്സ് വ്യത്യാസത്തിൽ ഒരാൺകുഞ്ഞും..
എന്തുകൊണ്ടാണ് അമ്മ അച്ഛനുമായി വഴക്കിട്ട് തെറ്റിപ്പിരിഞ്ഞ് രണ്ട് മക്കളുമായി അമ്മയുടെ വീട്ടിലേക്ക് വന്നത് എന്ന് രതീഷിന് ഇപ്പോഴും അറിയില്ല..
നിയമപരമായി ബന്ധം വേർപിരിയുന്നതിനു മുമ്പേ അവന്റെ അമ്മ ദേവകി മറ്റൊരാളുമായി ജീവിതം തുടങ്ങി..
അന്ന് അതിന് മോശമായ പല പേരുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അതാണ് ലിവിങ് ടുഗതർ..
ഒന്നര രണ്ട് വർഷത്തിനുള്ളിൽ ആ ലിവിങ് ടുഗതർ മടുത്തത് കൊണ്ടാവാം ദേവകി അയാളെ ഉപേക്ഷിച്ച് മറ്റൊരാളുമായി ലിവിങ് ടുഗതർ തുടങ്ങി..
രതീഷ് ജനിക്കുന്നതിനു മുമ്പേ ദേവകിയുടെ അച്ഛൻ മരിച്ചിരുന്നതിനാൽ ദേവകി അവളുടെ അമ്മയെ അവളുടെ അടിമയാക്കി..

മൂന്നാലു വർഷത്തെ ലിവിങ് ടുഗതറിന് ശേഷം ദേവകി അയാളെയും ഒഴിവാക്കി മറ്റൊരുത്തനുമായി ലിവിങ് ടുഗതർ തുടങ്ങി..
ദേവകിക്ക് കിടപ്പറയിലെ ഒരു ലൈംഗിക പങ്കാളിയെ മാത്രമായിരുന്നു ആവശ്യം..
മക്കൾ വളർന്നു വരുന്നതിനനുസരിച്ച് ദേവകിക്ക് അവർ ഒരു ശല്യമായിക്കൊണ്ടിരുന്നു..
18 വയസ്സ് തികയുന്നതിന് മുമ്പേ മകളെ ഒരുത്തന്റെ തലയിൽ കെട്ടിവച്ചു..
വിവാഹം എന്നൊന്നും പറയാൻ പറ്റില്ല. ഒരു ശല്യം ഒഴിവാക്കൽ..
ഒരു കുഞ്ഞിന്റെ അമ്മയായ അവൾ ഒന്നര വർഷത്തിനുശേഷം ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരുത്തനും ആയി ലിവിങ് ടുഗതർ ആരംഭിച്ചു..
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ?..
പെങ്ങളും അമ്മയുടെ വഴി തിരഞ്ഞെടുത്തതുകൊണ്ട് ആളുകളുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും ഭയന്ന് കൗമാരക്കാരനായ രതീഷ് നാടുവിട്ടു..
ഇടയ്ക്കിടെ അവൻ വീട്ടിൽ വന്നു. അമ്മയെയും പെങ്ങളെയും കാണാൻ വേണ്ടിയല്ല. അവന് ഏറെ പ്രിയപ്പെട്ട അവന്റെ മുത്തശ്ശിയെ കാണാൻ..

അമ്മയെയും പെങ്ങളെയും പറ്റി നാട്ടുകാർ ലൈംഗിക ചുവയോടെ സംസാരിക്കുന്നതും കാമോദ്ദേശത്തോടെ അവരെ സമീപിക്കുന്നതും യുവാവായ രതീഷ് അറിയുന്നുണ്ടായിരുന്നു..
രതീഷിന് നാട്ടിൽ നിൽക്കാൻ കഴിയാതെയായി..
അവൻ വീണ്ടും നാടുവിട്ടു. ആലപ്പുഴയിലേക്ക്..
ഇടയ്ക്കിടെ മുത്തശ്ശിയെ കാണാൻ പോയിരുന്ന അവൻ വർഷത്തിലോ രണ്ടുവർഷം കൂടുമ്പോഴോ ഒരിക്കൽ എന്ന തോതിലായി..
ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് രതീഷ് മാളവികയെ വിവാഹം കഴിക്കുന്നത്..
വിവാഹക്കാര്യം വീട്ടിൽ അറിയിച്ചെങ്കിലും അവന്റെ അമ്മയും പെങ്ങളും കേട്ട ഭാവം പോലും നടിച്ചില്ല..
മുത്തശ്ശി മാത്രമാണ് അവനെ അനുഗ്രഹിച്ചത്..
വിവാഹശേഷം അവൻ മാളവികയുമായി അവന്റെ വീട്ടിലെത്തി. അവന്റെ അമ്മയ്ക്കും നാലാനച്ഛനും പെങ്ങൾക്കും അവരെ അംഗീകരിക്കാൻ കഴിഞ്ഞില്ല..
മുത്തശ്ശി അവരെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു..

രതീഷ് ആഗ്രഹിച്ചിരുന്നതും മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങുക എന്നത് മാത്രമായിരുന്നു..
ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ നവവധുവും വരനും വീട് വിട്ട് ഇറങ്ങി..
മുത്തശ്ശി അല്ലാതെ മറ്റാരും അതിനൊന്നും നിർബന്ധിച്ചില്ല എന്നതാണ് കാരണം..
മാളവികയ്ക്ക് മൂന്ന് അനിയത്തിമാരായിരുന്നു ഉണ്ടായിരുന്നത്..
രണ്ട് മുറികൾ ഉള്ള വീട്ടിൽ ഒന്നിൽ രതീഷും മാളവികയും മറ്റൊന്നിൽ മാളവികയുടെ അച്ഛനും അമ്മയും ഇളയ മകളും. മറ്റ് രണ്ട് പെൺമക്കൾ അടുക്കളയിലുമായിരുന്നു കിടന്നുറങ്ങിതിരുന്നത്..
കഠിതധ്വാനിയായിരുന്ന രതീഷ് അവർക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു..
അപ്രതീക്ഷിതമായിട്ടാണ് കൊറോണ വരുന്നത്..
കിട്ടിയിരുന്നതെല്ലാം കുടുംബത്തിന് വേണ്ടി ചെലവഴിച്ചിരുന്നത് കൊണ്ട് രതീഷിന്റെ കയ്യിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല..

കൊറോണ നിയന്ത്രണ വിധേയമായ ശേഷം വ്യക്തിത്വം പണയം വെക്കാൻ കഴിയാതിരുന്ന രതീഷ് കോഴിക്കോട് താമരശ്ശേരിയിൽ ബോസ്കോ ഇൻഡസ്ട്രിയലിൽ ഫിറ്റർ കം വെൽഡർ ആയി ജോലിയിൽ പ്രവേശിച്ചു..
6G വെൽഡിങ് പോലും അനായാസേനെ ചെയ്യാൻ കഴിയുന്ന രതീഷിന് 1200ഉം 1500ഉംഒക്കെ ആയിരുന്നു ദിവസക്കൂലിയായി നിശ്ചയിച്ചിരുന്നത്..
അവൻ താമരശ്ശേരിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത്‌ മാളവികയെ അങ്ങോട്ട് കൊണ്ടുവന്നു…
മുത്തശ്ശിയെയും കൂടെ കൂട്ടി..
മൂന്നാല് വർഷം രതീഷ് ബോസ്കോയിൽ ജോലി ചെയ്തു..
ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് അവൻ തിരുവമ്പാടിയിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നത്..

ഭാര്യയെ ആലപ്പുഴ അവളുടെ വീട്ടിലും മുത്തശ്ശിയെ നെല്ലിപ്പൊയിൽ അമ്മയുടെ കൂടെയും ആക്കി..
75 വയസ്സോളം പ്രായമുണ്ടായിരുന്നെങ്കിലും പയർ മണി പോലെ തുള്ളിച്ചാടി നടന്നിരുന്ന അവന്റെ മുത്തശ്ശി ഒരു ദിവസം നേരം വെളുത്തപ്പോൾ കിടക്കപ്പായയിൽ മരിച്ചു കിടക്കുകയായിരുന്നു..
മുത്തശ്ശിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്യുന്നത് ഉൾപ്പെടെയുള്ള എല്ലാ കർമ്മങ്ങളും രതീഷ് തന്നെയായിരുന്നു ചെയ്തത്..
വർക്ക് ഷോപ്പിലെ ജോലി നാൾക്ക് നാൾ കുറഞ്ഞുവന്നു..
പുതിയ ആൾ ആയതുകൊണ്ടും ആളും അർത്ഥവും കുറവായതുകൊണ്ടും അവന് കിട്ടേണ്ട പല ജോലികളും അവന് നഷ്ടമായി..
സ്ഥാപനം നിലനിർത്താനും ഭാര്യയുടെ ചികിത്സക്കും വേണ്ടി അവസാനത്തെ ആശ്രയമായ ഭാര്യയുടെ താലിമാലയും പണയം വെച്ചു..
ദിവസങ്ങളും ആഴ്ചകളും തള്ളിനീക്കി..

നാട്ടിൽ പുതിയ ആൾ ആയതുകൊണ്ട് കാശ് തിരുമറി ചെയ്യാൻ രതീഷിന് കഴിഞ്ഞില്ല..
അമ്മയും മകളും ഒന്ന് ചേർന്ന് അവർ ഇഷ്ടപ്പെട്ട ജീവിതം നയിക്കുന്നതിന് തടസ്സമായിരുന്ന രതീഷിനെ പടിയടച്ച് പിണ്ഡം വെച്ചു..
രതീഷും അതുതന്നെ ചെയ്തു..
വീടോ അമ്മയുടെ സ്വത്തുക്കളോ ഒന്നും അവന് വേണ്ട എന്ന് അവൻ തീരുമാനിച്ചു..
അമ്മയുടെ ജീവിതത്തിന് തടസ്സമാകാതിരിക്കാൻ വേണ്ടി പറമ്പിന്റെ താഴെ ഭാഗത്ത് അമ്മ മകൾക്ക് ഒരു വീട് പണിത് കൊടുത്തു..
അവളുടെ (പെങ്ങളുടെ) ഭർത്താവ് ഒരു പിമ്പും കൂടിയാണ് എന്ന് എന്നോട് പറഞ്ഞത് മാളവികയാണ്..

ഒരിടത്തു നിന്നും കാശ് കിട്ടാതെ വന്നപ്പോൾ എങ്ങിനെയെങ്കിലും ആ സ്ഥാപനം നിലനിർത്തണം എന്ന ഉദ്ദേശത്തോടെ മുത്തശ്ശിക്ക് രതീഷ് വാങ്ങിക്കൊടുത്ത ഒന്നര പവന്റെ മാല വാങ്ങാനായി അവനും മാളവികയും കൂടി നെല്ലിപ്പൊയിൽ അവന്റെ വീട്ടിലെത്തി..
മാളവികയെ അടുത്തുള്ള ഒരു വീട്ടിൽ നിർത്തി അവൻ തനിച്ചാണ് വീട്ടിലേക്ക് പോയത്..
അവനെ കണ്ട ഉടനെ അവന്റെ അമ്മ അവനോടുള്ള വെറുപ്പും നീരസവും കോപവും എല്ലാം ഒരുമിച്ച് പ്രകടമാക്കി..
മാല കൊടുക്കാൻ അമ്മ തയ്യാറായില്ല..
അവർ തമ്മിൽ വഴക്കായി..
ഉച്ചത്തിലുള്ള സംസാരം കേട്ട് അവർ അമ്മയും മകനും ആണ് എന്ന് അറിയാതെ പറമ്പിൽ ജോലി ചെയ്തിരുന്ന 30, 32 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു തമിഴൻ വന്ന് രതീഷിനെ പിടിച്ചു തള്ളി..
അവർ തമ്മിൽ അടിപിടിയായി..
രതീഷിന്റെ അമ്മ ദേവകി, 55 വയസ്സോളം പ്രായമുണ്ടെങ്കിലും 40 45 വയസ്സ് തോന്നിക്കുന്ന ആരോഗ്യവതിയായ ഒരു സ്ത്രീയാണ്..

ആ സ്ത്രീയും അവരുടെ ആ അടിപിടിയിൽ പങ്കുചേർന്ന് രതീഷിനെ, സ്വന്തം മകനെ അടിക്കുകയും ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കുകയും ചെയ്തപ്പോൾ രതീഷ് ചിന്തിച്ചത് തന്റെ അമ്മ തനിക്കൊപ്പം ചേർന്ന് ആ തമിഴിനെ എതിർക്കുകയാണ് എന്നാണ്..
ബഹളം കേട്ട് ഓടിവന്ന അയൽ വീട്ടിലെ രാമേട്ടനും അവന്റെ ഭാര്യ മാളവികയും രതീഷിനെ പിടിച്ചു മാറ്റുന്നതിനിടയിൽ അവന്റെ അമ്മ കാൽ തെന്നി നിലത്ത് വീണു..
ആ സ്ത്രീ തട്ടി പിടഞ്ഞ് എഴുന്നേറ്റ് വർദ്ധിത കോപത്തോടെ അകത്തേക്ക് ഓടി..
അവർ അമ്മയും മകനും ആണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം തമിഴൻ കുറ്റബോധത്തോടെ പിന്മാറി..
അകത്തുനിന്ന് വെട്ടുകത്തിയുമായി ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളി വരുന്ന അമ്മയെ കണ്ടപ്പോൾ രതീഷ് ആദ്യം ചിന്തിച്ചത് അമ്മ ആ തമിഴിന്റെ നേരെയാണ് ആക്രോശിച്ച് വരുന്നത് എന്നാണ്..
നിമിഷങ്ങൾക്കുള്ളിൽ ആണ് അവൻ മനസ്സിലാക്കിയത് അമ്മ കത്തിയുമായി വെട്ടാൻ വരുന്നത് തന്നെയാണ് എന്ന്..

രാമേട്ടനും മാളവികയും മറ്റൊരാളും കൂടി രതീഷിനെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുപോയി..
അപ്പോഴും അവന്റെ അമ്മ ആക്രോശിക്കുന്നുണ്ടായിരുന്നു ഇനിയെങ്ങാനും ആ പറമ്പിൽ കാലു കുത്തിയാൽ അവനെ വെട്ടിക്കൊല്ലും എന്ന്..
താഴേക്ക് നടക്കുന്നതിനിടയിൽ ആ തമിഴനെ ചൂണ്ടിക്കാട്ടി രതീഷ് രാമേട്ടനോട് ചോദിച്ചു ഏതാണ് ആ കാട്ടുപോത്ത് എന്ന്..
“അതാണ് അമ്മയുടെ പുതിയ കാമുകൻ” എന്ന് രാമേട്ടൻ പറയുമ്പോൾ അവരോടുള്ള വെറുപ്പ് ഏതൊരാൾക്കും മനസ്സിലാകും വിധം പ്രകടമായിരുന്നു..
അന്ന് വൈകുന്നേരം ആണ് അവൻ കടയിൽ വന്ന് എന്നോട് യാത്രയും പറഞ്ഞ് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്..
അമ്മയെന്ന മഹത്തായ ആ പദത്തെ ഇത്രമേൽ കളങ്കപ്പെടുത്തിയ മറ്റൊരു സ്ത്രീ ഈ ഭൂമിയിൽ ഉണ്ടാകുമോ?..
ആവോ?..

സിദ്ദിഖ് പട്ട

By ivayana

Leave a Reply

Your email address will not be published. Required fields are marked *