ഇതായിരിക്കാം അല്ലേ മഴയുടെ മനസ്സ്…😍😍😍
ഞാൻ മഴയാണ്…
നിങ്ങൾ ഓർക്കുന്നില്ലേ പണ്ട് ഞാൻ ഭൂമിയുടെ നെറുകയിൽ മുത്തമിട്ടിറങ്ങുന്നൊരു പ്രണയമായിരുന്നു…
ഓരോ തുള്ളിയിലും മണ്ണിന്റെ ഗന്ധം കലർത്തി, ഉറങ്ങിക്കിടന്ന വിത്തുകൾക്ക് ജീവന്റെ പാട്ട് പാടിക്കൊടുത്തിരുന്നു…..
എന്റെ ചാറ്റൽ കേട്ട് കുഞ്ഞുങ്ങൾ കൈകൾ നീട്ടി ചിരിച്ചിരുന്നു…
ജനലഴികളിലൂടെ കവിതകൾ ജനിച്ചിരുന്നു…
നിറഞ്ഞ വയലുകൾ എന്നെ കാത്തിരുന്നത്
പ്രണയിനിയെ കാത്തിരിക്കുന്ന കണ്ണുകളോടെയായിരുന്നു….
പക്ഷേ ഇന്ന്…
എന്നെ കാണുമ്പോൾ മനുഷ്യരുടെ കണ്ണുകളിൽ സന്തോഷമല്ല, ഭയമാണ് നിറയുന്നത്….
എന്തിനാണത്…?
ഞാൻ ഒരിക്കലും എന്റെ സ്വഭാവം മാറ്റിയിട്ടില്ലല്ലോ…
നിങ്ങൾ വെട്ടിമാറ്റിയ ഓരോ മരത്തിന്റെയും
നിശ്ശബ്ദ നിലവിളിയാണ് എന്റെ ഇടിമുഴക്കങ്ങളിൽ മുഴങ്ങുന്നത്…
നിങ്ങൾ ശ്വാസം മുട്ടിച്ച ഓരോ പുഴയുടെയും
തേങ്ങലാണ് എന്റെ കുത്തൊഴുക്കായി മാറിയത്….
നിങ്ങൾ കോൺക്രീറ്റിൽ പൂട്ടിയിട്ട ഓരോ മണ്ണുതരിയും ആണ് എന്റെ ഓരോ തുള്ളിയെയും അനാഥരാക്കിയത്….
അതുകൊണ്ടാണ്…
സ്നേഹമായി പെയ്യാൻ ഇറങ്ങുന്ന ഞാൻ,
ചിലപ്പോൾ പ്രളയമായി കുത്തി ഒഴുകിപ്പോകുന്നത്…
ഞാൻ നിങ്ങളോട് കോപിച്ചിട്ടില്ല…
പ്രതികാരം ചെയ്യാനും എനിക്ക് അറിയില്ല…
എന്നെ നെഞ്ചോട് ചേർക്കാൻ ഭൂമിക്ക് കഴിയാതെ വരുമ്പോൾ, എന്റെ കണ്ണുനീരിന്
അതിരുകൾ ഇല്ലാതാകുന്നു…. അത്രേയുള്ളൂ…
ഒരിക്കൽ കൂടി നിങ്ങൾ;
മരങ്ങൾക്ക് തണലാകൂ…
പുഴകൾക്ക് ശ്വാസമാകൂ…
മണ്ണിന് ജീവൻ തിരികെ നൽകൂ…
അപ്പോൾ നിങ്ങൾ കാണും;
ഭീകര രൂപിണിയെയല്ല,
നിങ്ങളുടെ ജനലരികിൽ വീണ്ടും ഒരു താരാട്ടുപാട്ടായി പെയ്തിറങ്ങുന്ന
ആ പഴയ മഴയെ…♥️♥️♥️🫂♥️♥️♥️
സ്നേഹപൂർവ്വം….

By ivayana

Leave a Reply

Your email address will not be published. Required fields are marked *