ശ്രീദേവി ഉമ്മറത്തിരിക്കുന്നത് കണ്ടു..
” രണ്ടീസായി ഈ കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടന്നിട്ട്… ഇതുവരെ അതൊന്ന് വായ തുറന്നു കണ്ടില്ല… അതെന്തേ അങ്ങനെ “
സുഭദ്ര ഇളയ മകൻ ഗിരീശന്റെ വേളി നീലിമയോട് ചോദിച്ചു.
” ആവോ നിയ്ക്ക് അറീല ഗിരിയേട്ടൻ ഇങ്ങനെള്ള കാര്യങ്ങളൊന്നും ന്നോട് ചർച്ച ചെയ്യാറില്ല്യാലോ.”
” ഗിരീശനും ഇവിടുത്തെ അദ്യം കൂടി പോയി വന്നപ്പോഴാണല്ലോ ആ കുട്ട്യേ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്…ഞാൻ എന്തൊക്കെ അതിനോട് ചോദിച്ചിരിക്കണു. കുട്ടിയ്ക്ക് മിണ്ടാട്ടംല്ല്യ”

” എന്താ ഇവിടെ? “
ഇന്ദുലേഖ അടുക്കളയിലേക്ക് വന്നു.
സുഭദ്രാ അന്തർജ്ജനത്തിന്റെ മൂത്ത മകൻ ഗോവർദ്ധനന്റെ വേളി ആണ് ഇന്ദുലേഖ
” ശ്രീദേവിയെ കുറിച്ച് സംസാരിക്കുകയായിരുന്നു “
” ആ കുട്ടിയ്ക്കെന്താ പറ്റ്യേ “
” അത് ആരോടും മിണ്ടുന്നില്ല്യാ.. “
” അതിന് ആരെയും പരിചയം ഇല്ലാത്തോണ്ടാകും “
” ഈ ഇല്ലത്തു വന്നിട്ടിപ്പോ രണ്ടീസമായില്ലേ… പിന്നെന്താ?”
” ആ..ഊമയായിരിക്കും . “
” ഉവ്വോ “
” ആയിരിക്കും അതല്ലേ മിണ്ടാത്തത് “
” എന്തായാലും ഇതുപോലെ അഴകുള്ള ഒന്നിനെ ഞാൻ കണ്ടിട്ടില്യ “
” ഇന്ദു “
” ദേ ഏട്ടൻ വിളിക്കണു”
ഇന്ദു ഉമ്മറത്തേക്ക് ചെന്നു.
പുറത്തു പോയി വന്നു കിണ്ടിയിലെ വെള്ളത്തിൽ കാൽ കഴുകുകയായിരുന്നു ഗോവർദ്ധനൻ.
ഇടയ്ക്ക് അയാൾ ശ്രീദേവിയെ അടിമുടി നോക്കുന്നത് കണ്ടപ്പോ ഇന്ദുവിനു മനസ്സിൽ അരിശം തോന്നി.

അവളാകട്ടെ മരവിച്ച പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു.
” ഈ പെണ്ണെന്താ ഇങ്ങനെ “
മനസ്സിൽ പറഞ്ഞുകൊണ്ട് ഇന്ദു ഭർത്താവിന്റെ അടുത്തേക്ക് ചെന്നു..
” ഇവൾ പോയില്ലേ “
അയാൾ സഹധർമ്മിണിയോടെ അടക്കി പിടിച്ച ശബ്ദത്തിൽ ചോദിച്ചു.
” അച്ഛൻ ഒന്നും പറഞ്ഞില്ല… അതാവും “
” ഉം “
” കുട്ടി ഭക്ഷണം കഴിച്ചുവോ “
ഗോവർദ്ദനൻ ശ്രീദേവിയോട് കുശലം ചോദിച്ചു.
പൊടുന്നനെ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മൊഴിഞ്ഞു.
” ഇല്ല്യ “
” ഓ അപ്പൊ ഊമയല്ലാലെ? “
അവൾ ഇന്ദുലേഖയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഭർത്താവിന്റെ കയ്യിലിരുന്ന പൊതിയും വാങ്ങി ഇന്ദുലേഖ അകത്തേക്ക് പോയി.
ഗോവർദ്ദനൻ അവളെ വീണ്ടും നോക്കി..
“ത്രിലോക സുന്ദരി “അയാൾ മനസ്സിൽ പറഞ്ഞു.
അവളുടെ കണ്ണുകളിൽ അയാൾ കണ്ടു ഒരു കാമിനിയുടെ ഭാവം..
അയാൾക്ക് ഉത്സാഹമായി..

” കുട്ടി ഏതില്ലാത്തെയാ? എങ്ങനെ അച്ഛൻ നമ്പൂതിരിടെ കയ്യിൽ അകപ്പെട്ടു “
” ഞാൻ വെള്ളോട്ടു മനയിലെ ശ്രീദേവി ആരും ആശ്രയത്തിനില്ല.. അമ്മ നേരത്തെ പോയി. ഇപ്പോൾ അച്ഛനും. എന്റെ അച്ഛന്റെ സുഹൃത്താണ് ഇവിടെത്തെ തിരുമേനി
അവിടെ അച്ഛന്റെ മരണനാന്തര ചടങ്ങുകൾക്കായി വന്ന ഇവിടുത്തെ തിരുമേനി എന്നേക്കൂടെ കൂട്ടി… ഒരു മകളെപ്പോലെ “
” അത് നന്നായി. ഇത് കുട്ടീടെ സ്വന്തം ഇല്ലമായി കരുതിക്കൊള്ളൂ. വിഷമിക്കണ്ടാട്ടോ. ഞങ്ങളൊക്കെയില്ല്യേ “
അവൾ വിഷാദവതിയായി പുഞ്ചിരിച്ചു. “
“ഗോവർദ്ധനാ..”
അച്ഛൻ തിരുമേനി ഉച്ചത്തിൽ വിളിക്കുന്നു.. കലി പൂണ്ടത് പോലെ “
” ദാ വരണു “
അയാൾ ഭയഭക്തി ബഹുമാനത്തോടെ അച്ഛനരികിലേക്ക് ഓടി.
” നീയെന്തേ അവളോട് സംസാരിക്കണേ “
” വെറുതെ വിശേഷങ്ങൾ ചോദിച്ചതാ “
” ശരി നീയിങ്ങു അടുത്ത് വരിക “
” ന്റെ കയ്യിൽ പിടിച്ച ശേഷം അവളെ ഒന്ന് നോക്കു “
അയാൾ അപ്രകാരം ചെയ്തു.

അയാളുടെ അകവാള് വെട്ടിപ്പോയി
ഒരു ഘോരയക്ഷി….
അവളുടെ കണ്ണുകളിൽ നിന്നും അഗ്നി പ്രവഹിക്കുന്നു.
ദംഷ്ട്രകളിൽ നിന്നും രക്തമൊലിക്കുന്നു.
മുടി കാറ്റിൽ പാറിപ്പറക്കുന്നു…
അവളുടെ നോട്ടം നേരിടാനാവാതെ അയാൾ അച്ഛന്റെ കയ്യിൽ നിന്നുള്ള പിടിവിട്ടു.
അവളുടെ ചുണ്ടിലിപ്പോ ഗൂഢമായ ചിരി മാത്രം..
” ന്റെ ദേവ്യേ… എന്തായീ കാണണേ… എന്താപ്പോ ഇങ്ങനെ “?
” ഉം.. വഴിയിൽ നിന്നും ന്റെ പിറകെ കൂടി.. ഇരുമ്പാണിയിൽ തളച്ചു നോം കൂടെകൂട്ടി… സാധാരണ യക്ഷി അല്ലിവൾ… വെറുതെ ഒരിടത്തു തളയ്ക്കാൻ കഴിയില്ല. നമ്മുടെ ഉപാസന മൂർത്തിയുടെ നിർദ്ദേശ പ്രകാരം നമ്മുടെ മനയ്ക്കൽ കാവിൽ ഒരു യക്ഷിയമ്പലം പണിത് അവിടെ കുടിയിരുത്തണം. എന്നാലേ അവളുടെ ശക്തി സദ്ഗതി അരുളു.. ഇല്ലെങ്കിൽ ദുഷ്ടാത്മാവായി അവൾ അലഞ്ഞു അനേകരെ ദ്രോഹിക്കും “
“എന്താണ് അവളെ ഈ ഇല്ലത്തിൽ കയറ്റിയിരുത്തിയിരിക്കുന്നത്. അന്തർജ്ജനങ്ങൾ അറിഞ്ഞാൽ ജീവൻ പോകും “

” അത് ഈ വരുന്ന അമാവാസിയിൽ മാത്രമേ അവളെ പ്രതിമയിൽ ആവാഹിച്ചു പ്രതിഷ്ഠിക്കാൻ കഴിയുകയുള്ളു. അതിനു മുൻപ് എവിടെ തളയ്ക്കുന്നുവോ അവിടെ നിന്നും അവളെ ഇളക്കാനാവില്ല്യ .. അങ്ങനെ ശ്രമിച്ചാൽ അത് വലിയ ആപത്തുണ്ടാക്കും….അമാവാസി വരെ അവളിവിടെയുണ്ടാവും. ഒരു സാധാരണ പെണ്ണായി “
ഗോവർദ്ദനൻ ഒരിക്കൽ കൂടി അവളെ നോക്കാൻ ഭയപ്പെട്ട് അകത്തേക്ക് പോയി..
ശ്രീദേവിയുടെ ചുണ്ടിൽ പൈശാചികമായൊരു ചിരി വിടർന്നു…
നെറുകയിൽ അവൾ സ്വയം തലോടി.. ഇരുമ്പാണിയിൽ കൈ തടഞ്ഞപ്പോൾ കൈ പൊള്ളിപ്പിടഞ്ഞു..
എങ്ങനെയെങ്കിലും ഈ കടമ്പ കടന്നാൽ താൻ രക്ഷപെട്ടു..എങ്ങനെ ഈ ബന്ധനത്തിൽ നിന്നും ഒന്ന് രക്ഷപെടും… ഈ കുടുംബത്തിലെ ഒരാളെ തനിക്ക് ജീവനോടെ ഭക്ഷിക്കണം..
ഗിരീശൻ…

ഈ ഭൂമിയിൽ നിന്നും തന്നെ ഇല്ലാതാക്കിയവൻ.
അതിനു ഈ ഇല്ലപ്പറമ്പിൽ കയറാൻ പഠിച്ച പണിഎല്ലാം നോക്കിയിട്ടും കഴിഞ്ഞില്ല..
അപ്പോഴാണ് രണ്ടു ദിവസം മുൻപ് ഇല്ലിക്കരയിൽ ഒരു കർമ്മത്തിന് വന്ന വാസുദേവൻ നമ്പൂതിരിയെ തരത്തിൽ കിട്ടിയതും പിടി കൊടുത്തതും.
കൂടെയുണ്ടായിരുന്ന
ഗിരീശനേ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വാസുദേവൻ നമ്പൂതിരി തന്നെ ബന്ധന മന്ത്രം ചൊല്ലി ഇരുമ്പാണി നെറുകയിൽ അടിച്ചു തളച്ചു.
ഇനി യക്ഷിയമ്പലത്തിൽ കുടിയിരുത്താൻ പോവാണത്രേ..

ആ നോക്കാം…. എന്നെങ്കിലും മോചനം കിട്ടും. ഒരു ചെറുവാല്യക്കാരിയെങ്കിലും തന്റെ ഹിതം അറിഞ്ഞു പ്രവർത്തിക്കാനുണ്ടാകും
പ്രതീക്ഷയോടെ അവൾ കാത്തിരുന്നു…ശ്രീദേവിയെന്ന വിളിപ്പേരിൽ
നന്ദിനികുട്ടി..
പാലപ്പൂ മണക്കുന്ന രാത്രികളിൽ ഈ മനയ്ക്കലെ ഓരോരുത്തരുടെ നെഞ്ചിലും തീ കോരിയിടാനായി അവൾ തയ്യാറെടുക്കുന്നു…

പ്രിയ ബിജു ശിവകൃപ

By ivayana

Leave a Reply

Your email address will not be published. Required fields are marked *