​കുടുംബത്തിന്റെ സ്നേഹത്തണലിലും സ്കൂൾ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ പങ്കുവെക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നിത്യവും ആശംസകൾ നേർന്നും ഞാൻ കൂടെയുണ്ടായിരുന്നു. ആ ബന്ധങ്ങൾ വളർന്ന് എഴുപത്തോളം ഗ്രൂപ്പുകളിൽ സജീവമായിരുന്ന ഞാൻ, പിന്നീട് എന്റെ രചനകളെ ആദരവോടെ നെഞ്ചിലേറ്റിയ സാഹിത്യ ഗ്രൂപ്പുകളിലും കൂടി സാന്നിധ്യം ഉറപ്പിച്ചതോടെ ആ സംഖ്യ എഴുപത്തിയഞ്ചിലേക്ക് ഉയർന്നു. എന്നാൽ ഇന്ന് ആ ഗ്രൂപ്പുകളിൽ എന്റെ മൗനം അലയടിക്കുന്നുണ്ടാകും. മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ട് ആകുലപ്പെടുന്ന മനസ്സിന് എങ്ങനെയാണ് ഒരു ശുഭദിനമോ ശുഭരാത്രിയോ ആശംസിക്കാൻ കഴിയുക? ആ സ്നേഹസംഗമം താൽക്കാലികമായി അസ്തമിച്ചിരിക്കുന്നു. മാധ്യമങ്ങൾ എരുവും പുളിയും ചേർത്ത് നുണകൾ പടച്ചുവിടുന്ന കാലത്ത് ഞാൻ ഇവിടെ കുറിക്കുന്നത് എന്റെ കണ്ണുകൊണ്ട് കണ്ട, അനുഭവിച്ച തികച്ചും സത്യസന്ധമായ വരികളാണ്.

​പുലർച്ചെ മൂന്നര മണി. നഗരം നിശബ്ദതയിൽ ആണ്ടുറങ്ങുന്ന സമയം. ലോകം അമേരിക്ക ഇറാൻ യുദ്ധഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, അതിനേക്കാൾ ഭീകരമായ ഒരു പരീക്ഷണം ഞങ്ങളെ തേടിയെത്തി. വാതിലിൽ മുഴങ്ങിയ ആ ഭീകര ശബ്ദം ഞെട്ടിച്ചുകൊണ്ട് എത്തിയത് ഒരു വലിയ ദുരന്തത്തിലേക്കായിരുന്നു. എയർ കണ്ടീഷണറിന്റെ തകരാറാണോ അതോ യുദ്ധത്തിന്റെ തുടക്കമാണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴേക്കും അധികൃതർ വാതിലുകൾക്ക് അപ്പുറമെത്തി. പാസ്പോർട്ടും ഐഡി കാർഡും ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള കർശന നിർദ്ദേശങ്ങൾ. ആയുധമില്ലാത്ത എന്നാൽ അതിശക്തമായ ഒരു വലയത്തിലായിരുന്നു ഞങ്ങൾ.

​അധികൃതരുടെ നടപടികൾ അവസാനിച്ചതോടെ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കണ്ടത് കൊടും ചൂടിലേക്കുള്ള പ്രയാണമാണ്. സൂര്യൻ ഉദിച്ചുയർന്ന് ഉച്ചവെയിൽ ചുട്ടുപൊള്ളുന്ന ആ സമയം വരെ, വെള്ളമൊന്ന് കുടിക്കാനോ ശൗചാലയത്തിൽ പോകാനോ പോലും അനുവാദമില്ലാതെ ആയിരക്കണക്കിന് മനുഷ്യർ അവിടെ അണിനിരന്നു. രാവിലെ മുതൽ മൊബൈലിലെ അലാറങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ആ ഭയത്താൽ പ്രവാസികൾ എത്ര മാനസികമായി തളർന്നിരിക്കുന്നു എന്നത് വാക്കുകൾക്ക് അതീതമാണ്. ഓരോ നിമിഷവും ഉരുകി കഴിയുന്ന പ്രവാസികൾ എന്ന് കവിതകളിലൂടെയും കഥകളിലൂടെയും കേട്ടിട്ടുണ്ട്, എന്നാൽ അത് എത്ര ഭയാനകമായ യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

​ചെക്കിംഗിനായി കാത്തുനിൽക്കുന്നവർക്കിടയിൽ രോഗികളുണ്ടായിരുന്നു, പ്രായമായവരുണ്ടായിരുന്നു. അവർക്ക് ലഭിച്ചതാകട്ടെ ക്രൂരമായ പെരുമാറ്റം. പാസ്പോർട്ടും ഐഡി കാർഡും ഹാജരാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് നമ്മൾ നൽകിയ രേഖകൾ പരിശോധനയ്ക്ക് ശേഷം തിരികെ ചോദിക്കുമ്പോൾ, നാളെ വരിക, മറ്റന്നാൾ വരിക അല്ലെങ്കിൽ വേറെ ഓഫീസിലേക്ക് പോകുക എന്നിങ്ങനെയുള്ള മറുപടികളാണ് അധികൃതരിൽ നിന്നും ലഭിച്ചത്. നമ്മൾക്ക് അർഹതപ്പെട്ടതും നമ്മൾ സൂക്ഷിക്കേണ്ടതുമായ പാസ്പോർട്ടും ഐഡി കാർഡും അവരിൽ നിന്ന് തിരികെ ലഭിക്കാനായി ദിവസങ്ങളോളം അലയേണ്ടി വന്ന അവസ്ഥ വാക്കുകൾക്ക് അതീതമാണ്. ഇതിനിടയിൽ പാവങ്ങളുടെ കണ്ണീരിൽ കുതിർന്ന ചൂഷണങ്ങളും അരങ്ങേറി. സാധനങ്ങൾ മാറ്റാൻ ടാക്സിക്കാർ ചോദിക്കുന്നത് വലിയ തുകയാണ്. ഒരു ദിനാറിന്റെ ഓട്ടത്തിന് മൂന്നും അഞ്ചു ദിനാർ വരെ അവർ വാങ്ങുന്നു. ഒരു നേരത്തെ അന്തിയുറങ്ങാൻ അഞ്ചു ദിനാർ ചോദിച്ചവരും ഉണ്ട്.

​ഈ ദുരന്തത്തിന് പിന്നിൽ ബിൽഡിംഗ് ഉടമകളുടെ അത്യാഗ്രഹവുമുണ്ട്. മൂന്നു മാസം മുൻകൂട്ടി വാടക വാങ്ങിയ ശേഷം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും, അത് മറച്ചുവെച്ച് വാടക വാങ്ങാൻ അവർ മടിച്ചില്ല. ഒരു പതിനഞ്ച് ദിവസമെങ്കിലും സമയം തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് വേറെ താമസസ്ഥലം കണ്ടെത്താൻ സാധിക്കുമായിരുന്നു. ഇപ്പോൾ പുതിയ റൂമുകൾ അന്വേഷിച്ചു ചെന്നാൽ ബെഡ് സ്പേസിനായി ചോദിക്കുന്നത് സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വലിയ തുകയാണ്. അതും റൂം ലഭ്യമല്ലെന്നതാണ് അവസ്ഥ. കമ്പനി റൂം ഉപേക്ഷിച്ച് പുറത്തുപോയവർ ഇപ്പോൾ തിരികെ വിളിക്കുമ്പോൾ, അന്ന് പൈസ മതിയായിരുന്നല്ലോ എന്ന് ചോദിച്ചു അപമാനിക്കുന്ന മാനസികാവസ്ഥ വേറെയും.

​ഏതെങ്കിലും ഒരിടത്ത് അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അത് വളച്ചൊടിച്ച് നാട്ടിലെത്തിച്ച് വലിയ ഭീകരത സൃഷ്ടിക്കുന്ന പ്രവണത ഇക്കാലത്ത് വർദ്ധിച്ചിരിക്കുന്നു. പ്രവാസികളുടെ രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്: കേട്ടുകേൾവികൾ വിശ്വസിച്ചു മനസ്സ് പ്രയാസപ്പെടുന്നതിന് പകരം നിങ്ങളുടെ മക്കളെയോ ബന്ധുക്കളെയോ നേരിട്ട് വിളിച്ച് സത്യമെന്താണെന്ന് മനസ്സിലാക്കി സമാധാനത്തോടെ ഇരിക്കുക. ചാനലുകൾക്ക് റേറ്റിംഗ് കിട്ടാൻ വേണ്ടി എന്തും പറയാം, എന്തും ചെയ്യാം. നെറികെട്ട മാധ്യമപ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

​പറയേണ്ട കാര്യങ്ങൾ പറഞ്ഞിരിക്കും, അതൊരു എഴുത്തുകാരന്റെ ദൗത്യമാണ്. ഭയന്നുകൊണ്ട് സത്യം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കുന്ന പ്ലാറ്റ്‌ഫോമുകളോട് പറയാനുള്ളത് ഒന്നേ ഒന്നു മാത്രം; എഴുതാൻ പലയിടങ്ങളും ഉണ്ടാകും, അതിൽ ഒരു ഇടം മാത്രം മതി. ആ വരികൾ ആയിരത്തിൽ ഒരാൾക്ക് വെളിച്ചം പകരാൻ കഴിയുമെങ്കിൽ അതാണ് ആ എഴുത്തുകാരന്റെ വിജയം. പണ്ട് എഴുത്തുകാർക്ക് പരിമിതികൾ ഉണ്ടായിരുന്നു, പക്ഷേ അവർ തൂലിക പടവാളാക്കി മാറ്റി. മഹാകവി വള്ളത്തോൾ ഉജ്ജ്വലമായി ഉദ്ഘോഷിച്ചതുപോലെ, “ആയുധമെന്തിന്നു പാഴ്‌മഷിത്തണ്ടുകൾ, പോരുമോരോന്നായി കുറിക്കാനക്ഷരങ്ങൾ ഈ വരികൾ ഓർമ്മിപ്പിക്കുന്നത് അക്ഷരങ്ങൾക്ക് ആയുധത്തേക്കാൾ മൂർച്ചയുണ്ടെന്നാണ്. നെറികെട്ട മാധ്യമങ്ങൾ നുണകൾ പടച്ചുവിടുമ്പോൾ സത്യത്തിന്റെ പക്ഷം ചേർന്ന് അക്ഷരങ്ങളാൽ നമ്മൾ പ്രതികരിക്കണം. സത്യാവസ്ഥകൾ വിളിച്ചുപറയാൻ മടികാണിക്കരുത്, കാരണം അക്ഷരങ്ങൾ വെറും മഷിത്തണ്ടുകളല്ല, അവ അനീതിക്കെതിരെ പോരാടാനുള്ള അഗ്നിയാണ്. ആ അഗ്നി നമുക്ക് കാത്തുസൂക്ഷിക്കാം, പറയേണ്ട കാര്യങ്ങൾ ധൈര്യത്തോടെ തന്നെ വിളിച്ചുപറയാം.

​പ്രവാസികളായ സഹോദരങ്ങളോട് ഒരു അപേക്ഷ ഇതൊരു തിരിച്ചറിവിന്റെ സമയമാണ്. അധികൃതരുടെ നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് പാലിച്ച് നിയമപരമായ താമസസ്ഥലങ്ങളിലേക്ക് മാറാൻ ശ്രമിക്കുക. നമ്മൾ ഏത് മതവിഭാഗത്തിൽ പെട്ടവരായാലും ഈ പ്രവാസ ഭൂമിയിൽ എല്ലാവരും ഒരേ അനുഭവങ്ങൾ പങ്കുവെക്കുന്നവരാണ്. ഇന്ന് ഒരു റൂമിൽ വേക്കൻസി ഉണ്ടെന്ന് അറിയിക്കുമ്പോൾ അത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല, മറിച്ച് ഒരു സഹജീവിക്ക് താങ്ങാവാനുള്ള മലയാളിത്തത്തിന്റെ നന്മയാണ്. പരസ്പരം താങ്ങാവാനും വിവരങ്ങൾ പങ്കുവെക്കാനും നമുക്ക് കഴിയണം.

​പ്രവാസം ഒരു വലിയ സ്വപ്നമാണ്. ആ സ്വപ്നങ്ങൾക്ക് മുകളിൽ ഇത്തരം കരിനിഴലുകൾ വീഴുമ്പോൾ തളർന്നുപോകരുത്. നിയമങ്ങളെ മാനിച്ചുകൊണ്ട് ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം. വരാനിരിക്കുന്ന ദിനങ്ങൾ സമാധാനത്തിന്റേതാകട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മൾ അതിജീവിക്കും, കാരണം പ്രവാസിയുടെ മനസ്സ് അതിനുവേണ്ടി പാകപ്പെട്ടതാണ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *