“ഞാൻ പോകുന്നു…”
രജനി പറഞ്ഞത് അത്രമാത്രം.
മറുപടി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഒരു നിമിഷം കൂടി അവിടെ നിന്നു.
സിറ്റൗട്ടിൽ കിഷോർ ലാപ്ടോപ്പ് തുറന്ന് എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിലൂടെ കണ്ണുകൾ ഓടുന്നുണ്ടെങ്കിലും മനസ്സ് അവിടെയല്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.
രജനി അവനെത്തന്നെ നോക്കി.
“ഒന്നുവിളിച്ചൂടെ… പോകരുതെന്ന് ഒന്ന് പറഞ്ഞൂടെ…”
ആഗ്രഹം ഉള്ളിലുണ്ടായിരുന്നു.
പക്ഷേ കിഷോർ തലപൊക്കിയില്ല.
അവളെ കണ്ടില്ലെന്ന ഭാവത്തിൽ ലാപ്ടോപ്പിലേക്ക് തന്നെ നോക്കിയിരുന്നു.
രജനിയുടെ നെഞ്ചിനുള്ളിൽ എന്തോ പിടഞ്ഞു.
കൈയിലുണ്ടായിരുന്ന യാത്രാബാഗ് ഒന്നുകൂടി മുറുകെപ്പിടിച്ച് അവൾ സിറ്റൗട്ടിൽ നിന്നിറങ്ങി.
മുറ്റം കടന്നു.
ഓരോ ചുവടും പതുക്കെയായിരുന്നു.
ഒരുപക്ഷേ…
പിന്നിൽ നിന്ന് വിളിയുണ്ടാകുമോ എന്ന പ്രതീക്ഷ കൊണ്ടാവാം.
ഗേറ്റിലെത്തി.
ഇരുമ്പ് ഗേറ്റ് തുറക്കുമ്പോൾ ഉണ്ടായ ശബ്ദം പോലും അവൾ മനപ്പൂർവം പതുക്കെയാക്കിയില്ല.
അവൻ കേൾക്കട്ടെ…
വിളിക്കട്ടെ…
പക്ഷേ…
ആ ശബ്ദത്തിനിടയിലും കിഷോർ തല ഉയർത്തിയില്ല.

ഗേറ്റിന് പുറത്തേക്കിറങ്ങിയിട്ടും രജനി ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി.
സിറ്റൗട്ടിൽ അതേ ഇരിപ്പിൽ കിഷോർ.
ലാപ്ടോപ്പിന്റെ സ്ക്രീനിൽ തന്നെ കണ്ണുകൾ.
അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
അത് സന്തോഷത്തിന്റെതായിരുന്നില്ല…
വേദന മറയ്ക്കാനുള്ള ശ്രമമായിരുന്നു.
“ശരി… ഇനി മനസ്സിലാകട്ടെ… ഞാനാരാണെന്ന്…”
ഉള്ളിൽ വാശി കത്തി.
അവൾ തിരിഞ്ഞ് നടന്നു.
ബസ് പതിയെ മുന്നോട്ടു നീങ്ങി.
ജാലകത്തിനരികിലെ സീറ്റിലിരുന്ന രജനി പുറത്തേക്കു നോക്കിയിരുന്നു.
പിന്നിലേക്ക് ഓടിമറയുന്ന മരങ്ങളും വീടുകളും കാഴ്ചയിൽ മങ്ങുമ്പോൾ…
മനസ്സിൽ തെളിഞ്ഞത് ഇന്നലത്തെ രാത്രിയായിരുന്നു.
രാവിലെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അവൾ കിഷോറിനോട് ചോദിച്ചത്.
“ചേട്ടാ…”
“എന്താ?”
“ഇന്ന് ഒന്ന് നേരത്തെ വരാമോ?”
ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ടിരുന്ന കിഷോർ ചിരിച്ചുകൊണ്ട് അവളെ നോക്കി.
“പ്രത്യേകിച്ച് എന്തെങ്കിലും പരിപാടിയുണ്ടോ?”

“പരിപാടിയൊന്നുമില്ല…
ഒത്തിരി കാലമായില്ലേ നമ്മൾ രണ്ടുപേരും വെറുതെ ഒന്ന് പുറത്തുപോയിട്ട്…
ഒരു സിനിമ കാണാം…
പുറത്തുനിന്ന് ഭക്ഷണം കഴിക്കാം…
കുറച്ചുനേരം കറങ്ങാം…”
കിഷോർ വാച്ച് കെട്ടിക്കൊണ്ട് പറഞ്ഞു.
“ശരി…
ഇന്ന് കഴിയുന്നതും നേരത്തെ വരാം.
നീ റെഡിയായിരുന്നോളൂ.”
ആ വാക്ക് കേട്ടപ്പോൾ രജനിയുടെ മുഖം വിടർന്നു.
കിഷോർ പോയിക്കഴിഞ്ഞിട്ടും ആ സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.
വീട് മുഴുവൻ വൃത്തിയാക്കി.
അവന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി.
വൈകുന്നേരം നേരത്തെ കുളിച്ചൊരുങ്ങി.
കണ്ണാടിക്കു മുന്നിൽ നിന്ന് സാരി ഒന്നുകൂടി ശരിയാക്കി.
ഘടികാരം നോക്കി.
ആറുമണി.
“ഇപ്പോൾ എത്തും…”
ഏഴായി.
“ട്രാഫിക്കിലായിരിക്കും…”
എട്ടുമണി.
ഫോൺ വിളിച്ചു.
എടുത്തില്ല.

ഒമ്പത് മണി കഴിഞ്ഞപ്പോഴാണ് ഗേറ്റിന് മുന്നിൽ കാറിന്റെ ശബ്ദം കേട്ടത്.
രജനി ഓടിച്ചെന്നില്ല.
വാതിൽ തുറന്നുകൊടുത്തതുമില്ല.
കിഷോർ തന്നെയാണ് കയറി വന്നത്.
മുഖത്ത് ക്ഷീണമുണ്ടായിരുന്നു.
എങ്കിലും ചിരിച്ചുകൊണ്ട് പറഞ്ഞു.
“സോറി…
ഓഫീസിൽ ഒരു അത്യാവശ്യ മീറ്റിംഗ്…”
അതിന് മുഴുവൻ കേൾക്കാൻ പോലും രജനി നിന്നില്ല.
അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു.
ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെച്ചു.
“കഴിച്ചോളൂ…”
അതായിരുന്നു അവൾ പറഞ്ഞ ഏക വാക്ക്.
കിഷോർ ഒന്നും ചോദിച്ചില്ല.
നിശ്ശബ്ദമായി ഭക്ഷണം കഴിച്ചു.
ആ നിശ്ശബ്ദതയാണ് രജനിയെ കൂടുതൽ വേദനിപ്പിച്ചത്.
രാത്രി കിടക്കാൻ നേരം…
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.
പിന്നെ രജനി തന്നെ പറഞ്ഞു.
“ഇനി എന്നോട് മിണ്ടണ്ട…
ഞാൻ നാളെ രാവിലെ എന്റെ വീട്ടിലേക്ക് പോകും.”
കിഷോർ അവളെ നോക്കി.
എന്തോ പറയാൻ തുടങ്ങിയതുപോലെ തോന്നി.
പക്ഷേ…
ഒന്നും പറഞ്ഞില്ല.

അവന്റെ ആ മൗനമാണ് രജനിയുടെ വാശിയെ വീണ്ടും ആളിക്കത്തിച്ചത്.
“ചേച്ചീ…
സ്റ്റോപ്പ്…”
കണ്ടക്ടറുടെ ശബ്ദമാണ് രജനിയെ ഓർമകളിൽ നിന്ന് ഉണർത്തിയത്.
ബസ് ഗ്രാമത്തിൽ എത്തിക്കഴിഞ്ഞിരുന്നു.
ബാഗുമെടുത്ത് അവൾ പതിയെ ഇറങ്ങി.
പച്ചനിറം വിരിച്ച വയലുകൾ…
വരമ്പിലൂടെ നീളുന്ന ചെമ്മൺപാത…
ആ വഴിയിലൂടെ നടന്നാൽ എത്തുന്ന വലിയ തറവാട് വീട്…
അതായിരുന്നു അവളുടെ ജന്മവീട്.
ഗ്രാമത്തിന്റെ നിശ്ശബ്ദതയ്ക്ക് പോലും അന്ന് രജനിയോട് എന്തോ പറയാനുണ്ടെന്ന് തോന്നി.
വരമ്പിലൂടെ നടക്കുമ്പോൾ ഇടയ്ക്കിടെ അവൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
തിരിഞ്ഞ് നോക്കാൻ ആരുമില്ല.
എങ്കിലും മനസ്സ് അങ്ങനെ ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ വലിയ പടിപ്പുരയുള്ള ആ പഴയ തറവാട് വീടിന്റെ മേൽക്കൂര കണ്ടുതുടങ്ങി.

ഒരുകാലത്ത് അവളുടെ ലോകം മുഴുവൻ ആ വീടായിരുന്നു.
ഓടി നടന്ന മുറ്റം…
മാവിൻചുവട്ടിലെ ഊഞ്ഞാൽ…
അമ്മയുടെ വിളി…
അച്ഛന്റെ ചിരി…
എല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി.
മുറ്റത്തേക്ക് കയറിയപ്പോൾ രജനി ഒന്ന് നിന്നു.
മുൻവാതിൽ അടഞ്ഞുകിടക്കുന്നു.
“അച്ഛാ…”
അവൾ മെല്ലെ വിളിച്ചു.
മറുപടിയില്ല.
“അമ്മേ…”
വീണ്ടും നിശ്ശബ്ദത.
അവൾ വാതിലിൽ മുട്ടി.
ആരും തുറന്നില്ല.
വീടിന്റെ വശത്തുകൂടി പിറകിലേക്ക് നടന്നു.
അവിടെയും ആളനക്കമില്ല.
രജനിയുടെ ഉള്ളിൽ ഒരു ഭയം നിറഞ്ഞു.

“ദൈവമേ… ഇവർ എവിടെപ്പോയി?”
അപ്പോഴാണ് അകത്തുനിന്ന് ഒരു സ്ത്രീയുടെ ചിരി കേട്ടത്.
ആ ശബ്ദം അവൾക്ക് പരിചിതമായിരുന്നു.
“ചേച്ചി…”
അവൾ പെട്ടെന്ന് മുൻവാതിലിലേക്ക് ഓടി.
വാതിലിൽ തട്ടി.
“ചേച്ചീ…”
അൽപസമയത്തിനകം വാതിൽ തുറന്നു.
ചേച്ചി മുന്നിൽ വന്നു
വാരിവലിച്ച് ചുറ്റിയ സാരിയും , നെറ്റിയിലെ പടർന്ന സിന്ധൂരവും.
അത് കണ്ട് രജനിക്ക് അസ്വസ്ഥത തോന്നി.
“അയ്യോ… രജനിയോ?”
ചേച്ചിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.
“നീ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ?”
രജനി ഒരു ചിരി വരുത്താൻ ശ്രമിച്ചു.
“അച്ഛനും അമ്മയും എവിടെ ?”
“രാവിലെ ഗുരുവായൂരിലേക്ക് പോയതാ…
നാളെ വൈകുന്നേരമേ വരൂ.”
ആ വാക്കുകൾ കേട്ടപ്പോൾ രജനിയുടെ മനസ്സിൽ എന്തോ ഒടിഞ്ഞുവീണു.
അവൾക്ക് ആദ്യം വേണ്ടിയിരുന്നത് അച്ഛനെയോ അമ്മയെയോ കാണാനായിരുന്നു.
അവരുടെ മടിയിൽ തലചായ്ച്ച് കുറച്ചുനേരം കരയാൻ.
അത് പോലും വിധിച്ചില്ല.
“വാ… അകത്തേക്ക് കയറു…”
ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
“വേണ്ട ചേച്ചി…
ഞാൻ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോയിട്ട് വരുമ്പോ… വെറുതെ ഇതുവഴി വന്നതാ.”
അവൾ കള്ളം പറഞ്ഞു.
അപ്പോഴാണ് അകത്തുനിന്ന് ചേച്ചിയുടെ ഭർത്താവ് വാതിൽക്കലേക്ക് വന്നത്.
“ആരാ വന്നത്?”
അയാൾ രജനിയെ നോക്കി.

ആ നോട്ടത്തിൽ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.
അവൾ അറിയാതെ തന്റെ ഷാൾ ഒന്നുകൂടി നേരെയിട്ടു.
മുൻപും അയാളുടെ വഷളൻ ചിരിയും അടിമുടിയുള്ള നോട്ടവും തന്നെ ചുറ്റിവരിഞ്ഞിട്ടുണ്ട്.
ഒരു നിമിഷം പോലും അവിടെ നിൽക്കാൻ മനസ്സ് അനുവദിച്ചില്ല.
“ഞാൻ പോട്ടെ ചേച്ചി…”
“അയ്യോ… ഒരു ചായ കുടിച്ചിട്ട് പോ…”
“വേണ്ട…”
അത് പറഞ്ഞപ്പോൾ തന്നെ അവളുടെ ശബ്ദം ഇടറിയിരുന്നു.
വേഗത്തിൽ മുറ്റം കടന്ന് പുറത്തേക്ക് നടന്നു.
വരമ്പിലൂടെ തിരികെ നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
“എവിടേക്കാ ഇനി പോകുന്നത്?”
ആ ചോദ്യം അവൾ സ്വയം തന്നോട് ചോദിച്ചു.
അച്ഛനും അമ്മയും ഇല്ലാത്ത ജന്മവീട്…
അവിടെ നിന്നിട്ടും മനസ്സിന് ആശ്വാസം കിട്ടിയില്ല.
പെട്ടെന്നാണ് കിഷോറിന്റെ മുഖം മനസ്സിലേക്ക് വന്നത്.
രാവിലെ അവൾ ഇറങ്ങുമ്പോൾ…
അവൻ ഒരു വട്ടം പോലും തടഞ്ഞില്ല.
പക്ഷേ…

തടയാൻ അവന് കഴിഞ്ഞില്ലായിരുന്നോ?
അല്ലെങ്കിൽ…
അവൾ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടായിരുന്നോ?
അവൾ ഓർത്തെടുത്തു…
വിവാഹം കഴിഞ്ഞിട്ട് നാലു വർഷം.
ഒരിക്കലും ഒരു ദിവസം പോലും കിഷോർ അവളെ അനാദരവോടെ നോക്കിയിട്ടില്ല.
ഒരു വാക്കുകൊണ്ട് പോലും മുറിപ്പെടുത്തിയിട്ടില്ല.
ഇന്നലെ വൈകിയത് തെറ്റായിരുന്നു.
പക്ഷേ…
അതിനേക്കാൾ വലിയ തെറ്റ്…
അവൻ പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറാകാതെ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ?
ബസ് സ്റ്റാൻഡിലെ ബെഞ്ചിലിരുന്ന് അവൾ ദീർഘനിശ്വാസമിട്ടു.
അടുത്ത ബസ് പട്ടണത്തിലേക്കായിരുന്നു.
ബസ് നഗരത്തിലേക്ക് കുതിച്ചുപാഞ്ഞു.
ജാലകത്തിനപ്പുറം കാഴ്ചകൾ മാറിക്കൊണ്ടിരുന്നു.
പക്ഷേ, രജനിയുടെ മനസ്സിൽ ഒരേയൊരു മുഖം മാത്രം.

കിഷോർ.
“ഒന്ന് നേരത്തെ വരാമോ?” എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് “തീർച്ചയായും…” എന്ന് പറഞ്ഞ കിഷോർ…
വൈകിയെത്തിയപ്പോൾ ക്ഷീണം മറച്ചുവെച്ച് “സോറി…” എന്ന് പറഞ്ഞ കിഷോർ…
അവൾ ഇറങ്ങിപ്പോകുമ്പോഴും ഒന്നും പറയാതെ സിറ്റൗട്ടിലിരുന്ന കിഷോർ…
അവന്റെ മൗനം ഇപ്പോൾ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
വാശിയോടെ പറഞ്ഞ ഒരു വാക്ക്…
സ്നേഹത്തോടെ കേൾക്കേണ്ടിയിരുന്നതായിരുന്നു.
ഗേറ്റിന് മുന്നിലെത്തിയപ്പോൾ രജനിയുടെ ഹൃദയം ശക്തിയായി മിടിച്ചു.
ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
സിറ്റൗട്ടിലേക്ക് നോക്കി.
കിഷോർ അവിടെയുണ്ടായിരുന്നു.
ഇത്തവണ ലാപ്ടോപ്പ് തുറന്നിരുന്നെങ്കിലും, ഒന്നും നോക്കുന്നുണ്ടായിരുന്നില്ല.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും അവൻ മെല്ലെ തല ഉയർത്തി.
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.

ഒരു നിമിഷം…
ആരും ഒന്നും പറഞ്ഞില്ല.
രജനി മെല്ലെ അകത്തേക്ക് നടന്നു.
കയ്യിലുണ്ടായിരുന്ന ബാഗ് മുറിയിൽ വെച്ചു.
നേരെ അടുക്കളയിലേക്ക്.
അടുക്കളയിൽ കയറിയ അവൾ ഒരു നിമിഷം നിശ്ചലയായി.
രാവിലെ താൻ അടച്ചുവെച്ചിരുന്ന പാത്രങ്ങൾ…
അതേപടി.
ചോറ്…
കറികൾ…
വെള്ളം നിറച്ച ഗ്ലാസ്…
ഒന്നും ആരും തൊട്ടിട്ടില്ല.
രജനിയുടെ കണ്ണുകൾ നിറഞ്ഞു.
“എന്താ… ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ?”
പിന്നിൽ നിന്ന് കിഷോറിന്റെ ശബ്ദം.

അവൾ മെല്ലെ തിരിഞ്ഞു.
അവൻ വാതിൽക്കൽ ചാരി നിൽക്കുകയായിരുന്നു.
മുഖത്ത് ക്ഷീണമുണ്ടായിരുന്നു.
പക്ഷേ, കണ്ണുകളിൽ പതിവുപോലെ സ്നേഹം മാത്രം.
“നീ പോയതിനുശേഷം…
ഈ വീട് മുഴുവൻ ശൂന്യമായി തോന്നി.”
അവൻ പതുക്കെ പറഞ്ഞു.
“ഓഫീസിൽ പോയില്ല.
പോകാൻ മനസ്സ് വന്നില്ല.”
രജനിയുടെ ചുണ്ടുകൾ വിറച്ചു.
കിഷോർ അടുക്കളയിലേക്ക് നടന്നു.
പാത്രത്തിന്റെ മൂടി തുറന്ന് വീണ്ടും അടച്ചു.
പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു.
“ഇത് നീ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി.”
അത് കേട്ട നിമിഷം…
രജനിക്ക് പിടിച്ചുനിൽക്കാനായില്ല.
അവൾ ഓടിച്ചെന്ന് കിഷോറിന്റെ നെഞ്ചിലേക്ക് വീണു.
“ക്ഷമിക്കണം…”
അത്രയേ പറയാനായുള്ളൂ.
കിഷോർ അവളുടെ തലയിൽ മെല്ലെ തലോടി.
“ഇനി പിണങ്ങരുത് എന്നൊന്നും ഞാൻ പറയില്ല…
പിണങ്ങാം…

പക്ഷേ…”
അവൻ അവളുടെ മുഖം ഉയർത്തി.
“…പിണക്കം വീട്ടിൽ നിന്നിറങ്ങുന്നത്ര വലുതാകരുത്.”
രജനിയുടെ കണ്ണുനീർ അവന്റെ കൈകളിലേക്ക് വീണു.
കിഷോർ രണ്ട് പാത്രങ്ങൾ എടുത്തു.
ചോറ് വിളമ്പി.
ഒരു പാത്രം അവൾക്കു നേരെ നീട്ടി.
“വാ…
ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ…”
രജനി അത്ഭുതത്തോടെ അവനെ നോക്കി.
“നിങ്ങളും…?”
അവൻ ചെറിയൊരു പുഞ്ചിരിയോടെ തലയാട്ടി.
“ഭാര്യ വിശന്നിരിക്കുമ്പോൾ…
ഭർത്താവിന് എങ്ങനെ വയറുനിറയും?”
ആ വാക്കുകൾ കേട്ടപ്പോൾ രജനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അവൾ ആദ്യത്തെ ഉരുള വായിലേക്കല്ല…
കണ്ണീരിലേക്കാണ് വീഴ്ത്തിയത്.
പുറത്ത് മെല്ലെ മഴ പെയ്യാൻ തുടങ്ങി.

അകത്ത്…
രണ്ട് മനസ്സുകളിലെ പിണക്കം അലിഞ്ഞുപോയിരുന്നു.
ആ രാത്രി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു.
ഒരേ പാത്രത്തിൽ.
ഒരേ മനസ്സോടെ……
‘വീടെന്നത് ചുമരുകളും മേൽക്കൂരയുമല്ല…
പിണങ്ങിയാലും തിരികെ വരുമെന്ന് ഉറപ്പുള്ള ഒരാളുടെ കാത്തിരിപ്പാണ്,
അതെല്ലാവരും ഓർക്കുക!
ലത്തീഫ് പത്തനാപുരം

By ivayana

Leave a Reply

Your email address will not be published. Required fields are marked *