രചന : വനജസുനിൽ ✍️
“ശവം” അവൻ പിറുപിറുത്തു.
.കൂടെ കിടക്കാൻ പറ്റില്ലെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോകാം കാശ് കൊടുത്താൽ കിട്ടാത്തതൊന്നുമല്ല..
പെണ്ണുങ്ങൾ ക്യൂ നിൽക്കും..
എപ്പോഴും വയ്യ വയ്യ എന്ന പല്ലവി മാത്രം.
അവൻ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി..
സാരു നിറഞ്ഞ കണ്ണുകളോടെ തല കുനിച്ചിരിന്നു..
അടിവയറ്റിൽ നിന്നും വരുന്ന വേദന വയറു മുഴുവൻ വ്യാപിക്കുന്നു..
കണ്ണുകൾമുറുകെ അടച്ചു പിടിച്ചു കൊണ്ട് വേദന അടക്കി പിടിക്കാൻ ശ്രെമിച്ചു..
ഡോക്ടറെ കാണിക്കണം എനിക്ക് തീരെ വയ്യ എന്ന് പറഞ്ഞപ്പോൾ ഗവണ്മെന്റ് ആശുപത്രിയല്ലേ അടുത്തുള്ളത് അവിടെ കാണിക്കാൻ വയ്യ തമ്പുരാട്ടിക്ക്..
എന്നുള്ള വഴക്കു കേൾക്കണം.
പക്ഷെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് നല്ലൊരു ഗൈനോഗോളജിസ്റ്റിനെ കാണിക്കു എന്നാണ്..
അതു പറഞ്ഞാൽ പൈസയില്ല എന്ന് പറയും..
അടുക്കളയിൽ ആരും സഹായത്തിനു വരില്ല.. മക്കളെ എന്തെങ്കിലും സഹായത്തിനു വിളിച്ചാൽ മക്കൾ മറുപടി പറയുന്നതിനേക്കാൾ മുൻപേ അങ്ങേര് പറയും നീ മിഷ്യൻ കല്ല് എടുക്കാൻ പോകുന്നില്ലല്ലോ വീട്ടിലെ പണിയല്ലേ അങ്ങോട്ട് ചെയ്യ്.
മക്കളെ വിളിക്കണ്ട അവർക്കു പഠിക്കാനുണ്ട്.
മൊബൈൽ നോക്കിയിരിക്കുന്ന മക്കൾ അച്ഛനെ നോക്കി വിരലുയർത്തി കാണിച്ചു പുഞ്ചിരിക്കും..
അച്ഛനും ചെറു ചിരി തിരിച്ചു കൊടുക്കും..
ഞാനില്ലെങ്കിൽ കാണാം നിങ്ങള്ക്ക് എന്നൊരു വെല്ലുവിളിയോടെ മെല്ലെ മെല്ലെ പണികളെല്ലാം ചെയ്ത് എല്ലാം മേശമേൽ എത്തിക്കുന്നു.
ഓ പിന്നെ നീയില്ലെങ്കിൽ ഞങ്ങൾ ജീവിക്കില്ല.. എന്നിട്ട് ഉറക്കെ അച്ഛനും മക്കളും ചിരി..
മടുത്തു.
ഈ വേദനയും സഹിച്ചു.. വെച്ചുണ്ടാക്കി കൊടുത്തു..
ഇത്തിരി ദയപോലുമില്ലാത്തവരുടെ കൂടെ ജീവിച്ചു മടുത്തു..
എനിക്ക് ജീവിക്കണമെന്നില്ല..
അവൾ നെഞ്ചുപൊട്ടി കരഞ്ഞു..
പെട്ടന്ന് വയറിൽ കൊളുത്തിപിടിച്ചൊരു
വേദനയിൽ അവൾ കിടന്നു പുളഞ്ഞു.
എപ്പോഴാണ് നടന്നത്.. അവസാന നിമിഷത്തിൽ വെള്ളം കൊടുത്തുലോ അല്ലെ.
ഉമ്മറത്തിണ്ണയിൽ കാലുകൾ മടക്കി അതിൽ തലയും ചായ്ച്ചു സങ്കടത്തിൽ ഇരിക്കുന്ന അയാളോട് അയൽവാസി ചോദിച്ചു.
ഉം.. വെള്ളം കൊടുത്തു..
എന്റെ സാരു വേദന കൊണ്ട് പുളയുമ്പോൾ എന്റെ കൈകൾ പിടിച്ചു നിറകണ്ണുകളോടെ പറഞ്ഞത് മക്കളെ നോക്കണം..
പതിനഞ്ചും പതിനാറും വയസ്സായ പെൺകുട്ടികളാണ്.. അവരെ നോക്കാൻ ‘ ഒരമ്മ കൂടെ വേണം.
ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കല്യാണം കഴിക്കണം.
മക്കളെ അനാഥരാക്കരുത്..
എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടാണ് അവൾ കണ്ണുകളടച്ചത്..
അതും പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു.
അയൽവാസികൾ അയാളുടെ വേദനയിൽ കണ്ണീർ വാർത്തു നിന്നു..
സാരു അയാളെ നോക്കി പല്ലു കടിച്ചു.
മക്കളെ നോക്കി
മക്കൾ മൊബൈലിൽ സ്റ്റാറ്റസ് ഇടുന്നുണ്ട്
‘”അമ്മ ഞങ്ങളെ വിട്ട് പോയി”
ഇനിയെന്തിനാണ് താൻ ഇവിടെ നിൽക്കുന്നത് സാരു നടന്നു വേദനകളില്ലാത്ത..
മനഃസമാധാനമുള്ള ആ “ഇടം “നോക്കി…

