രചന : സിദ്ദിഖ് പട്ട ✍️
അപ്രതീക്ഷിതമായാണ് അനിതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്..
അനിതയുടെ ഭർത്താവ് സുഭാഷ് അനിതയുടെ രോഗമറിഞ്ഞ് ആടിയുലഞ്ഞുപോയി..
28 വർഷങ്ങൾക്കു മുമ്പാണ് സുഭാഷ് വട്ടപ്പാറ കോളനിയിലെ തന്റെ കുടിലിലേക്ക് അനിതയെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്..
കോളനിയിലെ പല വീടുകളിലും നാടൻ ചാരായം സുലഭമായി ലഭിച്ചിരുന്നതിനാൽ സുഭാഷ് പതിനാലാം വയസു മുതൽ മദ്യപാനം ശീലിച്ചിരുന്നു..
അനിതയുടെ അച്ഛനും അച്ഛച്ചനും സഹോദരങ്ങളും മദ്യപിച്ചിരുന്നതിനാൽ സുഭാഷിന്റെ മദ്യപാനം ആദ്യത്തിലൊന്നും അനിതയ്ക്ക് ബുദ്ധിമുട്ടായി തോന്നിയില്ല..
അനിതയുടെ അച്ഛനും സഹോദരങ്ങളും ജോലിക്ക് പോയി കിട്ടുന്ന കാശുകൊണ്ട് കുടുംബം നോക്കി അതിൽ ഒരു പങ്കുകൊണ്ട് മദ്യപിക്കുകയും ചെയ്യുന്നവരായിരുന്നു..
സുഭാഷ് ഒരു ജോലിക്കും പോകാതെ മദ്യപിക്കാനായി മാത്രം ജീവിക്കുകയാണ് എന്ന് അനിത മനസ്സിലാക്കി..
ഏഴുമാസം ഗർഭിണിയായ അനിത പ്രസവത്തിനും പ്രസവാനന്തര പരിചരണത്തിനുമായി അവളുടെ വീട്ടിലേക്ക് പോയി..
നാലു മാസങ്ങൾക്ക് ശേഷം കൈ കുഞ്ഞുമായി വീട്ടിലെത്തിയ അനിത മനസ്സിലാക്കി തന്റെ ഭർത്താവ് മദ്യപിച്ച് മധോന്‍മത്തിനായി സ്വബോധം നഷ്ടപ്പെട്ട് റോഡ് സൈഡിലും വഴിയരികിലും വീണു കിടക്കുന്നത് പതിവായിരിക്കുന്നു എന്ന്..
അവന്റെ കൂടെ ജീവിതം തുടരാൻ കഴിയില്ല എന്ന് അനിതക്ക് തോന്നി..
ഇരു വീട്ടുകാരും അനിതയെ പറഞ്ഞു സമാധാനിപ്പിച്ച് സുഭാഷിന്റെ മദ്യപാനം നിർത്താനായി ഒരു ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടാക്കി..
15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മദ്യവിമുക്തനായി തിരിച്ചുവന്ന സുഭാഷ് രണ്ടുമൂന്ന് ആഴ്ചയോളം മദ്യപിക്കാതെയിരുന്നു..
സമൂഹം അവനെ അംഗീകരിക്കാനോ സ്വീകരിക്കാനോ തയ്യാറാവാത്തത് കൊണ്ട് അവന്റെ സഹവാസം വീണ്ടും മദ്യപന്മാരുടെ കൂടെയായി..
വേണ്ട വേണ്ട എന്ന് അവന്റെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും ശരീരം അതിന് സമ്മതിച്ചില്ല..
അവൻ വീണ്ടും മദ്യപാനം തുടങ്ങി..
അനിത അല്ലറ ചില്ലറ ജോലികൾക്ക് പോയിത്തുടങ്ങി..
തീരാദുരിതങ്ങൾക്കിടയിൽ അനിത രണ്ടാമതും ഒരു പെൺകുഞ്ഞിന് ജന്മം നൽകി..
സുഭാഷ് പഴയതുപോലെ ജീവിക്കുന്നത് തന്നെ മദ്യപിക്കാനായി എന്ന അവസ്ഥയിലായി..
അനിതയുടെ അച്ഛൻ മരിച്ചതോടെ സഹോദരങ്ങൾ സ്വത്തിന്റെയും മറ്റും പിറകെ ഓടിയിരുന്നതിനാൽ അനിതയ്ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാതെയുമായി..
സുഭാഷിന്റെ മാനസാന്തരം മൂലം അവനെ വീണ്ടും ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി..
20 ദിവസത്തെ ഡി അഡിക്ഷൻ സെന്ററിലെ ചികിത്സക്ക് ശേഷം സുഭാഷ് തിരിച്ചെത്തി..
അവന് നല്ല ഒരു സുഹൃത്ത് പോലും ഉണ്ടായിരുന്നില്ല..
കുടുംബത്തിലും സമൂഹത്തിലും ആരും
അവനെ ഒരു വിലയും കൽപ്പിച്ചില്ല..
ആരും അവനെ സ്വീകരിച്ചതും ഇല്ല..
ഇന്നലെ വരെ റോഡ് സൈഡിലും വഴിയരികിലും വീണു കിടന്നിരുന്ന അവനെ ഇന്ന് ആരെങ്കിലും കൂടെ ചേർക്കുമോ?..
അനിത അറിയാതിരിക്കാനായി പല കോപ്രായങ്ങൾ കാണിച്ചുകൊണ്ട് സുഭാഷ് വീണ്ടും മദ്യപാനം തുടങ്ങി..
അനിത മൂന്നാമതും ഗർഭിണിയായി..
മൂന്നാമത്തെ മകളെ പ്രസവിച്ചപ്പോഴേക്കും വീട്ടിൽ ദാരിദ്ര്യം കൊടികുത്തി വാണൂ..
അനിത അവൾക്ക് ചെയ്യാവുന്ന ജോലികൾ എല്ലാം ചെയ്ത് കുട്ടികളെ വളർത്തി..
നാട്ടുകാരും സന്നദ്ധ സംഘടനകളും സുഭാഷിനെ ഒന്നു രണ്ടു തവണ വീണ്ടും മദ്യപാനം നിർത്താനായി ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി..
മാനസികമായി ദുർബലനായ സുഭാഷിന് മദ്യപാനം നിർത്താൻ അപ്പോഴും കഴിഞ്ഞില്ല..
നാടൻ ചാരായത്തിന്റെ ലഭ്യത കുറഞ്ഞതോടെ ബീവറേജ് ഔട്ട്ലെറ്റിന് ചുറ്റും നടന്ന് ആളുകൾക്ക് കുടിക്കാൻ വെള്ളവും ഗ്ലാസും നൽകി അതിന് പ്രത്യുപകാരമായി ലഭിക്കുന്ന മദ്യം കഴിച്ചുകൊണ്ട് അവൻ ജീവിതം തുടർന്നു..
വീട്ടിൽ പോകുന്നത് വല്ലപ്പോഴുമായി..
മദ്യപിച്ച് മധോന്മത്തിനായി വഴിയരികിൽ വീണു കിടക്കുന്ന സുഭാഷിനെ മക്കളും വെറുത്ത് തുടങ്ങി..
ശരീരമാസകലം നീരു വച്ച് അങ്ങാടിയിൽ ഒരു കോണി കൂടിൽ കഴിഞ്ഞിരുന്ന സുഭാഷ് ഏതുനിമിഷവും മരിക്കുമെന്ന് ആളുകൾ വിധിയെഴുതി..
മറ്റാരും തുണയില്ലാതെ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞ് ഇഴഞ്ഞ് നരകിച്ച് തീർക്കണം തന്റെ ശിഷ്ട ജീവിതമെന്ന് സുഭാഷ് അറിയുന്നുണ്ടായിരുന്നു..
ജീവിതത്തിലേക്ക് തിരിച്ചു വരാൻ അവന് കൈകൊടുത്ത എല്ലാവരെയും തട്ടി മാറ്റിയത് കൊണ്ട് വീണ്ടും ആരും അതിന് തയ്യാറായില്ല..
ആരെങ്കിലും കൈപിടിച്ച് ആ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് കരകയറ്റിയിരുന്നെങ്കിൽ എന്ന് സുഭാഷ് ആത്മാർത്ഥമായി ആഗ്രഹിച്ചു..
അങ്ങിനെ ഒരാൾ ഇല്ല എന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് എങ്ങിനെയെങ്കിലും മരിച്ചു കിട്ടിയാൽ മതി എന്ന് പലപ്പോഴും അവൻ ദൈവത്തോട് പ്രാർത്ഥിച്ചു..
ദൈവം അവന് സഞ്ചരിക്കാനുള്ള വഴി മറ്റൊരു രീതിയിലായിരുന്നു ക്രമപ്പെടുത്തിയത്..
മൂത്ത മകൾ ഒമ്പതിലും രണ്ടാമത്തെവൾ ഏഴിലും മൂന്നാമത്തെവൾ അഞ്ചാം ക്ലാസിലും പഠിക്കുമ്പോളാണ് അനിതയ്ക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്..
ക്യാൻസർ സമം മരണം എന്ന് ചിന്തിച്ചിരുന്ന സുഭാഷ് മറ്റൊന്നും ആലോചിക്കാതെ വീട്ടിലേക്ക് ഓടി..
കയ്യും കാലും മുഖവും നീര് വച്ച് വിരൂപനായ അവനെ വീട്ടിലുള്ളവരും ചുറ്റും കൂടിയിരുന്നവരും സഹതാപത്തോടെ നോക്കി..
ആരോടും ഒന്നും സംസാരിക്കാൻ കഴിയാതെ സങ്കടപ്പെട്ടും തേങ്ങി കരഞ്ഞും അവൻ അനിതയോട് ചേർന്ന് നിന്നു..
അവൻ അനിതയ്ക്കും കുട്ടികൾക്കും ഒരു ഭാരമാകും എന്ന് കരുതി അനിതയുടെ വീട്ടുകാർ അവനെ ആട്ടിയോടിക്കാൻ ശ്രമിച്ചു..
പൊട്ടിക്കരഞ്ഞുകൊണ്ട് പലരുടെയും കാലുപിടിച്ച് “അനിതയെയും മക്കളെയും വിട്ട് ഞാൻ എങ്ങോട്ടും പോകില്ല” എന്ന് അവൻ ആവർത്തിച്ചുകൊണ്ടിരുന്നു..
അനിത തന്റെ ഭർത്താവിനോട് എല്ലാം ക്ഷമിച്ചു കഴിഞ്ഞിരുന്നു..
15 വർഷങ്ങളോളം കടന്നുപോയി..
മൂത്ത മകൾ മന്ദാന കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു..
അവിടെ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന അരുൺ ആണ് അവളുടെ ഭർത്താവ്..
അവർക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ട്..
രണ്ടാമത്തവൾ C A കാരിയാണ്. വിവാഹം കഴിഞ്ഞ് അവളും ഒരു ആൺകുട്ടിയുടെ അമ്മയാണ്..
മൂന്നാമത്തെവൾ Bsc നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്..
ക്യാൻസർ വന്നാൽ മരണം സുനിശ്ചിതം എന്ന് വിശ്വസിച്ചിരുന്ന സുഭാഷ് ചികിത്സിച്ചാൽ ഭേദമാകുമെന്ന് ഡോക്ടർമാർ പറഞ്ഞാണ് മനസ്സിലാക്കുന്നത്..
8 തവണയോളം മദ്യപാനം നിർത്താനായി ഡി അഡിക്ഷൻ സെന്ററിലും മറ്റും പോയിരുന്ന സുഭാഷ് എവിടെയും പോകാതെ മദ്യപാനം പൂർണമായും നിർത്തി..
തന്റെ പ്രിയതമയെ ചികിത്സിക്കാനായി സുഭാഷ് രാവെന്നോ പകലെന്നോ നോക്കാതെ കിട്ടുന്ന ജോലികളെല്ലാം ചെയ്തു..
അനിതയുടെ ചികിത്സ ഒരാളുടെ മുമ്പിലും കൈനീട്ടാതെ ഒരിക്കലും ഒരു ഭംഗവും വരുത്താതെ അവൻ നടത്തി..
അനിതയും മക്കളും അവനെ ജീവനുതുല്യം സ്നേഹിച്ചു തുടങ്ങി..
ഭാര്യയും മക്കളും മാത്രമായി അവന്റെ ലോകവും ചുരുങ്ങിയിരുന്നു..
കുടുംബജീവിതം എന്താണ് എന്നും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുണ്ടെങ്കിൽ അതിന്റെ മനോഹാര്യത എത്രത്തോളമാണ് എന്നും ആദ്യമായി സുഭാഷും അനിതയും അനുഭവിച്ചറിയുകയായിരുന്നു..
മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും നാളേക്ക് വേണ്ട മാറ്റിയിരുപ്പും സുഭാഷ് കൃത്യമായി ചെയ്തു..
അവനെ സങ്കടത്തോടെയും സഹതാപത്തോടെയും നോക്കിയിരുന്നവരെല്ലാം അവനെ ആരാധനയോടെ നോക്കാൻ തുടങ്ങി..
ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തികളിൽ ഒരാൾ ഇപ്പോൾ സുഭാഷാണ്..
ഉർവശി ശാപം അനുഗ്രഹമായി എന്ന് പറയുന്നതുപോലെ തനിക്ക് ക്യാൻസർ വന്നതിന് ദൈവത്തിനോട് നന്ദി പറയുന്ന ആദ്യത്തെ ആൾ അനിതയുമാണ്..

