രചന : കല ആർ ✍️
രാത്രി
മഴനനഞ്ഞ ഒരു
കറുത്തകാട്
ഒരു വെടിയൊച്ചയിൽ
ഉറക്കത്തിലായിരുന്ന കിളികൾ
പറന്നുയർന്നു
മലയിറങ്ങുന്ന
എവറെഡിയുടെ
അഞ്ചുബാറ്ററി
ടോർച്ചു വെട്ടവും
ഒരു നാടൻ തോക്കും
ഈറ്റപ്പാളി
വാതിലുകളിലെ മുട്ടലുകൾ
അങ്ങിങ്ങ് കൂവലുകൾ
മലഞ്ചരുവിൽ
പലയിടത്തുനിന്നുംവന്ന
മൂന്നാലു പന്തങ്ങളും
ടോർച്ചുവെട്ടവും ഒന്നുചേർന്നു
വീണ്ടും മലകയറുന്നു
മലമുകളിലെ ഒറ്റപ്പുര
കാലുകൾ കമ്പിൽ കെട്ടിയ
ഒരു കേഴമാനിനെ
ഇരുട്ടിൽനിന്നും
രണ്ടുപേർചുമന്ന്
വീടിനുപുറകിലെ
നാരകമരത്തിന്
ചുവട്ടിലായെത്തിച്ചു
പന്തങ്ങൾ നാട്ടിനിർത്തപ്പെട്ടു
ചോര തളംകെട്ടിയൊഴുകി
ഇറച്ചിയിൽ ആഞ്ഞുവീഴുന്ന
മൂർച്ചയുംകിതപ്പും
എല്ലാം തരംപോലെ മാറ്റുന്ന
കള്ളവളച്ചിരികളും
ഏല്ലാംനോക്കി
കൗതുകത്തോടെ നിന്ന
രണ്ട്കുഞ്ഞിക്കണ്ണുകൾ
ഈറപ്പൊളി വിടവിലൂടെ
കട്ടപിടിച്ചയിരുട്ടിൽ കണ്ടു
രണ്ടുജീവികളുടെ വേഗമേറിയ
ചലനങ്ങളും മുരളലും കിതപ്പും
തട്ടിമറിഞ്ഞപാത്രങ്ങളിലും
അമർന്നടങ്ങിയകിതപ്പിലും
ഭയംനിറഞ്ഞുമാറിയ നോട്ടവും
നാരകത്തിൽ ചാരിയ തോക്കിലേക്കു-
മതിൽ താളം പിടിക്കുന്ന കയ്യും
താഴെ ഒഴുകിപ്പരക്കുന്നചോരയു-
മപ്പോളൊരു കടങ്കഥയായി മാറി

