രചന : അനീഷ മാത്യു ✍️
ആത്മഹത്യകളാണ് ചുറ്റും കേൾക്കുന്നത് ….
വല്ലാതെ നമ്മെ പിടിച്ചുലയ്ക്കുന്ന
വാർത്തകൾ …
ആത്മഹത്യ
ഭീരുക്കളുടേതാണ് എന്ന് ഒരു കൂട്ടർ.
അല്ല…
ഒരിക്കലുമല്ല.
ആത്മഹത്യ ചെയ്യണേൽ അപാര ധൈര്യം വേണം.
അല്ലേൽ നമ്മിൽ പലരും അത് ചെയ്യണ്ടതായിരുന്നു..
പേടിച്ചിട്ടല്ലേ…. ?
അതല്ലേ സത്യം …?
ഇങ്ങനെ ഇനി ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന തോന്നൽ വന്ന് നെഞ്ചത്ത് വലിയൊരു
കരിങ്കല്ലെടുത്തു വയ്ക്കുമ്പോ,
മരണത്തെ ക്ഷണിച്ച് വരുത്തി ഒപ്പം ഇറങ്ങി പോകാൻ ചില്ലറ ധൈര്യമൊന്നും പോരാ.
അതിൻ്റെ പകുതി ധൈര്യം മതി ഒരന്തോം കുന്തോമില്ലാതെ ജീവിക്കാൻ.
ഇത് എൻ്റെ മാത്രം അനുഭവമാണോ,
എൻ്റെ മാത്രം തോന്നലാണോ,
ആയിരിക്കില്ല.
മരണത്തെ മുഖാമുഖം കണ്ടിട്ടുള്ളവർക്കറിയാം,
കാലനെ നേർക്കുനേർ കണ്ടിട്ടുള്ളവർക്കറിയാം,
എത്ര ഭായനകമാണതെന്ന്.
സ്വന്തം ജീവിതത്തിലെ രണ്ടേടുകൾ ഒന്നിച്ചു പറയട്ടെ ….
അതുവരെ പരിചയമില്ലാത്ത രണ്ട് മനുഷ്യർ തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ എടുത്ത ആ അഞ്ചെട്ട് മിനിറ്റുകൾ
ഒരിക്കലും മറക്കാൻ കഴിയില്ലെനിക്ക്.
ആ രണ്ട് മനുഷ്യരെയും…
ജീവൻ നിലനിർത്താൻ ഓക്സിജനു പകരം വേറൊന്നും കിട്ടിയിട്ട് കാര്യമില്ലെന്ന് നമുക്കറിയാം. ഒരു മനുഷ്യൻ്റെ
normal blood oxygen saturation (SpO2) ലെവൽ 95% to 100% ആണ്.
അത് 63% ലേയ്ക്ക് താഴ്ന്നുപോയാൽ എന്താ അവസ്ഥാന്നറിയുമോ?
അടിപൊളിയാണ്…
കാലനുമായ് നേർക്കുനേർ സംവദിക്കാൻ ഏതാനം നിമിഷങ്ങൾ കിട്ടും. എനിക്കതന്ന് കിട്ടി.
പക്ഷെ ….
പോയിട്ട് പിന്നെ വരാമോ എന്ന എൻ്റെ ആംഗ്യഭാഷ മനസിലാക്കിയ
കാലൻ പതിയെ പിൻവാങ്ങി.
അധികം വൈകിയില്ല …..
Helmet വയ്ക്കാതെ two-wheeler ൻ്റെ പിന്നിലിരുന്ന് സാഹസിക യാത്ര ചെയ്ത എൻ്റെ നേരേ,
കഴിഞ്ഞ തവണ നീ എന്നെ പറ്റിച്ചു, ഇപ്രാവശ്യം നിന്നെയും കൊണ്ടേ പോകു എന്ന് പറഞ്ഞ് ഇളിച്ചു കൊണ്ട് കാറിൻ്റെ രൂപത്തിൽ പിന്നെയും ചീറിപ്പാഞ്ഞ് കാലൻ.
തലയടിച്ച് റോഡിലേയ്ക്ക് വീണ,
കയ്യും കാലും തളർന്ന് നാവ് കുഴഞ്ഞ എന്നോട് ഒരു സംവാദത്തിനും താൽപര്യമില്ലാത്ത അയാൾടെ ഒപ്പം പോത്തിൻ്റെ പുറത്ത് കേറി എങ്ങനെ പോകും എന്ന് ചിന്തിക്കവേ ദേ പോയി…
എൻ്റെ ബോധം…
പിന്നെപ്പോഴോ കണ്ണ് തുറന്നപ്പോൾ ഞാൻ ഒരു പെട്ടിക്കുള്ളിൽ കിടക്കുകയാണ്, നല്ല തണുപ്പും…
അപ്പോ മരിച്ചു, ഞാനുറപ്പിച്ചു !
ആഹാ….എന്ത് സുഖമണിങ്ങനെ റിലാക്സ്ടായിട്ട് കിടക്കാൻ..
ചുമ്മാതാണോ ഈ കിടപ്പിനെ Rest in Peace എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതെന്ന് ആലോചിക്കവേ,
പുട്ട് തള്ളിയിടും പോലെ എന്നെ ആരോ പുറത്തേക്ക് തള്ളിവിട്ടു.
MRI scanner ലാണ് കിടന്നതെന്ന് അപ്പോഴാണ് മനസിലായത്..
ഞാൻ മരിച്ചിട്ടില്ല എന്ന യാഥാർത്ഥ്യവും.
ഇതൊക്കെ ഇവിടെ ഇപ്പോ പറഞ്ഞതെന്തിനാന്ന് വച്ചാൽ….
തൊട്ടടുത്തു വന്ന് സ്പർശിച്ചുപോയ മരണത്തെ ഭയമാണെന്ന് പറയാൻ മാത്രമല്ല ….
ഭയം ആയത് കൊണ്ട് മാത്രമല്ല ഞാൻ ആത്മഹത്യ ചെയ്യാതിരുന്നത് …
തക്കസമയത്ത് താങ്ങാൻ എനിക്ക് ചില മനുഷ്യരുണ്ടായത് കൊണ്ടാണ്..
ഇപ്പോഴും ഉള്ളത് കൊണ്ടാണ്.
ആത്മഹത്യയിലേയ്ക്ക് നടന്നുകൊണ്ടിരിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. ഒന്നു തിരിച്ചറിയാൻ, ചേർത്തുപിടിക്കാൻ, ഒപ്പമുണ്ടെന്ന് ഒരു കരസ്പർശം നൽകാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ..
മരണത്തെ ഭയന്നെങ്കിലും മനുഷ്യർ ആത്മഹത്യ ചെയ്യാതിരിക്കട്ടെ !!!

