അന്ന് ആ വീടിന് ഒരു പ്രത്യേക അഴകായിരുന്നു. വെളിച്ചവും ചിരിയും മായാതെ നിന്ന നാളുകൾ. മാധവന്റെയും ദേവികയുടെയും കുഞ്ഞു ലോകത്തിലേക്ക് അനന്യ വന്നതോടെ ആ വീട് കൂടുതൽ പ്രകാശഭരിതമായി. സന്തോഷത്തിന്റെ ആ കൊച്ചു സാമ്രാജ്യത്തിലേക്ക് അടിയൊഴുക്കുകൾ എപ്പോഴാണ് വന്നുതുടങ്ങിയതെന്ന് ആരും അറിഞ്ഞില്ല.
​പെട്ടെന്നൊരു പ്രഭാതത്തിലാണ് ആ ശാന്തത തകർന്നടിഞ്ഞത്.
​കിടപ്പുമുറിയിലെ ഉത്തരത്തിൽ ദേവിക തൂങ്ങിനിൽക്കുന്നത് കണ്ട് ഗ്രാമം നടുങ്ങി. മാധവൻ തലയിൽ കൈവെച്ച് നിലവിളിച്ചു. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിലവിളിക്കാൻ പോലും മറന്ന് അനന്യ തറഞ്ഞുനിന്നു. വല്ലാത്തൊരു ‘ആത്മഹത്യ’യായി നാട്ടുകാർ അതിനെ എഴുതിത്തള്ളി.

പക്ഷേ, ദേവികയുടെ ചിതയിലെ ചാരം ആറും മുൻപേ തന്നെ ആ വീട്ടിലെ കാര്യങ്ങൾ മാറിമറിഞ്ഞു. അമ്മ മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ മാധവൻ മറ്റൊരു സ്ത്രീയെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു—മാലിനിയെ. മാധവന്റെ പണ്ടത്തെ ഇഷ്ടക്കാരിയായിരുന്നു മാലിനി. ആ വരവോടെ, ആ വീടിന്റെ അന്തരീക്ഷം ആകെ മാറി.
​അച്ഛൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ആ വീടൊരു നരകമായി മാറും. എട്ടാം ക്ലാസ്സുകാരിയായ അനന്യയെക്കൊണ്ട് വീട് തുടപ്പിക്കലും പാത്രം കഴുകിക്കലും തുണി അലക്കലുമെല്ലാം മാലിനി ചെയ്യിപ്പിച്ചു. ഒരിക്കൽ, പട്ടിണി സഹിക്കാനാവാതെ അടുക്കളയിലെ ബാക്കിവന്ന ഭക്ഷണമെടുത്തു കഴിക്കുമ്പോൾ മാലിനി അത് കണ്ടു.
​”കള്ളി! തിന്നാൻ മാത്രം ഒരുത്തി! ഇറങ്ങിപ്പോടീ പുറത്തേക്ക്!”
​കണ്ണീരോടെ കൈകൂപ്പി അനന്യ കരഞ്ഞു. “അമ്മേ… വിശന്നിട്ടാ… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല…”
ആരെടീ നിന്റെ അമ്മ? ഇനി മേലാൽ എന്നെ അമ്മ എന്ന് വിളിച്ചാൽ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും! കേട്ടോടീ?” മാലിനി അവളുടെ മുഖത്തടിച്ചു. “ഇത് അച്ഛനോട് പറയാൻ പോയാൽ… നിന്റെ അമ്മ പോയ വഴിക്ക് നിന്നെയും ഞാൻ അയക്കും!”

ആ ഭീഷണിക്ക് മുന്നിൽ അനന്യ തളർന്നുപോയി. വൈകുന്നേരം മാധവൻ എത്തുമ്പോൾ മാലിനിയുടെ മട്ടാകെ മാറും. വ്യാജമായ കണ്ണീരോടെ അവൾ മാധവന്റെ മുന്നിൽ അഭിനയിക്കും. മാധവന്റെ ചെവിയിൽ ചെയ്യാത്തതും പറയാത്തതുമായ നൂറ് കുറ്റങ്ങൾ വിഷം നിറച്ച നാവാൽ കുത്തിനിറയ്ക്കും. അച്ഛന്റെ സ്നേഹം നിറഞ്ഞ കണ്ണുകളിൽ മകളോട് കടുത്ത വെറുപ്പ് പടർന്നു.
​സ്വന്തം അച്ഛൻ പോലും തന്നിൽ നിന്ന് അകന്നുപോയത് അനന്യ വേദനയോടെ തിരിച്ചറിഞ്ഞു. എങ്കിലും, പകൽ സമയത്തെ പീഡനങ്ങൾക്കും രാവിലത്തെ പട്ടിണിക്കും ശേഷം, രാത്രി വീട് നിശബ്ദമാകുമ്പോൾ അനന്യ തന്റെ ഇരുട്ടുമുറിയിൽ മറ്റൊരു ലോകം തുറക്കുകയായിരുന്നു.
അമ്മ പണ്ട് പഠനത്തിനായി ഉപയോഗിച്ചിരുന്ന, ആരും ശ്രദ്ധിക്കാതെ തട്ടിൻപുറത്ത് ഉപേക്ഷിച്ച പഴയൊരു ലാപ്ടോപ്പ് അവൾ കൈക്കലാക്കിയിരുന്നു. രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ, ബെഡ്ഷീറ്റിനടിയിൽ വെളിച്ചം പുറത്തുപോകാത്തവിധം മറച്ചുപിടിച്ച് അവൾ ആ ലാപ്ടോപ്പ് ഓൺ ചെയ്യും. പുറമെ ഒരു സാധാരണ സ്കൂൾ കുട്ടിയായിരുന്നെങ്കിലും, ഡിജിറ്റൽ ലോകത്ത് അവൾ ഒരു അത്ഭുതമായിരുന്നു.

​അന്താരാഷ്ട്ര തലത്തിലുള്ള പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, കൃത്രിമബുദ്ധി (AI) പ്രോജക്റ്റുകൾ എന്നിവയിൽ ‘ആര്യ’ എന്ന വ്യാജപേരിൽ അവൾ പങ്കെടുത്തു. രാത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള അധ്വാനത്തിൽ അവൾ നിർമ്മിച്ച ഡിജിറ്റൽ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ ആഗോള സാങ്കേതിക രംഗത്ത് വലിയ തരംഗമുണ്ടാക്കി. അമ്മയുടെ ഓർമ്മ നിലനിർത്താൻ അവൾ തുടങ്ങിയ ഡയറിയിൽ ഇതൊക്കെ കുറിച്ചുവെക്കുകയും, തനിക്ക് ലഭിക്കുന്ന വലിയ തുകകൾ വിദേശ അക്കൗണ്ടുകളിൽ സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ ഈ വിവരം ആ വീടിന്റെ അതിരുകൾക്ക് പുറത്തുപോയിരുന്നില്ല.
​ഒടുവിൽ അസൂയയും വെറുപ്പും മൂത്ത മാലിനി അതിലും വലിയൊരു ദ്രോഹത്തിന് മുതിർന്നു. അനന്യയെ പൂർണ്ണമായും ഒഴിവാക്കാനായി അവൾ പായസത്തിൽ കൊടുംവിഷം കലർത്തി. അതു കുടിച്ച അനന്യ മുറിക്കുള്ളിൽ അബോധാവസ്ഥയിലായി വീണു.

അതേസമയം, പുറത്ത് വലിയൊരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടു. വിദേശികളും പ്രമുഖരായ വൻ വ്യവസായികളും അടങ്ങുന്ന സംഘമാണ് അതിൽനിന്ന് ഇറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയുടെ പ്രതിനിധികളും ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ വർമ്മയും ആയിരുന്നു അവർ. ഗ്ലോബൽ ടെക് ലോകത്തെ ഞെട്ടിച്ച ‘ആര്യ’ എന്ന പ്രതിഭയെ തേടി, IP അഡ്രസ് പിന്തുടർന്നാണ് അവർ ആ ഗ്രാമത്തിലെത്തിയത്.
​”ഞങ്ങൾക്ക് ആര്യ എന്ന അനന്യയെ കാണണം, കോടികളുടെ കരാറിൽ ഒപ്പിടാനാണ് ഞങ്ങൾ വന്നത്” എന്ന് കേട്ടപ്പോൾ മാധവനും മാലിനിയും പകച്ചുപോയി. മുറിയിൽ പോയി നോക്കിയ മാധവൻ കണ്ടത് ബോധമറ്റുകിടക്കുന്ന മകളെയാണ്.

നാട്ടുകാരുടെ മുന്നിൽ അവൾ ആത്മഹത്യ ചെയ്യാൻ നോക്കിയതാണെന്ന് വരുത്തിത്തീർക്കാൻ മാലിനി ശ്രമിച്ചെങ്കിലും, അവസ്ഥ ഗുരുതരമാണെന്ന് മനസ്സിലാക്കിയ വന്നവർ ഉടൻതന്നെ അനന്യയെ നഗരത്തിലെ വലിയ ആശുപത്രിയിലേക്ക് എത്തിച്ചു.
ആശുപത്രിയിൽ വെച്ച് വിദഗ്ദ്ധ ചികിത്സയിലൂടെ അനന്യയുടെ ജീവൻ രക്ഷപ്പെട്ടെങ്കിലും, അതൊരു ആത്മഹത്യാശ്രമമല്ല, വിഷം ഉള്ളിൽ ചെന്നതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അതിനിടയിലാണ് അനന്യയുടെ മുറി പരിശോധിച്ച വർമ്മയ്ക്ക് അവളുടെ മേശപ്പുറത്തുനിന്ന് ആ പഴയ ലാപ്ടോപ്പും അതിനടുത്തായി ഒളിപ്പിച്ചുവെച്ച ഡയറിയും ലഭിക്കുന്നത്. ലാപ്ടോപ്പിലെ വിവരങ്ങളും ഡയറിയും വായിച്ച വർമ്മ സത്യമെല്ലാം തിരിച്ചറിഞ്ഞു.
​ആശുപത്രിമുറിക്ക് പുറത്ത് പൊലീസും നാട്ടുകാരും തടിച്ചു കൂടിനിൽപ്പുണ്ടായിരുന്നു. വർമ്മ ആ ഡയറിയും ലാപ്ടോപ്പും ഉയർത്തിപ്പിടിച്ചുകൊണ്ട് മാധവന്റെയും മാലിനിയുടെയും നേരെ തിരിഞ്ഞു.
സാറും കൂട്ടരും ഇനി അഭിനയിക്കേണ്ട… ലോകം മുഴുവൻ ആദരിക്കുന്ന ഒരു കൊച്ചു പ്രതിഭയെയാണ് നിങ്ങൾ പട്ടിണിക്കിട്ട് പീഡിപ്പിച്ചത്. പോരാഞ്ഞ് അവൾക്ക് വിഷം കൊടുത്തു കൊല്ലാനും നോക്കി. ഈ ഡയറിയിലെ ഓരോ വരിയിലും ആ കുഞ്ഞിന്റെ ചോരയും കണ്ണീരുമുണ്ട്. പക്ഷേ, അതിനേക്കാൾ വലിയൊരു സത്യം ഇതിലുണ്ട്!

ദേവിക തൂങ്ങിമരിച്ചതല്ല! സ്വന്തം ഇഷ്ടക്കാരിയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വേണ്ടി മാധവനും മാലിനിയും ചേർന്ന് ആ പാവത്തിനെ ശ്വാസം മുട്ടിച്ചു കൊന്നതാണ്! അമ്മയുടെ കൊലപാതകം ജനലിലൂടെ കണ്ട ആ പത്തു വയസ്സുകാരിയുടെ ഭയമാണ് നിങ്ങൾ ഇതുവരെ മുതലെടുത്തത്! ലോകം അറിയപ്പെടുന്ന കോടീശ്വരിയായി മാറിയിട്ടും, അച്ഛൻ തിരികെ സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് അവൾ ഈ നരകത്തിൽ കഴിച്ചുകൂട്ടിയത്!”
വർമ്മയുടെ വാക്കുകൾ കേട്ട് ചുറ്റും നിന്നവർ നടുങ്ങിപ്പോയി. പൊലീസ് മാധവന്റെയും മാലിനിയുടെയും കൈകളിൽ വിലങ്ങിടാൻ അടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ആശുപത്രിമുറിയുടെ വാതിൽ തുറന്ന്, ഡ്രിപ്പ് ഇട്ട കൈകളോടെ അനന്യ പുറത്തേക്ക് വന്നത്. കൈകൾ കൂപ്പി, കണ്ണീരോടെ അവൾ വർമ്മയുടെ മുന്നിൽ അപേക്ഷിച്ചു.

“വേണ്ട… അവരെ ഒന്നും ചെയ്യരുത്… എന്റെ അച്ഛനെയും അമ്മയെയും വെറുതെ വിടണം… പ്ലീസ്…”
​തങ്ങളെ കൊല്ലാൻ വരെ മടിച്ചവർക്ക് വേണ്ടി, ലോകപ്രശസ്തയും സമ്പന്നയുമായിട്ടും ആ കുഞ്ഞ് യാചിക്കുന്നത് കണ്ടപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ കൊടും ക്രൂരതയ്ക്കും കൊലപാതകത്തിനും മുന്നിൽ, സ്വാധീനമുള്ള ആ പ്രമുഖരുടെ മുന്നിൽ, കൈകൂപ്പി നിൽക്കുന്ന ആ പെൺകുട്ടിയുടെ മഹാമനസ്കതയ്ക്ക് മുന്നിൽ മാധവനും മാലിനിയും തകർന്നുപോയി. തങ്ങളുടെ അഹങ്കാരമെല്ലാം തവിടുപൊടിയായി അവർ രണ്ടാളും ആ കുഞ്ഞിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു.

എന്നാൽ നിയമത്തിന് മുന്നിൽ അത് അവസാനിച്ചില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാലിനിയുടെ ക്രൂരമായ ലക്ഷ്യത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. തന്റെ സ്വന്തം രക്തത്തിൽ പിറന്ന മകന് മാധവന്റെയും അനന്യയുടെയും സമ്പത്തും സ്വത്തുക്കളും പൂർണ്ണമായി കൈക്കലാക്കാൻ വേണ്ടിയാണ് അവൾ അനന്യയ്ക്ക് പായസത്തിൽ വിഷം കലർത്തി നൽകിയത്.

ദിവാകരൻ പി കെ.

By ivayana