കുഞ്ഞാണു സിറ്റി എന്നു പുരാണ പ്രസിദ്ധമായ സ്ഥലമാണ് ഞങ്ങളുടെ ചെറുപ്പത്തിലേ സമ്മേളന കേന്ദ്രം.കുഞ്ഞാണു പണിക്കൻ എന്ന വിശ്വ പ്രസിദ്ധനായ ആളുടെ ചായക്കടയാണ് അവിടത്തെ ഏക കച്ചവട സ്ഥാപനവും സാംസ്ക്കാരിക കേന്ദ്രവും.അന്നൊക്കെ മുടിഞ്ഞ തണുപ്പും മഴക്കാലത്തു ഭയങ്കര മഴയും ആയിരുന്നു.തുമ്പിക്കൈ വണ്ണത്തിൽ മഴപെയ്യുന്നത് ഞങ്ങൾ അന്നത്തെ ഇടുക്കിക്കാർ മാത്രമേ കണ്ടിട്ടുള്ളു.മഴ ആയാലും തണുപ്പായാലും അതിരാവിലെ അപകടത്തിൽ മരിച്ചവന്റെ തല കെട്ടുംപോലെ തോർത്തും മഫ്‌ളറുമൊക്കെ കെട്ടി കാർന്നോമ്മാർ പണിക്കന്റെ കടയിലെത്തും .പണിക്കൻ ടോയ്‌സ് കാറിന്റെ ബാറ്ററി ചാർജ്ജ് കുറഞ്ഞപോലെ നടന്നു ചായയുമെടുത്തു വരുമ്പോഴേക്കും അവർ മൂന്നുവട്ടം ഡൽഹിയിലും തിരുവനന്തപുരത്തും പോയി വരും.രാഷ്ട്രീയം തീ പിടിച്ചു നിൽക്കുമ്പോൾ ചൂട് ചായ എത്തും.കമ്യുണിസ്റ്റ് കാർക്ക് ഭൂരിപക്ഷമുള്ളയിടത്തു കൊണ്ഗ്രസ്സ്‌കാർ ഞെളിപിരികൊള്ളും.എന്നാലും
‘ ഹമ്പിളി സിമ്പിളി ഇന്ദിരാഗാന്ധി..’
എന്നു സ്നാപകയോഹന്നാനെ പോലെ മാത്തു ചേട്ടൻ വാതകത്തിന്റെ ശക്തിയിൽ ഇടയ്ക്കിടയ്ക്ക് ഗർജ്ജിച്ചു കമ്യുണിസ്ററുകളെ ഞെട്ടിക്കും.

പണിക്കൻ ചായ കിട്ടിയവരോട് “ഇവിടെയെന്താ പറഞ്ഞേ..”എന്ന്കൈ ചൂണ്ടി ചോദിച്ചു അടുത്തു വരും.എല്ലാവർക്കും ഒറ്റ ഉത്തരമേയുള്ളൂ.’പുട്ട് ‘.ഒരു നാട്ടുകാർ
‘ പുട്ടുകാരായത് ‘ എന്താണെന്ന് നിങ്ങൾ നെറ്റി ചുളിക്കും.അവിടെ പുട്ട് മാത്രമേയുള്ളൂ.എങ്കിലും ‘ഇവിടെയെന്താ പറഞ്ഞേ ‘ എന്നു ചോദിച്ചാലേ ഒരു സുഖം വരൂ.
ഒരിക്കൽ കമ്പൂച്ചിയെന്ന സണ്ണി ചായകുടിക്കാൻ ചെന്നു.പണിക്കൻ പതിവ് പോലെ ചോദ്യവുമായി വന്നു.ഇവിടെയെന്താ പറഞ്ഞേ ‘സണ്ണി പണിക്കനെ ഒരുമാതിരി ഒരു നോട്ടം നോക്കി.കുറെക്കാലമായി കേൾക്കുന്നു.അവൻ പണിക്കന്റെ കണ്ണിൽ നോക്കിയിട്ട് പറഞ്ഞു.” മൂന്നു പൊറോട്ടയും ഒരു ഇറച്ചിക്കറിയും.”

ഓർക്കാപ്പുറത്ത് തന്തയ്ക്ക് വിളി കേട്ടപോലെ പണിക്കൻ ഞെട്ടി.ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ‘ പൂട്ടേയുള്ളൂ ‘ എന്ന് പതുക്കെ പറ ഞ്ഞിട്ട് തിരിഞ്ഞു നടന്നു.
പണിക്കാൻ 12 മണിക്ക് വീടുപറ്റും. അവിടെ പ്രഭാത പൂജ മാത്രമേയുള്ളൂ.പിന്നെ കടയും * സിറ്റിയും ഞങ്ങളുടെ നിയന്ത്രണത്തിലാകും.ഞങ്ങളുടെ അറിവിന്റെയും ഭാവനയുടെയും ചക്രവാളം വികസിക്കുന്നത് ഇവിടെ നിന്നാണ്.വായിക്കുന്നവർ അതിനെക്കുറിച്ചു എല്ലാവർക്കും വേണ്ടി വിശദീകരിക്കുംസിനിമ കണ്ടവർ കഥപറയും. എന്തൊരു ജീവനായിരുന്നു ആ പറച്ചിലുകൾക്ക്!അവസ്സാനം രാവേറെക്കഴിയും വരെ ഓരോരോ പാട്ടുകൾ പാടി രാവിനെ മുഖരിതമാക്കും.അന്നൊക്കെ ഇരുട്ടിനും വലിയൊരു അഴകുണ്ടായിരുന്നു.സിറ്റിയിലെ വലിയൊരു റബ്ബർ മരമുണ്ട്.ഒത്ത ഒരാഞ്ഞിലിയുടെ വലുപ്പം.അതിൽ നിറയെ മിന്നാമിനുങ്ങുകളുടെ ദീപക്കാഴ്ച്ചയൊരുങ്ങും.അത് മലയിടുക്കിനും വനത്തിനുമിടയിൽ കുടുങ്ങിപ്പോയ ഞങ്ങളുടെ മോഹങ്ങൾ പോലെയായിരുന്നു.

നിലാവുള്ളപ്പോൾ മഞ്ഞും മലയും മരങ്ങളും കാറ്റും ഞങ്ങളും ഒന്നാകും. ഒരു ഒന്നൊന്നര റബ്ബർ മരമായിരുന്നു. ഞങ്ങളുടെ പേരപ്പന്റെ പറമ്പിലാണ് ആ റബ്ബർ മരം നിന്നത്. മറ്റ് റബറുകൾ സാധാരണ പോലെ വണ്ണം കുറഞ്ഞു ഈ ഒരു റബ്ബർ മാത്രം അസാമാന്യം വലിപ്പത്തിൽ ഭീകരമായ ഒരു ആഞ്ഞിലിയെക്കാൾ വലുപ്പത്തിലും ഉയരത്തിലും ഉള്ളതായിരുന്നു. ആ മരം കാണുമ്പോൾ പേരമയെ ഓർമ്മവരും. പേരമ്മ നല്ല തടിച്ച ശരീരപ്രകൃതി ആയിരുന്നു .പേരപ്പൻ മെലിഞ്ഞും. റോഡിനോട് ചേർന്ന് ഒരു മൂലയിൽ നിന്ന ആ മരത്തിൻറെ ചുവട്ടിൽ ആണ് ഞങ്ങൾ പലപ്പോഴും രാത്രിയിൽ കുത്തിയിരുന്ന് കഥകൾ പറഞ്ഞത്. ഡിസംബർ മാസത്തിൽ ജലാശയം പോലെ അന്തരീക്ഷം തണുത്ത് കിടക്കുമ്പോൾ ആ സുഖം നുണഞ്ഞ് കരിയിലകൾ കത്തിച്ച് തീ കാഞ്ഞുകൊണ്ട് കഥകൾ അതിസാദരം തുടരും . അതിൻറെ തൊട്ടപ്പുറത്ത് കൊടുക്കാ സിറ്റിയിലേക്ക് പോകുന്ന വഴിക്ക് റോഡ് അരികിൽ ഗോപാലൻ പണിക്കിന്റെ പറമ്പിൽ ഭീകരമായ ഒരു ഒരു പാല മരം ഉണ്ടായിരുന്നു. അതുകൊണ്ട് സന്ധ്യ കഴിഞ്ഞാൽ എല്ലാവരും നേരത്തെ വീട് പറ്റും. അതിൽ ഒന്ന് രണ്ട് യക്ഷികൾ ഉണ്ടെന്നാണ് അനുഭവസ്ഥർ പറഞ്ഞത്. മോനായിയുടെ അനിയൻ നളൻ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒക്കെ ചിലപ്പോഴൊക്കെ ആ പാല മരത്തിൽ നിന്ന് യക്ഷിയുടെ പാട്ട് കേട്ടിട്ടുണ്ടത്രേ. പകൽ ഇതുകേട്ട് ചിരിച്ച് അവനെ ഓടിച്ചു വിട്ടെങ്കിലും രാത്രിയിൽ ഒരു ചെറിയ പേടി തോന്നി. കോവൂരിനെയും ഇടമറുകിനേയും ഒക്കെ വായിച്ച് ദൈവത്തെ സൈഡാക്കിയെങ്കിലും രാത്രിയാകുമ്പോൾ പരമ്പരാഗതമായ ഒരു പേടി ചിലപ്പോഴൊക്കെ കയറി വരും. ഞങ്ങൾ രാത്രിയിൽ ഇരിക്കുന്നത് പാലയിൽ നിന്നും കഷ്ടിച്ച് അമ്പതു മീറ്റർ ദൂരത്താണ്.

“ആ പാലക്കും ഈ റബറിനും തമ്മിൽ എന്തോ ബന്ധമുണ്ട് “ഒരു ദിവസം പണിക്കത്തി മേരി ചേച്ചിയോട് താടക്ക് കൈ കൊടുത്തു നിന്നുകൊണ്ട് അതിപുരാതനമായ ഭാവത്തിൽ പറയുന്നത് കേട്ടു. അതുകേട്ട മേരി ചേച്ചി നട്ടുച്ചയാണെന്ന് വിചാരിക്കാതെ പേടിച്ചു ചാടി വീട്ടിനകത്ത് കയറി. കാരണം പാല അവരുടെ വീടിൻറെ നേരെ മുമ്പിലും റബ്ബർ വലതുവശത്ത് എതിർശയിലായി നിൽക്കുന്നു. ശരിക്കും ചെകുത്താനും കടലിനും ഇടയിൽ. ധൈര്യം സംഭരിച്ച് നിന്ന് കുഞ്ഞപ്പൻ ചേട്ടൻ ചോദിച്ചു “എന്താ പണികത്തി അങ്ങനെ പറഞ്ഞത്?”
“ചില ദിവസം ഈ മരത്തിൽ നിന്നും പാട്ടും കരച്ചിലും കേൾക്കാം”പണിക്കത്തി അതും പറഞ്ഞു ചായക്കടയിലേക്ക് ഇറങ്ങിപ്പോയി. കുഞ്ഞപ്പൻ ചേട്ടൻ നെറ്റിയുടെ മുകളിൽ കൈവെച്ച് പാലയിലേക്കും പിന്നെ റബറിലേക്കും നോക്കി. എന്നിട്ട് ചാടി തിണ്ണയിൽ കയറി. എന്നിട്ട് പുറത്തേക്ക് അർദ്ധവൃത്താകൃതിയിൽ നോക്കിയ ആ നോട്ടം അതിലെ ഭാവം ഞാൻ ലോക സിനിമയിൽ പോലും കണ്ടിട്ടില്ല. മോനായുടെ ചായക്കടയുടെ ഒരു മൂലയ്ക്കയാണ് ഈ വലിയ റബർ നിൽക്കുന്നത്. ഒരുപക്ഷേ രാത്രിയിൽ അവിടെ തങ്ങിയ ദിവസങ്ങളിൽ ഇവർ കേട്ട് കാണും.
പക്ഷേ ഞങ്ങൾ അതൊക്കെ കേട്ടെങ്കിലും പേടിയുടെ ഒരു കിരു കിരുപ്പ് ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ പോലെ ശരീരത്ത് കൂടി വളഞ്ഞുപുളഞ്ഞു പോയെങ്കിലും ഇരിപ്പൊന്നും നിർത്തിയില്ല. എന്നാൽ ദീർഘമായ ഇരിപ്പ് ഞാനും ബിജു മാത്രമായി എന്നതായിരുന്നു ചരിത്രം. വലിയ നിരീശ്വരവാദികൾ നേരത്തെ വീട്ടിൽ പോകാൻ തുടങ്ങി.

അന്നൊക്കെ എന്തുമാത്രം ചെറുപ്പക്കാരായിരുന്നു. വലിയ പോഷകാഹാരങ്ങൾ ഒന്നും കഴിച്ചില്ലെങ്കിലും നല്ല ഉശിരുള്ള ആണുങ്ങൾ. നാക്കും വാക്കും കയ്യൂക്കും ഉള്ളവർ. ഓരോരുത്തരും പണി കഴിഞ്ഞു വരുമ്പോൾ കഥകളുടെ ഓരോ പൊതികളും ആയിട്ടായിരിക്കും വരുന്നത്. അതങ്ങനെ രസകരമായി കൂട തുറന്ന് വിടും.
എല്ലാറ്റിനുമിടയിൽ മോനായിയുടെ മൂന്നു സ്റ്റെപ്പുള്ള ചിരി മുഴങ്ങുമ്പോൾ പാട്ടും കഥയും അപതാളത്തിലാകും.

ജോണിചേട്ടന്റെ പാട്ടു നിലാവിൽ അങ്ങനെ നിറയുന്നത് കണ്ടിട്ടുണ്ട്. എത്ര മനോഹരമായ ശബ്ദമായിരുന്നു. യേശുദാസ് പാടുന്നത് പോലെ തോന്നും. അവരുടെ വീട്ടിലെ മേശയുടെ വലുപ്പമുള്ള റേഡിയോയിൽ യേശുദാസ് പാടുമ്പോൾ അതിൻറെ ഒപ്പം അതുപോലെ തന്നെ ഇരുന്നു പാടുന്ന ജോണി ചേട്ടൻറെ ചിത്രം ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്. തമ്മിൽ തമ്മിൽ തർക്കിച്ച് വഴക്കിലേക്ക് നീങ്ങുമ്പോൾ ജോണി ചേട്ടൻ ഒരു വശത്തിരുന്ന് പതിയെ ഒരു പാട്ടു മൂളും. അതോടെ എല്ലാ കലാപവും ഒതുങ്ങും. എതിരെ റബർ മരങ്ങൾ ഇടയിലൂടെ രണ്ടു മലകൾ നിലാവിൽ തിളങ്ങി നിൽക്കുന്നുണ്ടാവും. മഞ്ഞു പെയ്തു പെയ്തു ഈറനായ പുല്ലുകളും ഇല ചാർത്തുകളും കാറ്റിൽ ഇരുണ്ട ചലിക്കുന്ന ചിത്രം പോലെ തലയാട്ടി നിൽക്കുമ്പോൾ ഞങ്ങൾ പാട്ടിൻറെ പാലാഴിയിൽ മുങ്ങി കുളിക്കും. ജോണി ചേട്ടൻറെ പ്രിയപ്പെട്ട ഗാനമാണ് “സന്ധ്യേ… കണ്ണീരിൽ എന്ത് സന്ധ്യ…” “ദുഃഖമേ നിനക്ക് പുലർകാല വന്ദനം…”ഇത് എനിക്ക് പ്രിയപ്പെട്ട ഗാനമാണ്. ഇത് രണ്ടും യേശുദാസിനെ കാളും ഭംഗിയായി പാടുമ്പോൾ അനുഭവിച്ച സുഖം. പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല.

എൻറെയും ജോണി ചേട്ടൻറെയും കസിൻ തമ്പി ചേട്ടൻ മരിച്ചതിന്റെ അടുത്ത ദിവസം അതുപോലെ ഞങ്ങളിരുന്നു. അന്ന് ഞാൻ വളരെ ചെറുതാണ് .”മുത്തു കോർക്കും പോലെ വിഷാദ സുസ്മിതം നീചൂടി എത്തുകില്ലേ നാളെ…”എന്നു പാടിയപ്പോൾ ഞാൻ ഉറക്കെ കരഞ്ഞത് കേട്ട് എല്ലാവരും കരഞ്ഞു. പിന്നെ കുറച്ച് ദിവസത്തേക്ക് ആരും പാട്ടുപാടി യില്ല.
സാബു,റോയി,സണ്ണി,ബേബി,കിന്നരൻ,പനങ്കൈ ,ബിജു പി.ഡി,ജോയ്, ചിപ്പിരി,നളൻ ,തങ്കപ്പൻ..അങ്ങനെ ഒത്തിരിപ്പേർ!ഇല്ലായ്മയിലും സന്തോഷം തുടിച്ചു നിന്ന നാളുകളെക്കുറിച്ച് ഓർക്കുമ്പോൾ ഹൃദയം നോവുന്നു.പനങ്കൈ സണ്ണിയും പണിക്കനും(മോനായിയുടെ അച്ഛൻ)മോനായിയും യാത്ര പറയാതെ പോയി. കിന്നരനും ഒരു മാസം മുമ്പ് വിടപറഞ്ഞു. എൻറെ അനിയനാണ്. നല്ല ആരോഗ്യവും ഫാൻ്റത്തിൻ്റെ ശരീരപ്രകൃതിയും ഉണ്ടായിരുന്നവൻ ഇളയവൻ പെട്ടെന്ന് അങ്ങനെ കടന്നു പോയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് രസകരമായ കാര്യങ്ങളുണ്ട്.

മരങ്ങളും മനുഷ്യരും മാറിപ്പോയി പുതിയ മനുഷ്യർ വന്നു. . വഴിയും വെളിച്ചവും വന്നു. രൂപ ഭംഗിയുള്ള വീടുകൾ ഉണ്ടായി. എല്ലാവരും മാറിപ്പോയി. പക്ഷേ മലകൾ മാത്രം മാറിയില്ല. വേനലും മഞ്ഞും മഴയും വസന്തവും ഹേമന്തവും ശിശിരവും എല്ലാം മാറി മാറി കയറി ഇറങ്ങി പോയിക്കൊണ്ടിരിക്കുന്നു പാലമരവും റബ്ബർ മരവും വെട്ടി വിറ്റു. യക്ഷികളും പേടിയും പാട്ടും കരച്ചിലും എങ്ങോട്ടോ പോയി. എങ്കിലും എത്രയോ കാതങ്ങൾ അകലെയാണെങ്കിലും ഞാൻ ഹൃദയം കൊണ്ട് സഞ്ചരിക്കാത്ത ദിവസങ്ങളില്ല. കാറ്റത്ത് പിറുപിറുത്തു കൊണ്ട് നിൽക്കുന്ന പാല മരത്തിന് ചുവട്ടിലൂടെ റബ്ബർ മരവും കഴിഞ്ഞ് കണ്ണുകൾ അടച്ചുകൊണ്ട് ഓടിപ്പോകും.
ഇപ്പോഴും ഒരു നറു നിലാവ് കാണുമ്പോൾ കുഞ്ഞാണു സിറ്റിയിലേക്ക് ഇറങ്ങി ചെല്ലാറുണ്ട്.ഒരു പഴയ പാട്ടിന്റെ ഈരടിയിലലിഞ്ഞങ്ങനെ ഇരിക്കാറുണ്ട്..
*സിറ്റി. കവലയ്ക്ക് ഇടുക്കിക്കാർ പറയുന്ന പേര്. ലോകത്തിലെ ഏറ്റവും കൂടുതൽ സിറ്റിയുള്ളത് ഇടുക്കിയിൽ ആയിരിക്കും 😀
,💙കുറുപ്പിനോടൊപ്പം ഉള്ള ചിത്രം 35 വർഷം മുമ്പുള്ള ഓർമ്മയിൽ നിന്നും ഞാൻ വരച്ചത്

റെജി ശങ്കർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *