ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലെ അന്നും അവർ തമ്മിൽ സംസാരം നടന്നു. കാര്യം പാലായിലുള്ള റബർ എസ്റ്റേറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടത് തന്നെ.
അന്നയ്ക്ക് അവളുടെ അപ്പൻ സമ്മാനമായി നൽകിയ തോട്ടം വിൽക്കാൻ അവൾ മുൻകൈയെടുത്തതിനെ ചാണ്ടി എതിർത്തു. “അതൊരു സ്വത്ത് മാത്രമല്ല, അപ്പന്റെ ഓർമയാണ്,” എന്നായിരുന്നു ചാണ്ടിയുടെ നിലപാട്. അന്നയുടെ വാദം മറ്റൊന്നായിരുന്നു. “ഉപയോഗമില്ലാതെ കിടക്കുന്ന സ്വത്ത് വിറ്റ് നല്ലൊരു കാര്യത്തിന് ഉപയോഗിക്കുന്നതാണ് ബുദ്ധി.”
രണ്ടുപേരും വക്കീൽമാരായിരുന്നതിനാൽ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പോലും നിയമത്തിന്റെയും ന്യായത്തിന്റെയും ഭാഷയിലായിരുന്നു. ഓരോരുത്തർക്കും അവരവരുടെ വാദങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും മണിക്കൂറുകൾ നീളുന്ന ചർച്ചകൾ നടക്കുമെങ്കിലും അവസാനം ചിരിച്ചുകൊണ്ട് അവസാനിക്കാറായിരുന്നു പതിവ്.

മക്കൾ രണ്ടുപേരും വീടിന്റെ മൂന്നാം നിലയിൽ പഠനത്തിലും കളികളിലുമായി സമയം ചെലവഴിക്കുകയായിരുന്നു. അപ്പന്റെയും അമ്മയുടെയും ഇത്തരം ചർച്ചകൾ അവർക്ക് പുതുമയല്ലായിരുന്നു.
എന്നാൽ അന്നത്തെ ദിവസം പതിവിൽനിന്ന് വ്യത്യസ്തമായിരുന്നു.
വാക്കുകൾക്ക് മൂർച്ച കൂടി. ഇരുവരും സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ആരും ആരെയും കേൾക്കാത്ത അവസ്ഥയായി.
രാവിലെ ഒന്നും മിണ്ടാതെ ചാണ്ടി തന്റെ ബാഗുമെടുത്ത് കാറിൽ കയറി.
ഗേറ്റിന് പുറത്ത് മക്കളുടെ സ്കൂൾ ബസ് കാത്ത് അന്നയും കുട്ടികളും നിൽക്കുകയായിരുന്നു. അവരെ കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ ചാണ്ടി കാർ മുന്നോട്ടെടുത്തു.
മക്കൾക്ക് അതു വല്ലാതെ വിഷമമായി.

എന്നിട്ടും അപ്പന്റെ കാർ തങ്ങളെ കടന്നുപോയപ്പോൾ അവർ കൈകൾ ഉയർത്തി ഉറക്കെ വിളിച്ചു.
“ബായ്… പപ്പാ…”
ചാണ്ടി തിരിഞ്ഞുനോക്കിയില്ല.
അൽപസമയത്തിനകം സ്കൂൾ ബസ് വന്നു. കുട്ടികൾ യാത്രയായി.
വീട്ടിൽ കയറിയ അന്ന ഒരു കപ്പ് കാപ്പിയുമായി ഡൈനിംഗ് ടേബിളിൽ ഇരുന്നു.
ചാണ്ടി യാത്രപോലും പറയാതെ പോയത് അവളുടെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഇതുവരെ അവരുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നു.
അതിനിടയിൽ മൊബൈൽ ഫോൺ വീണ്ടും വീണ്ടും ശബ്ദിച്ചുകൊണ്ടിരുന്നു.
ആരൊക്കെയോ തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു.
മനസ്സിന് ഒരു സമാധാനവുമില്ലാതിരുന്നതിനാൽ അന്ന ഒരു കോളിനും മറുപടി നൽകിയില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോൾ ചാണ്ടിയെ ഒന്നു വിളിക്കണമെന്ന് അവൾ തീരുമാനിച്ചു.
ഫോൺ എടുത്തുനോക്കിയപ്പോൾ ചാണ്ടി പലപ്രാവശ്യം വിളിച്ചിരുന്നതായി കണ്ടു.
ഹൃദയം ഒന്നു പിടഞ്ഞു.

ഉടനെ അവൾ തിരികെ വിളിച്ചു.
ഫോൺ എടുത്തത് ചാണ്ടിയായിരുന്നില്ല.
“മാഡം… ശ്രീ. ചാണ്ടിയുടെ ഭാര്യയാണോ?”
“അതെ…”
“സാറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദയവായി എത്രയും വേഗം എത്തണം.”
അന്നയുടെ കൈകൾ വിറച്ചു.
ഒന്നും ചിന്തിക്കാതെ അവൾ ആശുപത്രിയിലേക്ക് തിരിച്ചു.
വീട്ടിൽനിന്ന് ഏതാനും മിനിറ്റുകളുടെ ദൂരമേ ആശുപത്രിയിലേക്ക് ഉണ്ടായിരുന്നുള്ളൂ.
അവിടെ എത്തിയപ്പോൾ ചാണ്ടിയുടെ വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിരുന്നു.

അപ്പോഴാണ് ചാണ്ടിയുടെ ഫോണിൽനിന്ന് അവർക്കെല്ലാം വിവരം അറിയിച്ചിരുന്നതായി അന്ന മനസ്സിലാക്കിയത്.
അൽപസമയത്തിനുശേഷം അന്നയെ ഡോക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു.
ആ ഡോക്ടർ മറ്റാരുമായിരുന്നില്ല.
ചാണ്ടിയുടെ മൂത്ത സഹോദരൻ.
ആ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ്.
അന്നയെ ഇരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം ശാന്തമായി സംസാരിച്ചു.
“പേടിക്കേണ്ട… ചാണ്ടി ഇപ്പോൾ സുരക്ഷിതനാണ്.”
അന്നയുടെ കണ്ണുകൾ നിറഞ്ഞു.
ഡോക്ടർ തുടർന്നു.
“ഹൃദയാഘാതമായിരുന്നു. ഹൃദയധമനിയിൽ ഗുരുതരമായ ബ്ലോക്ക് ഉണ്ടായിരുന്നു. ഭാഗ്യത്തിന് നെഞ്ചുവേദന കൂടിയപ്പോൾ സമയം കളയാതെ നേരെ ആശുപത്രിയിലേക്ക് വന്നതാണ് ജീവൻ രക്ഷിച്ചത്. ഉടൻ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റന്റ് ഇട്ടു. ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.”
അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
“രാവിലെ നിന്നെ പലതവണ വിളിക്കാൻ ശ്രമിച്ചിരുന്നു. മക്കളോട് പോലും യാത്ര പറയാതെ പോയത് പിണക്കത്തിന്റെ പേരിലല്ല. നെഞ്ചുവേദന അസഹ്യമായി തുടങ്ങിയപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തുകയായിരുന്നു.”
അന്നയുടെ കണ്ണുനീർ ഒഴുകി.

രാവിലെ മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന എല്ലാ പരിഭവങ്ങളും ആ കണ്ണീരിൽ അലിഞ്ഞുപോയി.
കുറച്ചുദിവസത്തെ ചികിത്സയ്ക്കുശേഷം ചാണ്ടി വീട്ടിലേക്ക് മടങ്ങി.
ആ വീടിന് വീണ്ടും പഴയ ചിരിയും സന്തോഷവും തിരിച്ചുവന്നു.
ഒരു വൈകുന്നേരം ചായ കുടിച്ചുകൊണ്ടിരിക്കെ അന്ന ചാണ്ടിയുടെ കൈകൾ ചേർത്തുപിടിച്ചു.
“എനിക്ക് ആ എസ്റ്റേറ്റും വേണ്ട…
സ്വത്തും വേണ്ട…
ഒന്നും വേണ്ട…
എനിക്ക് നീ മാത്രം മതി.”
ചാണ്ടി ചെറുപുഞ്ചിരിയോടെ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
ആ നിമിഷം അവർക്കിടയിൽ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ആ മൗനം പറഞ്ഞത് ഒരേയൊരു സത്യമായിരുന്നു.
ജീവിതത്തിൽ സ്വത്തും സമ്പത്തും വീണ്ടും നേടാം. പക്ഷേ നഷ്ടപ്പെട്ട ജീവിതവും നഷ്ടപ്പെട്ട സ്നേഹവും ഒരിക്കലും തിരിച്ചുകിട്ടില്ല.
പിണക്കങ്ങൾ കുടുംബജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഒരു പിണക്കവും സ്നേഹത്തേക്കാൾ വലുതാകരുത്. കാരണം, സമാധാനവും സന്തോഷവും തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്.

ജീ കുന്നേൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *