രചന : ദിവാകരൻ പി കെ, പൊന്മേരി ✍️
നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്നു വിനുമോഹൻ. സൽസ്വഭാവിയും കലാസാഹിത്യ രംഗത്ത് കഴിവ്തെളിയിച്ചവ്യക്തിത്വവുമായതുകൊണ്ടുതന്നെ നാട്ടിലെ പെൺകുട്ടികൾക്കെല്ലാം അവനോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നാൽ, വിനുവിനെ മറ്റാരെങ്കിലും കൊത്തിക്കൊണ്ടുപോകുമോ എന്ന് പേടിച്ച്, തക്കം കിട്ടുമ്പോഴൊക്കെ അവന്റെ മേൽ കുസൃതിക്കണ്ണുമായി ചാരിനിൽക്കാൻ ഒരാളുണ്ടായിരുന്നു—അവന്റെ മുറപ്പെണ്ണായ ചാരുലത എന്ന ചാരു.
“വിനുവേട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. വിനുവേട്ടനല്ലാതെ വേറൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. എനിക്കെന്താ ഒരു കുറവ്, അത് പറഞ്ഞിട്ട് പോയാൽ മതി!” ഒരു വൈകുന്നേരം വഴിയിൽ തടഞ്ഞുനിർത്തി ചാരു ചോദിച്ചു.
വിനു ചിരിച്ചു: “ചാരു, നീ സുന്ദരിയാണ്. സമ്പത്തും വിദ്യാഭ്യാസവും എല്ലാം നിനക്കുണ്ട്, ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല. ഞാൻ പറയണോ, നാട്ടുകാർക്ക് അറിയുന്നതല്ലേ അത്?”
”എന്നാ പിന്നെ എന്നെ അങ്ങ് കെട്ടിക്കൂടെ? ഓരോ കോന്തന്മാര് ദിവസവും പെണ്ണ് കാണാൻ വരുന്നത് വിനുവേട്ടൻ അറിയുന്നില്ലേ?”
”ചാരു, നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. കല്യാണത്തെക്കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്. എനിക്കൊരു വലിയ എഴുത്തുകാരനായി അറിയപ്പെടണം. സോഷ്യൽ മീഡിയയിൽ എനിക്ക് ലക്ഷക്കണക്കിന് വായനക്കാരുണ്ട്. എന്റെ ചിന്തകളെയും ഭാവനകളെയും മനസ്സിലാക്കുന്ന ഒരാളാവണം എന്റെ ജീവിതത്തിലേക്ക് വരേണ്ടത്. ചാരുവിന് നല്ലൊരു ചെറുക്കനെ കിട്ടും, ഉറപ്പാണ്.”
വിനുവിന്റെ തണുപ്പൻ മറുപടി ചാരുവിൽ സങ്കടവും ദേഷ്യവും ഉണ്ടാക്കി. ദിവസങ്ങൾ കടന്നുപോയി. ചാരുവിന്റെ അച്ഛനും അമ്മയും പലതവണ വിനുവിന്റെ മാതാപിതാക്കളുടെ മുന്നിൽ കൈകൂപ്പി കെഞ്ചിപ്പറഞ്ഞു—തങ്ങളുടെ മകളെ വിനുവിന് നൽകണമെന്ന്. എന്നാൽ വിനുവിന്റെ വാശിക്ക് മുന്നിൽ അച്ഛനുമമ്മയ്ക്കും വഴങ്ങേണ്ടിവന്നു. തങ്ങളുടെ മകളെ ആവർത്തിച്ച് നിരസിച്ചതിൽ ചാരുവിന്റെ വീട്ടുകാർക്ക് വിനുവിനോടും കുടുംബത്തോടും വലിയ വിരോധമായി. അതോടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായി മുറിഞ്ഞു.
അതിനിടയിലാണ് വിനുവിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. താൻ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എഴുതുന്ന കഥകൾക്ക് കൃത്യമായി കമന്റ് ചെയ്യുന്ന, ആയിരക്കണക്കിന് ലൈക്കുകൾക്ക് നടുവിൽ തന്റെ ചിന്തകളെ പൂർണ്ണമായി മനസ്സിലാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാത പ്രൊഫൈലുമായി അവൻ അടുപ്പത്തിലാകുന്നു. പ്രൊഫൈൽ ചിത്രത്തിലെ അതിസുന്ദരിയായ പെൺകുട്ടിയുടെ രൂപവും അവളുടെ പ്രണയവർണ്ണനകളും വിനുവിനെ തീർത്തും ഭ്രാന്തനാക്കി.
ഒടുവിൽ വീട്ടുകാരെയും സാക്ഷിയാക്കി
അവൻ പ്രഖ്യാപിച്ചു:
“എന്റെ മനസ്സിൽ വേറൊരാളുണ്ട്! സോഷ്യൽ മീഡിയയിലൂടെ ഞാൻ കണ്ടെത്തിയ എന്റെ സങ്കൽപ്പത്തിലെ പെണ്ണാണത്. അവൾക്ക് ഞാൻ വാക്ക് കൊടുത്തുപോയി.”
ആ പ്രണയിനിയെ നേരിൽ കാണാൻ നഗരത്തിലെ പ്രശസ്തമായ ഒരു കഫേയിൽ വിനു എത്തിച്ചേർന്നു. കൈയിൽ റോസാപ്പൂക്കളുമായി, വലിയ പ്രതീക്ഷകളോടെ അവൻ കാത്തിരുന്നു.
എന്നാൽ കഫേയുടെ വാതിൽ തുറന്ന് അവന്റെ മേശയ്ക്കരികിലേക്ക് വന്ന രൂപത്തെ കണ്ടതും വിനുവിന്റെ കൈയിലിരുന്ന പൂച്ചെണ്ട് നിലത്തു വീണു!
രക്തം ഉറഞ്ഞുപോകുന്ന ഞെട്ടലോടെ അവൻ നോക്കിനിന്നു. പ്രൊഫൈൽ ചിത്രത്തിൽ കണ്ട ആ കവിതാമയമായ സൗന്ദര്യമായിരുന്നില്ല അത്. പ്രായം ചെന്ന, തികച്ചും അപരിചിതയായ ഒരു സ്ത്രീ! കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ കാണിച്ച് ആണുങ്ങളെ വഞ്ചിക്കുന്ന ഒരു തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അവൾ.
നഗരത്തിലെ കഫേയിൽ വച്ച് ആ വ്യാജ പ്രൊഫൈലിന്റെ യഥാർത്ഥ രൂപം കണ്ട വിനു ആകെ തകർന്നുപോയി. വർണ്ണപ്പകിട്ടാർന്ന ഡിജിറ്റൽ ലോകത്തിന്റെ ഭീകരമായ ചതിക്കുഴിയിലാണ് താൻ വീണതെന്ന് തിരിച്ചറിഞ്ഞ അവൻ, അവിടെനിന്ന് ഇറങ്ങിയോടി നേരെ തന്റെ അടുത്ത കൂട്ടുകാരനായ രഘുവിന്റെ മുറിയിലേക്കാണ് ചെന്നത്. വാതിലടച്ച്, ചുവരിലേക്ക് ചാരിയിരുന്ന് വിനു പൊട്ടിക്കരഞ്ഞു.
”എന്താടാ വിനൂ സംഭവിച്ചത്? നീ ആ കാണാൻ പോയ പ്രണയിനിയെ കണ്ടില്ലേ?”
രഘു പേടിയോടെ ചോദിച്ചു.
”എല്ലാം ചതിയായിരുന്നടാ രഘൂ…” വിനു നെഞ്ചത്തടിച്ച് പറഞ്ഞു.
വിനുവിന്റെ വാക്കുകൾ കേട്ട് രഘു അമ്പരന്നു.
രഘു ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു.
“കണ്ണുമൂടി സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും വ്യാജ അഭിനന്ദനങ്ങൾക്കും പിന്നാലെ പോകരുതെന്ന് എത്രവട്ടം ഞാൻ നിന്നോട് പറഞ്ഞു! അപ്പോഴൊന്നും നീ എന്റെ വാക്കുകൾക്ക് ചെവി തന്നില്ല, അനുഭവിച്ചോ… നിന്റെ ഓരോ വരിക്കും കവിതയ്ക്കും നെഞ്ചുപൊട്ടി ലൈക്ക് അടിച്ച, നിന്നെ ജീവന് തുല്യം സ്നേഹിച്ച ആ ചാരുവിനെ നീ കണ്ടില്ലെന്ന് നടിച്ചില്ലേ?
വിനു ഏത് അർദ്ധരാത്രിയിൽ ഫേസ്ബുക്കിൽ എഴുതിയിട്ടാലും മിനിറ്റുകൾക്കകം ആദ്യത്തെ ലൈക്കും കമന്റും ചാരുവിന്റേതായിരുന്നു…
“തൊട്ടുമുന്നിലെ മാണിക്യത്തെ ചവിട്ടിയരച്ചാണ് നീ ആ മിന്നാമിനുങ്ങിന് പിന്നാലെ പോയത്!”
എനിക്ക് തെറ്റിപ്പോയിടാ രഘൂ…”
വിനു കൂട്ടുകാരന്റെ കൈകൾ പിടിച്ച് കേണു.
“മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നത് എത്ര സത്യമാ. എനിക്ക് എന്റെ ചാരുവിനെ വേണം. അവളുടെ മുന്നിൽ തലകുനിച്ചു നിൽക്കാൻ ഞാൻ തയ്യാറാണ്. നീ എന്നോടൊപ്പം അവളുടെ വീട്ടിലേക്ക് വരണം. ഞാൻ മാപ്പ് പറയാൻ തയ്യാറാണ്… എന്നെ സഹായിക്കണം.”
വിനുവിന്റെ കുറ്റബോധം കണ്ടപ്പോൾ രഘുവിനും സഹതാപം തോന്നി. അവൻ വിനുവിനെ ആശ്വസിപ്പിച്ച്, അച്ഛനെയും അമ്മയെയും കൂട്ടി ചാരുവിന്റെ വീട്ടിലേക്ക് പെണ്ണ് ചോദിക്കാൻ തയ്യാറായി പുറപ്പെട്ടു.
പക്ഷേ, ചാരുവിന്റെ വീട്ടുപടിയെത്തിയ വിനുവും രഘുവും ഞെട്ടിപ്പോയി. വീട് മുഴുവൻ ദീപാലംകൃതമാണ്! പന്തലിൽ കല്യാണമേളങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു.
വിനു തകർന്ന മനസ്സോടെ ഉമ്മറത്തേക്ക് കയറി. അവൻ തിരികെ വന്നതുകണ്ട് ചാരുവിന്റെ അച്ഛൻ തണുത്ത ശബ്ദത്തിൽ പറഞ്ഞു:
“നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്? ആവർത്തിച്ച് കെഞ്ചിയപ്പോഴും ഞങ്ങളെ ആക്ഷേപിച്ച് ഇറക്കിവിട്ടതല്ലേ? എന്റെ മകൾക്ക് സ്വന്തം അന്തസ്സും അഭിമാനവുമാണ് വലുത്. നിങ്ങളുടെ മുന്നിൽ തോറ്റുകൊടുക്കാൻ അവൾ തയ്യാറല്ല. നാട്ടിലെ പ്രമാണിമാരുടെ മകനുമായി അവളുടെ വിവാഹം ഉറപ്പിച്ചു. അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയറാണ് വരൻ. ഉടൻതന്നെ അവർ അമേരിക്കയിലേക്ക് പോകും, നാളെയാണ് കല്യാണം! അധികമാരെയും വിളിച്ചിട്ടില്ല.”
ആ വാക്കുകൾ വിനുവിന്റെ നെഞ്ചിലേക്ക് ആഞ്ഞുതറച്ചു. അപ്പോഴേക്കും അണിഞ്ഞൊരുങ്ങി ഉമ്മറത്തേക്ക് വന്ന ചാരു വിനുവിനെയും ഒപ്പം നിൽക്കുന്ന രഘുവിനെയും ഒന്നു നോക്കി. ആ കണ്ണുകളിൽ പണ്ട് കണ്ട പ്രണയമോ കുസൃതിയോ ഇല്ലായിരുന്നു; പകരം അവഗണനയും വല്ലാത്തൊരു ദൃഢതയും മാത്രം. അവൻ കേഴുന്ന കണ്ണുകളോടെ അവളെ നോക്കിയെങ്കിലും, അവൾ ഒന്നു പുഞ്ചിരിച്ച് അകത്തേക്ക് പോകാൻ തുടങ്ങവേ ശാന്തമായി പറഞ്ഞു:
“വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ വ്യാജ സത്യങ്ങളേക്കാൾ എത്രയോ മുകളിലാണ് വിനുവേട്ടാ, നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന മനുഷ്യരുടെ വില എന്ന് വൈകിയാണെങ്കിലും മനസ്സിലായല്ലോ… സന്തോഷം. ഉണ്ണാതെ പോകരുത്.”
ആ വാക്കുകൾ ഒരു തണുത്ത കത്തിപോലെ വിനുവിന്റെ നെഞ്ചിലേക്ക് ആഞ്ഞുതറച്ചു. തൊട്ടുമുന്നിൽ ഉണ്ടായിരുന്ന യഥാർത്ഥ സ്നേഹത്തെ തിരിച്ചറിയാതെ, സൈബർ ലോകത്തെ വ്യാജ സൗന്ദര്യങ്ങൾക്ക് പിന്നാലെ പോയി ജീവിതം കൈവിട്ടുപോയ ഒരു വിഡ്ഢിയായി വിനു ആ പന്തലിൽ തരിച്ചുനിന്നു.

