രചന : മൗസാമി കല്ലറക്കൽ ✍️
ഒരുപാട് പേരുടെ വഞ്ചനയുടെ കഥകൾ കേൾക്കുമ്പോഴും, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ നമ്മൾ വിശ്വസിച്ചവർ തന്ന പണികൾ ഓർക്കുമ്പോഴും ഉള്ളിൽ തോന്നുന്ന വലിയൊരു ചോദ്യമാണിത്. “ഇനി ആരെ വിശ്വസിക്കും? എല്ലാവരും അവസാനം ചതിക്കില്ലേ?” എന്നൊരു പേടി നമ്മളിൽ പലർക്കുമുണ്ട്. പക്ഷേ, ഒരാളെയും വിശ്വസിക്കാതെ നമുക്ക് ഒരു ബന്ധവും മുന്നോട്ട് കൊണ്ടുപോകാനും പറ്റില്ല. അപ്പോൾ എങ്ങനെയാണ് ഒരാൾ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണോ എന്ന് നമ്മൾ തിരിച്ചറിയുക?
സത്യത്തിൽ, ഒരാളെ വിശ്വസിക്കാം എന്ന് ഉറപ്പിക്കാൻ വലിയ തത്വശാസ്ത്രങ്ങളുടെ ഒന്നും ആവശ്യമില്ല. നമ്മുടെ ജീവിതത്തിലെ വളരെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
അതിൽ ഏറ്റവും പ്രധാനം അവരുടെ വാക്കുകളല്ല, മറിച്ച് പ്രവർത്തികളാണ്. വലിയ വലിയ പ്രണയവാക്കുകൾ പറയുന്നതിലല്ല കാര്യം, അവർ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പ്രവർത്തിയിൽ കാണിക്കുന്നുണ്ടോ എന്നാണ് നമ്മൾ നോക്കേണ്ടത്. തരാൻ പറ്റാത്ത വാഗ്ദാനങ്ങൾ കൊടുത്ത് പിന്നീട് കൈമലർത്തുന്നതിനേക്കാൾ, പറയുന്ന ചെറിയ കാര്യങ്ങൾ പോലും വിശ്വസ്തതയോടെ ചെയ്യുന്ന ആളുകളെയാണ് നമുക്ക് വിശ്വസിക്കാൻ കൊള്ളുക.
അതുപോലെ തന്നെ പ്രധാനമാണ് ഒളിച്ചുകളികളില്ലാത്ത ഒരു പെരുമാറ്റം. കൂടെയുള്ള ആളിൽ നിന്ന് ഫോൺ ഒളിപ്പിച്ചു വെക്കുകയോ, എവിടെ പോകുന്നു ആരോടാണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ചൊക്കെ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുന്നതോ ഒക്കെ സ്വാഭാവികമായും സംശയം ഉണ്ടാക്കും. പേടികൊണ്ടോ അനുവാദം ചോദിക്കാനോ അല്ല, മറിച്ച് നമ്മളോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് കാര്യങ്ങളെല്ലാം തുറന്നു പറയുന്ന ഒരു സുതാര്യത അവരുടെ ഭാഗത്തുനിന്നുണ്ടായാൽ അവിടെ സംശയങ്ങൾക്ക് സ്ഥാനമുണ്ടാകില്ല.
പലരും വിചാരിക്കാറുണ്ട് വലിയ വലിയ കാര്യങ്ങളിലെ സത്യസന്ധതയാണ് പ്രധാനം എന്ന്. എന്നാൽ അങ്ങനെയല്ല, വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും കള്ളം പറയാത്തവരാണ് യഥാർത്ഥത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്നവർ. കാരണം, ചെറിയ കാര്യങ്ങളിൽ കള്ളം പറയുന്ന ഒരാൾക്ക് വലിയ കാര്യങ്ങളിലും നമ്മളെ പറ്റിക്കാൻ വലിയ മടിയുണ്ടാകില്ല.
ഇനി ഇതിനെല്ലാമപ്പുറം, നമുക്കൊരു തെറ്റ് പറ്റിയാൽ പോലും അത് തുറന്നു പറയാൻ തക്കവണ്ണം ഒരു കംഫർട്ട് നമുക്ക് ആ വ്യക്തിയിൽ നിന്ന് കിട്ടുന്നുണ്ടോ എന്ന് നോക്കുക. നമ്മൾ എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തുകയോ judge ചെയ്യുകയോ ചെയ്യാതെ, ശാന്തമായി കേൾക്കാൻ തയ്യാറാകുന്ന ഒരാളോട് നമ്മളും ഒന്നും ഒളിച്ചുവെക്കാൻ ആഗ്രഹിക്കില്ല. ആ ഒരു സുരക്ഷിതത്വമാണ് വിശ്വാസത്തിന്റെ അടിത്തറ.
ഒടുവിലായി, സ്വന്തം ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് ഈഗോ ഇല്ലാതെ സമ്മതിക്കാനും, ആ തെറ്റ് തിരുത്താനും തയ്യാറാകുന്ന മനസ്സ് അവർക്കുണ്ടാകണം. എന്റെ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്താൻ ഞാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രവർത്തിയിലൂടെ കാണിച്ചു തരുന്ന ആളുകളെ നമുക്ക് ധൈര്യമായി വിശ്വസിക്കാം.
വിശ്വാസമെന്നത് ഒരു ദിവസം കൊണ്ട് കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. അത് പടിപടിയായി നമ്മുടെ പെരുമാറ്റത്തിലൂടെ പടുത്തുയർത്തേണ്ട ഒന്നാണ്. ഒരുപക്ഷേ നിങ്ങളുടെ ഭൂതകാലത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ കാരണം മറ്റൊരാളെ വിശ്വസിക്കാൻ നിങ്ങൾക്ക് സമയമെടുക്കുന്നുണ്ടാകാം. അത് തികച്ചും സ്വാഭാവികമാണ്. സമയമെടുക്കുക, സാവധാനം മാത്രം ആളുകളെ വിശ്വസിക്കുക. ശരിയായ മനുഷ്യർക്ക് നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ എത്ര സമയം കാത്തിരിക്കാനും മടിയുണ്ടാകില്ല. ❤️
