രചന : കുട്ടി., മണ്ണാർക്കാട്. ✍️
അന്നവിടെ ഒത്തുകൂടിയ പത്തിരുനൂറ് പേരിൽ ഒരുവളായിരുന്നില്ലേ അവളും.ആദ്യനോട്ടത്തിൽ തന്നെ നമ്മുടെ മനസ്സിലേക്ക് കയറിവരുന്ന ചിലരുണ്ടല്ലോ .
അതിനായിരിക്കാം നിമിത്തം എന്ന്
പറയുന്നത്.
തിരിച്ചുപോകുമ്പോൾ കൂടെ ഞാനുമുണ്ട്,നമ്മൾ ഒരേ വഴിക്കല്ലേ എന്ന അവളുടെ വാക്കുകൾ കേട്ടപ്പോൾ
ഏറെ സന്തോഷം തോന്നി.ആ യാത്രയുടെ അവസാനത്തിൽ എത്തിയപ്പോഴേക്ക് ഉള്ള് തുറന്ന് സംസാരിക്കാനുള്ള ഒരു വിശ്വാസമോ, സ്വാതന്ത്ര്യമോ എല്ലാം ഞങ്ങൾക്കിടയിൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു.
തികച്ചും യാദൃശ്ചികമായ മുൻവിധികൾ ഒട്ടുമേ ഇല്ലാത്ത ആ കണ്ടുമുട്ടലാണ് ഇന്നിവിടെ എത്തിനിൽക്കുന്നത്. ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
കേട്ടിരിക്കാൻ ഒരാൾ എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ പെട്ടതാണല്ലോ. ആഗുണം ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ളതുകൊണ്ടാവാം ഇത്രത്തോളം ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന ഒരു ബന്ധമായി ഇത് മാറിയത്.
സമയവും കാലവും കടന്നു പോകവേ ഏറെ അകലങ്ങളിലല്ലെങ്കിലും ചെറിയ അകലങ്ങളിൽ ഇരുന്ന് രണ്ടു മനസ്സുകളിലും പരസ്പരമോർത്തുള്ള ചിന്തകൾ രൂപം കൊള്ളുകയാണ്.
ഒറ്റപ്പെടാൻ വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളിൽ ആശ്വാസമായേക്കുമോ, കേട്ടിരിക്കുമോ എന്ന ചിന്തകൾ ആശയവിനിമയങ്ങളില്ലാതെ തന്നെ മുളപൊട്ടുകയാണ്.
മാസങ്ങൾ കടന്നു പോകവേ “മെസഞ്ചർ” സഹായത്തിനെത്തി.
ആര് ആരോട് ആദ്യം എന്ന ചിന്ത ഓരോരുത്തരിലും അങ്കുരിച്ചിരുന്നിരിക്കാം.
എപ്പോഴോ ഒരിക്കൽ മൗനം ഭഞ്ജിക്കപ്പെട്ടു.
അന്വേഷണങ്ങൾ, താല്പര്യപ്പെടലുകൾ അല്പാല്പമായി തുടരുകയാണ്.
കുറേശ്ശെ കുറേശ്ശെയായി തുല്യദുഃഖിതർ സമാന വേദനകളുടെ അവസ്ഥാന്തരീക്ഷങ്ങൾ തിരിച്ചറിയുകയും പങ്കുവെച്ച് തുടങ്ങുകയും ചെയ്തു.
അങ്ങിനെയും കുറേ നാളുകൾ തുടരവേ “മെസഞ്ചർ” എന്ന മാധ്യമത്തെ ഒഴിവാക്കി “വാട്സ്ആപ്പി”ലേക്ക് എത്തപ്പെടുകയാണ്.
വിനിമയങ്ങൾ തുടരെത്തുടരെ ഹൃദയാഴങ്ങൾ തുറക്കപ്പെടുന്നു.
വിശ്വാസത്തിലൂന്നിയ, കണ്ട് കേട്ടറിവുകളിൽ ഏതോ നിമിഷങ്ങളിൽ എന്തെല്ലാമോ ചിലത് മനസ്സുകളിൽ അങ്കുരിക്കുന്നു.
കാണാൻ സാധിക്കില്ലെങ്കിലും കേൾക്കാതെ വയ്യെന്നായി.
രാത്രിയുറക്കത്തിനു മുമ്പായി ഒരിക്കലെങ്കിലും ഒന്ന് കേട്ടേ മതിയാവൂ എന്ന ശാഠ്യത്തിലേക്കും അവർ എത്തുകയാണ്.
പ്രയാസങ്ങളും പരാധീനതകളും പങ്കുവെച്ചു തുടങ്ങി. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അവർക്കിടയിൽ എല്ലാമെല്ലാമറിയാം എന്നിടത്തേക്കെ ത്തി.
വാട്സ്ആപ്പും,സന്ദേശങ്ങളും മതിയാവാതെ വന്നപ്പോൾ വിളിച്ചു ചൊല്ലലുകളിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി.
എല്ലാമെല്ലാം അറിഞ്ഞു വന്നപ്പോൾ പലതിലും സമാനതകളുണ്ടെന്നതും ബോധ്യമായി.
ഉൾക്കൊള്ളാൻ കഴിയുമെന്നായപ്പോൾ സ്വാഭാവികമായി അവിടെ എന്താണോ സംഭവിക്കേണ്ടത് അത് തന്നെ സംഭവിച്ചു.
സാഹചര്യങ്ങൾ രണ്ടും തീർത്തും വിഭിന്നങ്ങളായിരുന്നു.
മനസ്സുകൊണ്ട്, കരളുകൊണ്ട്, കണ്ണുകൾ കൊണ്ട്,കാതുകൾ കൊണ്ട് എന്തിനേറെ ആപാദചൂടം ആത്മഹർഷത്തിന്റെ മഴവില്ലൊളികൾ പ്രശോഭിതമായപ്പോഴും,
ഒരിക്കലും ഒന്നാവാനാവില്ലെന്ന തീവ്ര നൊമ്പരപ്പെയ്ത്തിലും ഷഷ്ഠി പിന്നിട്ട വിതുര വിധവാ പ്രണയം വസന്തങ്ങൾ തീർക്കുകയായിരുന്നു.
ആമോദത്താൽ പുഷ്ക്കലമായ മനസ്സുകളിൽ ചെമ്പകവും, റോസും, മുല്ലയും, ചെമ്പരത്തിയും, ഡാലിയകളും, കടലാസു പൂക്കളും, പത്തുമണി പൂക്കളും പേരറിഞ്ഞതും അറിയാത്തതുമായ മറ്റനേകം പൂക്കളും ഒന്നിച്ചു വിടർന്ന് സുഗന്ധ പ്രസരണ മാരുതൻ ഇടതടവില്ലാതെ വീശി യടിക്കുകയാണ്.🌹💐🌾🪻
കാമം പൂത്തുലഞ്ഞതല്ല, ശരീര വേഴ്ചകളുടെ സിൽക്കാരങ്ങൾക്ക് കാതോർത്തിട്ടുമല്ല ഏകാന്തതയുടെ കഠിന കഠോരമായ തടവറകളിൽ നിന്ന് മോചിതരായി കണ്ടും കേട്ടുമിരിക്കാൻ മനസ്സറിയുന്ന ഒരു കൂട്ട്.💝
സമൂഹത്തിന്റെ വർത്തമാന വ്യവഹാരങ്ങളിൽ ബന്ധം ബന്ധനത്തിലാവുമ്പോഴും, ശ്ലീലമല്ലാത്ത വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കപ്പെടുമ്പോഴും അവർ അവരുടെ പതിതാവസ്ഥകളിലും മുളപൊട്ടിയ പ്രണയത്തെ ആസ്വദിക്കുകയായിരുന്നു.❤️💚💛
ഇടയ്ക്ക് പിണങ്ങിയും പിന്നീടി ണങ്ങിയും മനസ്സകങ്ങളിൽ ഒരു തരി പോലും ബാക്കി വയ്ക്കാതെ സംവദിച്ചും, സന്തോഷിച്ചും, കുതുഹൂലത്തോടെ ചിരിച്ചും, കുണ്ഠിതത്തോടെ കരഞ്ഞും സംഗമിക്കില്ലെന്നുറപ്പുള്ളപ്പോഴും സങ്കല്പ ലോകത്തിൽ യഥാർത്ഥ ജീവിതത്തെ പുനപ്രതിഷ്ഠിക്കുകയായിരുന്നു.🤝
മക്കളും ഒടപ്പിറപ്പുകളും അവരവരുടെ ലോകങ്ങളിലേക്ക് പരിമിതപ്പെടുമ്പോൾ അവരാരും വായിക്കാനോ, സാക്ഷാത്കരിക്കാനോ ഇറങ്ങിപ്പുറപ്പെടാത്ത രണ്ട് വിധി വശാൽ ജീവിതങ്ങൾ……❤️🔥❤️🔥👣❤️💚🌻

