മാസാവസാനം കയ്യിൽ ബാക്കിയുള്ള കാശ് ഒരു മികച്ച സാമ്പത്തിക ശാസ്ത്രഞ്ജന്റെ കൈയ്യടക്കത്തോടെ കണക്ക് കൂട്ടി. രണ്ടു ദിവസത്തെ ചിലവിനുള്ള കാശ് കണിശമായി കണക്കാക്കി. ചിലവിനുള്ള കാശ് കണക്കിലും, നീക്കിയിരുപ്പ് പോക്കറ്റിലും എന്ന് പറയുന്നതാണ് സത്യം.
ഇല്ലാത്ത നീക്കിയിരുപ്പ് ഉണ്ടാക്കി ആ ലോക്കൽ ബാറിലേക്ക് കയറി.
കൗണ്ടറിൽ നിന്ന് വിലകുറവ് രണ്ട് 60 ml വാങ്ങി, ഒരു ഒഴിഞ്ഞ മേശയിൽ ഇരുന്നു.
ഒരു ഗ്ലാസ്സിലേക്ക് മെശപ്പുറത്തെ ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു. സോഡാ വാങ്ങിയില്ല, മാസാവസാനമല്ലേ പരമാവധി ആർഭാടം കുറച്ച്, ആചാരം മാത്രമാണ് മാസാവസാനങ്ങളിൽ .പതിവ്. . ഒരു ഗ്ലാസ്സിൽ നിന്ന് ഒരു കവിൾ കുടിച്ച് ചൂണ്ട് വിരൽ പ്ളേറ്റിലെ അച്ഛാറിൽ മുക്കി നാക്കിന്റെ മർമ്മത്തിൽ തേച്ച് കണ്ണടച്ച് ആ എരിവ് ആസ്വദിക്കുമ്പോളാണ് ആ ചോദ്യം കേട്ടത്.
“സർ…. ഈ ഫ്രീ കിട്ടണ അച്ചാറും കൂട്ടിയാണോ അടിക്കുന്നത്?”

ചോദ്യത്തിലെ ചെറുതാക്കലിലെ നീരസം മുഖത്ത് വരുത്തി കണ്ണ് തുറന്ന് നോക്കിയപ്പോൾ മാന്യനായ ഒരാൾ. ഇൻസൈഡ് ചെയ്ത വെള്ള ഷർട്ട്‌, കറുത്ത പാന്റ്. ഓ സപ്പ്ളെയർ ആണ്. പക്ഷെ ലോക്കൽ ബാറിൽ ഇത്രയും മാന്യമായി വസ്ത്രം ധരിച്ച സപ്ലയർമാരെ കാണാറില്ലല്ലോ? തിരക്ക് കാരണം എക്സിക്യൂട്ടീവ് ബാറിൽ നിന്ന് ഇങ്ങോട്ട് പോസ്റ്റ്‌ ചെയ്തതാകും.
“മാസാവസാനം അല്ലേടോ…. ഇങ്ങനെ പോട്ടെ….”
എന്നും ഇങ്ങനെ തന്നെയാണ് പതിവ്, മാസാദ്യമാണെങ്കിൽ ഒരു സോഡയും, രണ്ടു പുഴുങ്ങിയ മുട്ടയും അതാണ് പരമാവധി ആർഭാടം. അതിപ്പോ ഇയാളോട് പറയേണ്ട ആവശ്യം ഇല്ലല്ലോ.
“നമുക്ക് ഒരു ജീവിതമല്ലേ ഉള്ളു സർ, അത് നമ്മൾ അടിപൊളിയായി ജീവിക്കണ്ടേ? “
“അതൊക്കെ ശരിയാടോ, അതോണ്ടല്ലേ ഇല്ലാത്ത കാശ് ഉണ്ടാക്കി മസാവസാനം ഈ ശനിയാഴ്ച രാത്രി ഞാൻ ഇവിടെ വന്നിരിക്കുന്നത്.”
“മദ്യം അങ്ങിനെയാണ് സർ, മറ്റുള്ളവർക്ക് മദ്യം ഒരു അവിഹിത ബന്ധമാണ്, പക്ഷെ നമുക്ക് നമ്മുടെ പ്രണയവും “
“താങ്കൾ കഴിക്കോ? “
“ഇല്ല സർ “
“മദ്യം നമുക്ക് പ്രണയം എന്ന് പറഞ്ഞപ്പോ ചോദിച്ചതാ, അല്ല താങ്കൾ , കവിത എഴുതാറുണ്ടോ? “
“അയ്യോ ഇല്ല. അതിനുള്ള അറിവോ പഠിപ്പോ എനിക്കില്ല സർ “
“നന്നായി സംസാരിക്കുന്നു, ഒരു കവിയെപ്പോലെ” ആ ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.

സർ, ഈ സ്ഥാപനത്തിന്റെ ഐശ്വര്യം താങ്കളെ പോലെ ഉള്ളവരാണ്. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു മന്ത്‌ എൻഡ് ഓഫർ വെച്ചിട്ടുണ്ട്. “സന്തോഷ നിമിഷങ്ങൾ “
കൊള്ളാലോ, പക്ഷെ എന്താ മലയാളത്തിൽ ” സാധാരണ ഇംഗ്ലീഷ് പേരുകൾ ആണല്ലോ ഓഫറിനൊക്കെ പതിവ് “
“ഇത് ലോക്കൽ ബാറല്ലേ സാർ, ഇവിടെ സാധാരണക്കാർ അല്ലേ കൂടുതൽ. മുകളിൽ എസി ബാറിൽ ഹാപ്പി അവേർസ് എന്നാണ് “
“ആട്ടെ എന്തുട്ടാ ഓഫർ?”
വെറും നൂറ്റി അൻപത് രൂപക്ക് ഒരു പ്ളേറ്റ് ചിക്കൻ വറുത്തതും ഒരു സ്മോളും.
“ഓ… വേണ്ടറോ കാശില്ല്യ… മാസാവസാനമല്ലേ “
“സാർ, 8 പീസ് ചിക്കൻ ആണ് ഈ ഓഫറിൽ. സാറിന് ഞാൻ 10 പീസ് തരാം. പിന്നെ സ്മാൾ എന്നുള്ളത് 30 ml ന് പകരം 45 ml സെറ്റാക്കാം.” അയാൾ അടുത്തേക്ക് നീങ്ങി നിന്ന് ശബ്ദം കുറച്ച് പറഞ്ഞു.
മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ. മനസ്സിൽ ഉരുതിരിഞ്ഞ അനുകൂല ഭാവത്തിന്റെ നനവ് മുഖത്ത് കണ്ടപ്പോൾ അയാൾ നനഞ്ഞിടം കഴിക്കാൻ തുടങ്ങി.

“സാറിനെ കണ്ടപ്പോൾ ഒരു മാന്യൻ ആണെന്ന് എനിക്ക് മനസ്സിലായി, അതോണ്ട് എനിക്ക് സാറിനോട് ഒരു ബഹുമാനം തോന്നി. പിന്നെ ഇതൊരു സ്പെഷ്യൽ ഓഫർ ആണ്, ഫ്ലൈറ്റിൽ കൂടുതൽ സഞ്ചരിക്കുന്നവർക്ക് എയർലൈൻ കമ്പനികൾ ഓഫർ നൽകാറില്ലേ, അങ്ങിനെ ഒരു ഓഫർ ആണ് സർ ഇത്. സർ ഈ ഓഫറിന് എന്തുകൊണ്ടും അർഹനാണ്, അല്ലെങ്കിൽ ഈ മാസാവസാനം സർ ഇവിടെ വരില്ലല്ലോ”
അധികം താമസം ഉണ്ടാവോ….
“ബില്ല് അടിക്കണ്ട താമസം അത്രയേ ഉള്ളൂ “
മ്മ്…. എന്നാൽ എടുക്കു…..ലാസ്റ്റ് ബസ്സിൽ എനിക്ക് പോണം.
“സർ, ഓഫർ അഡ്വാൻസ് പേയ്‌മെന്റ് ആണ് സർ,”
പോക്കറ്റിൽ നിന്ന് നൂറ് രൂപയുടെ ഒരു നോട്ടും ഒരു പത്ത് രൂപ ടിപ്പും അയാൾക്ക് കൊടുത്തു
താങ്ക്യു സർ…. ഇപ്പൊ കൊണ്ടുവരാം… സാറിന് എന്റെയും, ഞങളുടെ ബാറിന്റെയും പേരിൽ ഞാൻ ഒരു നല്ല മന്ത്‌ എന്റും, ഒരു നല്ല വീക്ക്‌ എന്റും ആശംസിക്കുന്നു. ഹാപ്പി സന്തോഷ നിമിഷങ്ങൾ സർ….
സന്തോഷ നിമിഷങ്ങൾ.
അടുത്ത ഗ്ലാസ്സ് ചിക്കൻ പീസ് വന്നീട്ട് കഴിക്കാം എന്ന് കരുതി വെറുതെ മൊബൈലിൽ റീൽസ് നോക്കി ഇരുന്നു.

അയാൾ കാശ് കൊണ്ട് പോയിട്ട് പത്തു മിനിറ്റ് കഴിഞ്ഞു… ആളെ കാണാനില്ലല്ലോ…. പതിനഞ്ച് മിനിറ്റായി….. പണി പാളിയോ???
പത്ത് മിനിറ്റ് കൂടി നോക്കാം….. അര മണിക്കൂർ കഴിഞ്ഞു. പണി പാളിയെന്ന് മനസ്സിലായിപ്പോൾ ഗ്ലാസിൽ ബാക്കിയുള്ളത് കഴിച്ച് എണീറ്റു….
ബസ് കിട്ടിയില്ലേൽ വീട്ടിലേക്ക് നടക്കണം… ഓട്ടോക്ക് കൊടുക്കാൻ കാശില്ല്യ… .
ഗേറ്റ് എത്തുമ്പോളേക്കും ലാസ്റ്റ് ബസ് കടന്ന് പോയി. ഇനി നടക്കുകയെ രക്ഷയുള്ളൂ.
പുറത്തിറങ്ങിയപ്പോൾ ഒരാൾ റോഡിന്റെ സൈഡിൽ ബാറിന്റെ മതിലിൽ ചാരി നിന്ന് അതിലെ വേഗത്തിൽ ബാറിലേക്ക് നടന്ന് വരുന്ന ഒരാളെ ഉറക്കെ തെറി പറയുന്നു.
“അൻപത് രൂപ തരാൻ നിനക്ക് പറ്റില്ലാല്ലടാ #₹₹₹%… എന്നാണ്ടാ നീയൊക്കെ ഇത്ര മാന്യനായത് #₹₹₹%? “
ആളെ വെറുതെ ശ്രദ്ധിച്ചു, കറുത്ത പാന്റ്, വെള്ള ഷർട്ട്‌. ഇരുട്ടിൽ മുഖം വ്യക്തമല്ല. അപ്പോൾ അത് വഴി കടന്ന് പോയ വണ്ടിയുടെ ലൈറ്റിൽ അയാളുടെ മുഖം വ്യക്തമായി കണ്ടു.
“രാവിലെ തൊട്ട് ഇവിടെ വന്ന് ഇരന്നു കാശ് വാങ്ങി ഈ നിലക്ക് ആകും, ഒരു പണിക്കും പോവില്ല്യാ ” അയാൾ ബാറിന്റെ പടി കടക്കുമ്പോൾ ആരോടോ എന്ന പോലെ തന്നോട് പറഞ്ഞു.
നൂറ്റിമ്പത് രൂപക്ക് എന്തായാലും ഇത്രക്ക് ആവില്ല്യാ. അപ്പൊ ഞാൻ മാത്രല്ല ….. വേറെയും ആൾക്കാരുടെ കാശ് പോയിണ്ട്….
വീട്ടിലേക്കു വലിഞ്ഞു നടക്കുമ്പോൾ സ്വയം സമാധാനിച്ചു.

പോക്കറ്റിൽ കിടന്ന് ഫോൺ ബെല്ലടിച്ചു.
അരികില്ലെങ്കിലും അറിയുന്നു ഞാൻ……
കെട്ട്യോള് ആണ്….
“എന്താടി….? “
“വരാറായില്ലേ? “
“വന്നോണ്ടിരിക്ക്യല്ലേ?” നൂറ്റി അറുപതു രൂപ പറ്റിക്കപ്പെട്ട ഈർഷ്യ മുഴുവൻ പുറത്ത് വന്നു.
“അതെനിക്കെങ്ങനെ അറിയാനാ?” അവളും അവസരത്തിനോത്ത് ഉയർന്ന് തന്നെ ആയിരുന്നു.
“എന്തൂട്ടിനാ വിളിച്ചേന്ന് പറയ്?”
“പാല് വാങ്ങാൻ മറക്കണ്ടാ “
“ഈ നേരത്താണോ ഇത് പറയാ…. കടയൊക്കെ അടച്ചു…..”
“ഞാൻ രാവിലെ പറഞ്ഞതല്ലേ….. ഇപ്പൊ ഒന്നുകൂടി ഓർമ്മിപ്പിച്ചതാണ് … നാളെ രാവിലെ പാൽ ചായ കുച്ചണങ്ങെ മതി.”
“ഞാൻ കട്ടൻ ചായ കുടിച്ചോളാം…. നീ ഫോൺ വെച്ചോ…. I have miles to go before sleep “
“എന്തുട്ട്?”
“ഒന്നുല്ല്യ….. നീ ഫോൺ വെച്ചോ, ഞാൻ വീട്ടിലേക്കു നടക്കുകയാണെന്ന്…..”
“അപ്പെന്താ ബസ് കിട്ടില്ല്യേ?” ന്ന് ചോദിക്കണത് ഫോൺ കട്ട്‌ ചെയ്യുമ്പോ കേട്ടു.

സുമേഷ് കെ മനക്കുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *